| Thursday, 29th May 2025, 3:14 pm

വലിയ ലക്ഷ്യമാണ് മുന്നിലുള്ളതെന്ന് ഓര്‍ക്കണം; ബെംഗളൂരുവിന് നിര്‍ദേശവുമായി ദിനേശ് കാര്‍ത്തിക്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. മഹാരാജാ യാദവേന്ദ്ര സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഇന്ന് കളത്തിലിറങ്ങുന്നത്. ഐ.പി.എല്‍ അതിന്റെ ആവേശകരമായ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ മത്സരത്തിനായി വലിയ കാത്തിരിപ്പിലാണ് ആരാധകര്‍.

മത്സരത്തിന് മുന്നോടിയായി ബെംഗളൂരുവിന്റെ പരിശീലകന്‍ ദിനേശ് കാര്‍ത്തിക് ടീം മെമ്പര്‍മാരോട് സംസാരിച്ചിരുന്നു. സീസണില്‍ ബെംഗളൂരുവിന് പ്ലേ ഓഫിലെത്താനും രണ്ടാ സ്ഥാനത്ത് ഫിനിഷ് ചെയ്യാനും സാധിച്ചെന്നും എന്നാല്‍ മുന്നിലുള്ള വലിയ ലക്ഷ്യം നേടിയെടുക്കുന്നതിന് വേണ്ടി താരങ്ങള്‍ മുഴുവന്‍ കഴിവും പുറത്തെടുക്കണമെന്നും കാര്‍ത്തിക് പറഞ്ഞു.

‘ഈ വര്‍ഷം നമ്മള്‍ പ്ലേ ഓഫിലെത്തി. പ്ലേ ഓഫില്‍ മാത്രമല്ല, രണ്ടാം സ്ഥാനത്ത് നമ്മള്‍ ഫിനിഷ് ചെയ്തു. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം നമുക്കെല്ലാവര്‍ക്കും ഒരു വലിയ ലക്ഷ്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനായി നമ്മള്‍ ശാന്തരായിരിക്കണം. പ്ലെയിങ് ഇലവനിലെ ഏത് താരത്തിനും ജിതേഷ് ശര്‍മ ചെയ്തതുപോലെ മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്ന് എനിക്ക് അറിയാം.

ഇനി മുമ്പിലുള്ള മത്സരങ്ങള്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ മുഴുവനും നല്‍കുമെന്ന് ഉറപ്പിക്കണം. ഞങ്ങളുടെ വിശ്വാസവും പിന്തുണയും കൂടെ ഉണ്ടാകും. വലിയ ലക്ഷ്യമാണ് നമുക്കുള്ളത് എന്ന് ഓര്‍മിക്കുക,’ ദിനേശ് കാര്‍ത്തിക് പറഞ്ഞു.

ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ലഖ്‌നൗവിനെതിരെ വിജയിച്ച ആത്മവിശ്വാസത്തിലാണ് ബെംഗളൂരു. മത്സരത്തില്‍ ബെംഗളൂരുവിനായി മിന്നും പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയാണ്. 33 പന്തില്‍ ആറ് സിക്സും എട്ട് ഫോറും അടക്കം 85 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന് പുറമെ വിരാട് കോഹ്‌ലി 30 പന്തില്‍ 54 റണ്‍സും മായങ്ക് അഗര്‍വാള്‍ 23 പന്തില്‍ പുറത്താവാതെ 41 റണ്‍സുമെടുത്ത് വിജയത്തില്‍ നിര്‍ണായകമായി.

അതേസമയം പഞ്ചാബും ബെംഗളൂരുവും തങ്ങളുടെ കന്നി കിരീടം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. മത്സരത്തില്‍ ഏത് ടീം തോല്‍വി വഴങ്ങിയാലും എലിമിനേറ്ററില്‍ വിജയിക്കുന്ന ടീമുമായി ഒരു അവസരം കൂടെ ഉണ്ടാകും. ഐ.പി.എല്‍ ചരിത്രത്തില്‍ ഇരുവരും 35 മത്സരങ്ങളിലാണ് ഏറ്റുമുട്ടിയത്. അതില്‍ പഞ്ചാബ് 18 മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ ബെംഗളൂരു 17 മത്സരങ്ങളിലാണ് വിജയം നേടിയത്.

Content Highlight: IPL 2025: PBKS VS RCB: Dinesh Karthik gives instructions to Bengaluru players ahead of match against Punjab

Latest Stories

We use cookies to give you the best possible experience. Learn more