ഐ.പി.എല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ് രണ്ടാം ഫൈനലിസ്റ്റുകളായിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.
മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 204 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ പഞ്ചാബ് കിങ്‌സ് മറികടന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിന്റെ അപരാജിത പോരാട്ടമാണ് പഞ്ചാബ് കിങ്‌സിന് വിജയവും ഫൈനല്‍ ബെര്‍ത്തും സമ്മാനിച്ചത്.
മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെതിരായ വിജയത്തോടെ പതിനെട്ട് സീസണിലുകളിലെ രണ്ടാമത്തെ ഫൈനലിനാണ് പഞ്ചാബ് കിങ്സ് ടിക്കറ്റെടുത്തത്. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പഞ്ചാബ് മറ്റൊരു കലാശപ്പോരിന് യോഗ്യത നേടുന്നതെന്നത് ഈ വിജയത്തിന് മാധുര്യമേറ്റുന്നു.
ഈ സീസണില്‍ പഞ്ചാബിനെ ഫൈനലില്‍ എത്തിച്ചതോടെ ഒരു തകര്‍പ്പന്‍ നേട്ടം ശ്രേയസ് അയ്യര്‍ സ്വന്തമാക്കി. മൂന്ന് വ്യത്യസ്ത ടീമുകളെ ഐ.പി.എല്‍ ഫൈനലില്‍ എത്തിക്കുന്ന ഏക നായകന്‍ എന്ന അപൂര്‍വ നേട്ടമാണ് താരം നേടിയത്.
കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഫൈനലില്‍ എത്തിക്കുകയും ഐ.പി.എല്‍ ജേതാക്കളാക്കുകയും ചെയ്തിരുന്നു മുംബൈ താരം. കൂടാതെ 2020ല്‍ ശ്രേയസ് ദല്‍ഹി ക്യാപിറ്റല്‍സിനെയും ഫൈനലില്‍ എത്തിച്ചിരുന്നു. അന്ന് താരത്തിന്റെ കീഴില്‍ ക്യാപിറ്റല്‍സ് റണ്ണേഴ്സ് അപ്പായിരുന്നു.
പതിനെട്ടാം സീസണില്‍ പഞ്ചാബിനെ രണ്ടാം ഫൈനലിലേക്ക് നയിച്ചതോടെ തുടര്‍ച്ചയായി രണ്ട് സീസണുകളില്‍ രണ്ട് വ്യത്യസ്ത ടീമുകളോടൊപ്പം ഐ.പി.എല്‍ ഫൈനല്‍ കളിക്കുന്ന ആദ്യ നായകനുമായിരിക്കുകയാണ് ശ്രേയസ് അയ്യര്‍. ഇതോടൊപ്പം തുടര്‍ച്ചയായി ഐ.പി.എല്‍ ഫൈനല്‍ കളിക്കുന്ന നാലാമത്തെ നായകനാവാനും താരത്തിന് സാധിച്ചു. എം.എസ്. ധോണി, രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ച നായകന്മാര്‍.
കൂടാതെ, പഞ്ചാബ് ഐ.പി.എല്ലിലെ ഒരു ചരിത്രം തന്നെ തിരുത്തി എഴുതുകയും ചെയ്തു. മുംബൈക്കെതിരെ 200+ സ്‌കോര്‍ ചെയ്സ് ചെയ്ത് ജയിക്കുന്ന ആദ്യ ടീമെന്ന ചരിത്ര നേട്ടമാണ് പഞ്ചാബ് സ്വന്തം പേരിലാക്കിയത്. ഇതുവരെ 200+ സ്‌കോര്‍ ചെയ്ത് 18 മത്സരങ്ങളില്‍ ജയം എന്ന മുംബൈ ഇന്ത്യന്‍സിന്റെ സ്ട്രീക്കിനാണ് ശ്രേയസിന്റെ സംഘം വിരാമമിട്ടത്.
മുംബൈക്കെതിരെ ശ്രേയസ് 41 പന്തില്‍ പുറത്താകാതെ 87 റണ്‍സെടുത്താണ് ഈ നേട്ടങ്ങളില്‍ എത്തിയത്. എട്ട് സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 212.20 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്താണ് ഇന്ത്യന്‍ താരം മുംബൈയുടെ ആറാം കിരീട മോഹം തല്ലിത്തകര്‍ത്തത്.
നേഹല്‍ വധേര, ജോഷ് ഇംഗ്ലിസ് എന്നിവരും പഞ്ചാബിനായി തിളങ്ങി. വധേര 29 പന്തില്‍ 48 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലിസ് 21 പന്തില്‍ 38 റണ്‍സും നേടി.
Content Highlight: IPL 2025: PBKS vs MI: Shreyas Iyer became the first ever captain to lead three different teams to IPL finals