ഐ.പി.എല്ലിലെ സൂപ്പര്‍ സണ്‍ഡേ ഡബിള്‍ ഹെഡ്ഡറിലെ രണ്ടാം മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ പഞ്ചാബ് കിങ്‌സ് വിജയം സ്വന്തമാക്കിയിരുന്നു. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ 37 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് പഞ്ചാബ് നേടിയിരുന്നു. ഇതോടെ കിങ്സ് പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് എത്തി.
പഞ്ചാബ് ഉയര്‍ത്തിയ 237 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്നൗവിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. യുവതാരം പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് പഞ്ചാബ് വിജയത്തിലെത്തിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി പ്രഭ്‌സിമ്രാന്‍ മിന്നും പ്രകടനമാണ് പുറത്തെടുത്തത്. 48 പന്തില്‍ 91 റണ്‍സാണ് താരം നേടിയത്. ഏഴ് സിക്സും ആറ് ഫോറും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. 189.58 സ്‌ട്രൈക്ക് റേറ്റിലാണ് താരം ലഖ്നൗ ബൗളര്‍മാരെ പ്രഹരിച്ചത്.
ഇപ്പോള്‍ താരത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ മാത്യു ഹെയ്ഡന്‍. പ്രഭ്‌സിമ്രാന് വലിയ ശക്തിയുണ്ടെന്നും 2010ലൊക്കെ ധോണി കളിച്ചിരുന്നത് പോലെയാണ് താരം കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
താരം ഭയമില്ലാത്തവനും പന്ത് വിടവുകളിലേക്ക് നന്നായി അടിക്കാന്‍ കഴിയുന്നവനാണെന്നും ലഖ്നൗവിനെതിരെ അവന് പൂര്‍ണ നിയന്ത്രണമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു മാത്യു ഹെയ്ഡന്‍.
‘അവന് (പ്രഭ്‌സിമ്രാന്‍) വലിയ ശക്തിയുണ്ട്. 2010-ല്‍, അവസാന ഓവറുകളില്‍ വലിയ ഷോട്ടുകള്‍ അടിക്കുന്ന ഒരു യുവ എം.എസ്. ധോണിയുണ്ടായിരുന്നു. പ്രഭ്സിമ്രാനും സമാന കഴിവുണ്ട്. അവന് അത്ഭുതകരമായ ബാറ്റിങ് വേഗതയും ശക്തമായ ഒരു അടിത്തറയുമുണ്ട്.
അത്ര ഉയരമില്ലെങ്കിലും, പന്ത് വിടവുകളിലേക്ക് നന്നായി അടിക്കാന്‍ അവന് കഴിയും. കൂടാതെ പ്രഭ്‌സിമ്രാന്‍ ഭയമില്ലാത്തവനുമാണ്. എല്‍.എസ്.ജിക്കെതിരെ അവന്‍ കളിച്ച രീതിയില്‍ നിന്ന് നിങ്ങള്‍ക്ക് അത് കാണാന്‍ കഴിയും. അവന് പൂര്‍ണ നിയന്ത്രണമുണ്ടായിരുന്നു. ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി, അവരെ തെറ്റുകള്‍ വരുത്താന്‍ നിര്‍ബന്ധിതരാക്കി,’ ഹെയ്ഡന്‍ പറഞ്ഞു.
പഞ്ചാബ് കിങ്‌സിനായി ഈ സീസണില്‍ മികച്ച പ്രകടനം പ്രഭ്‌സിമ്രാന്‍ സിങ് നടത്തികൊണ്ടിരിക്കുന്നത്. താരം 11 മത്സരങ്ങളില്‍ നിന്ന് 437 റണ്‍സ് നേടിയിട്ടുണ്ട്. 170.03 സ്‌ട്രൈക്ക് റേറ്റിലും 39.73 ആവറേജിലുമാണ് താരം ഈ സീസണില്‍ ബാറ്റ് ചെയ്യുന്നത്. ഇതുവരെ പ്രഭ്‌സിമ്രാന്‍ നാല് അര്‍ധ സെഞ്ച്വറി സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.
Content Highlight: IPL 2025: PBKS vs LSG: Mathew Hayden talks about Punjab Kings youngster Prabhsimran Singh