ഐ.പി.എല്ലില്‍ കന്നി കിരീടം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തി സ്വന്തമാക്കിയിരുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിന്റെ വിജയമാണ് ആര്‍.സി.ബി സ്വന്തമാക്കിയത്.
റോയല്‍ ചലഞ്ചേഴ്സ് ഉയര്‍ത്തിയ 191 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ഇതോടെ ആദ്യ കിരീടമെന്ന പഞ്ചാബ് കിങ്‌സിന്റെ മോഹമാണ് പൊലിഞ്ഞത്.
മത്സരത്തില്‍ പതിവ് പോലെ പഞ്ചാബിന്റെ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ മികച്ച തുടക്കമാണ് നല്‍കിയത്. 19 പന്തില്‍ നാല് ഫോറുകളടക്കം 24 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. ഇതോടെ ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാന്‍ പഞ്ചാബ് താരത്തിനായി. അരങ്ങേറ്റ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന അണ്‍ ക്യാപ്പ്ഡ് ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ഇടം കൈയ്യന്‍ ബാറ്റര്‍ സ്വന്തമാക്കിയത്.
തന്റെ ആദ്യ സീസണായ ഐ.പി.എല്‍ 2025ല്‍ പ്രിയാന്‍ഷ് 475 റണ്‍സ് നേടിയാണ് ഈ നേട്ടത്തിലെത്തിയത്. 2020സീസണില്‍ ഇന്ത്യന്‍ ബാറ്റര്‍ ദേവ്ദത്ത് പടിക്കല്‍ സ്വന്തമാക്കിയ നേട്ടമാണ് പഞ്ചാബ് ഓപ്പണര്‍ മറികടന്നത്.
(താരം – റണ്‍സ് – സീസണ്‍ എന്നീ ക്രമത്തില്‍)
പ്രിയാന്‍ഷ് ആര്യ – 475 – 2025
ദേവ്ദത്ത് പടിക്കല്‍ – 473 – 2020
ശ്രേയസ് അയ്യര്‍ – 439 – 2015
തിലക് വര്‍മ – 397 – 2022
രാഹുല്‍ തൃപാഠി – 391 – 2017
വെങ്കിടേഷ് അയ്യര്‍ – 370 – 2021
ആഭ്യന്തര ക്രിക്കറ്റിലെ പരിചയവുമായി എത്തിയ പ്രിയാന്‍ഷ് 18ാം സീസണില്‍ പഞ്ചാബിനായി മികച്ച പ്രകടനങ്ങളാണ് നടത്തിയത്. സീസണിലെ ആദ്യ മത്സരത്തില്‍ 23 പന്തില്‍ 47 റണ്‍സുമായാണ് താരം തുടങ്ങിയത്. 27.94 ശരാശരിയിലും 179.24 സ്‌ട്രൈക്ക് റേറ്റിലും ബാറ്റ് ചെയ്ത താരം സീസണില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.
Content Highlight: IPL 2025: PBKS vs RCB: Priyansh Arya became the uncapped batter to score more runs in debut season in IPL