ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം രണ്ടാം ഫൈനല്‍ പ്രവേശനത്തിനരികില്‍ പഞ്ചാബ് കിങ്സ് വീണിരുന്നു. പഞ്ചാബിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഈ സീസണിലെ ആദ്യ ഫൈനലിസ്റ്റുകളാവുകയായിരുന്നു. മുല്ലാന്‍പൂരില്‍ നടന്ന ആദ്യ ക്വാളിഫയറില്‍ ഹോം ടീമിനെ പരാജയപ്പെടുത്തിയാണ് ബെംഗളൂരു ഫൈനലിലെത്തിയത്.
പഞ്ചാബ് ഉയര്‍ത്തിയ 102 റണ്‍സിന്റെ വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പത്ത് ഓവറില്‍ ആര്‍.സി.ബി മറികടക്കുകയായിരുന്നു. ഫില്‍ സാള്‍ട്ടിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് റോയല്‍ ചലഞ്ചേഴ്സ് ഫൈനലിലേക്കുള്ള എന്‍ട്രി നേടിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. പവര്‍ പ്ലേ അവസാനിക്കും മുമ്പ് തന്നെ ടീമിന്റെ നാല് മുന്‍നിര ബാറ്റര്‍മാര്‍ ഡഗ് ഔട്ടിലെത്തിയിരുന്നു. സുയാഷ് ശര്‍മയും ജോഷ് ഹേസല്‍വുഡും ചേര്‍ന്ന് പഞ്ചാബിന്റെ നടുവൊടിക്കുകയായിരുന്നു. ബെംഗളൂരു ബൗളര്‍മാരുടെ ആക്രമണത്തില്‍ 14.1 ഓവറില്‍ 101 റണ്‍സിന് പഞ്ചാബിന്റെ ഇന്നിങ്സ് അവസാനിച്ചിരുന്നു.
ഇതോടെ ഒരു മോശം റെക്കോഡും പഞ്ചാബ് കിങ്സ് സ്വന്തം പേരില്‍ കുറിച്ചു. ഐ.പി.എല്‍ ചരിത്രത്തില്‍ പ്ലേ ഓഫിലെ ചെറിയ രണ്ടാമത്തെ ടീം ടോട്ടലാണ് ശ്രേയസും കൂട്ടരും നേടിയത്. കൂടാതെ, ഇത് പഞ്ചാബിന്റെ ഐ.പി.എല്ലിലെ നാലാമത്തെ ചെറിയ ടീം സ്‌കോറുമാണ്.
(സ്‌കോര്‍ – ടീം – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)
87 – ദല്‍ഹി ക്യാപിറ്റല്‍സ് – രാജസ്ഥാന്‍ റോയല്‍സ് – 2008
101 – പഞ്ചാബ് കിങ്സ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 2025
101 – ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് – മുംബൈ ഇന്ത്യന്‍സ് – 2023
104 – ഡെക്കാന്‍ ചാര്‍ജേഴ്‌സ് – ചെന്നൈ സൂപ്പര്‍ കിങ്സ് – 2010
107 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – മുംബൈ ഇന്ത്യന്‍സ് – 2017
109 – രാജസ്ഥാന്‍ റോയല്‍സ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 2015
പഞ്ചാബിനായി ഭേദപ്പെട്ട പ്രകടനം നടത്തിയത് ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്നിസ്. 17 പന്തില്‍ 26 റണ്‍സെടുത്തതാണ് താരം ടീമിന്റെ ടോപ് സ്‌കോററായത്. താരത്തിന് പുറമെ പ്രഭ് സിമ്രാന്‍ സിങ് (10 പന്തില്‍ 18 ), അസ്മത്തുള്ള ഒമര്‍സായി (12 പന്തില്‍ 18) എന്നിവരും സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. ടീമിലെ മറ്റാര്‍ക്കും രണ്ടക്കം കണ്ടെത്താനായില്ല.
Content Highlight: IPL 2025: PBKS vs RCB: Punjab Kings registered second lowest team total in IPL playoffs