| Monday, 2nd June 2025, 9:07 am

മുംബൈയുടെ ആറാം കിരീട മോഹത്തിന് ചെക്കിട്ട അയ്യരാട്ടം; വെട്ടിയത് സാക്ഷാല്‍ ഗില്‍ക്രിസ്റ്റിനെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ് ഫൈനലിന് യോഗ്യത നേടിയിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കി നില്‍ക്കെ പഞ്ചാബ് കിങ്‌സ് മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ടീമിന് വിജയം സമ്മാനിച്ചത്.

മുംബൈക്കെതിരെ ശ്രേയസ് 41 പന്തില്‍ പുറത്താകാതെ 87 റണ്‍സെടുത്താണ് ടീമിനെ രണ്ടാം ഫൈനലില്‍ എത്തിച്ചത്. എട്ട് സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 212.20 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്താണ് ഇന്ത്യന്‍ താരം മുംബൈയുടെ ആറാം കിരീട മോഹം തല്ലിത്തകര്‍ത്തത്.

ഇതോടെ ഒരു നേട്ടവും ശ്രേയസ് തന്റെ പേരില്‍ കുറിച്ചു. ഐ.പി.എല്‍ നോക്കൗട്ട് മത്സരങ്ങളില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന രണ്ടാമത്തെ ക്യാപ്റ്റനാവാനാണ് പഞ്ചാബ് നായകന് സാധിച്ചത്. ഡെക്കാന്‍ ചാര്‍ജേഴ്സിന്റെ നായകനായിരുന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ആദം ഗില്‍ക്രിസ്റ്റിനെ പിന്തള്ളിയാണ് താരം രണ്ടാമതെത്തിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകനായിരുന്ന ഡേവിഡ് വാര്‍ണരാണ് ഈ ലിസ്റ്റില്‍ ഒന്നാമന്‍.

ഐ.പി.എല്‍ നോക്കൗട്ട് മത്സരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ക്യാപ്റ്റന്‍

(സ്‌കോര്‍ – താരം – ടീം – എതിരാളി – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

93* – ഡേവിഡ് വാര്‍ണര്‍ – സണ്‍റൈസേഴ്സ് ഹൈദരാബാദ് – ഗുജറാത്ത് ലയണ്‍സ് – ദല്‍ഹി – 2016

87* – ശ്രേയസ് അയ്യര്‍ – പഞ്ചാബ് കിങ്സ് – മുംബൈ ഇന്ത്യന്‍സ് – അഹമ്മദാബാദ് – 2025

85 – ആദം ഗില്‍ക്രിസ്റ്റ് – ഡെക്കാന്‍ ചാര്‍ജേഴ്‌സ് – ദല്‍ഹി ഡെയര്‍ ഡെവിള്‍സ് – സെഞ്ചൂറിയന്‍ – 2009

79 – കെ.എല്‍ രാഹുല്‍ – ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – കൊല്‍ക്കത്ത – 2022

69 – ഡേവിഡ് വാര്‍ണര്‍ – സണ്‍റൈസേഴ്സ് ഹൈദരാബാദ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – ബെംഗളൂരു – 2016

68 – രോഹിത് ശര്‍മ – മുംബൈ ഇന്ത്യന്‍സ് – ദല്‍ഹി ക്യാപിറ്റല്‍സ് – ദുബായ് – 2020

ക്യാപ്റ്റന് പുറമെ പഞ്ചാബിനായി നേഹല്‍ വധേര, ജോഷ് ഇംഗ്ലിസ് എന്നിവരും തിളങ്ങി. വധേര 29 പന്തില്‍ 48 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലിസ് 21 പന്തില്‍ 38 റണ്‍സും നേടി.

Content Highlight: IPL 2025: PBKS vs MI: Shreyas Iyer registered second highest score by captain in IPL knockout games

We use cookies to give you the best possible experience. Learn more