| Tuesday, 25th March 2025, 10:02 pm

എന്റെ സെഞ്ച്വറിയെ കുറിച്ച് ചിന്തിക്കേണ്ട, ഇഷ്ടമുള്ളതുപോലെ കളിക്കാന്‍ പറഞ്ഞു; കരിയറിലെ ആദ്യ സെഞ്ച്വറി സ്വയം നിഷേധിച്ച് ശ്രേയസ് അയ്യര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 244 റണ്‍സിന്റെ വിജയലക്ഷ്യം പടുത്തുയര്‍ത്തി പഞ്ചാബ് കിങ്‌സ്. എതിരാളികളുടെ ഹോം ഗ്രൗണ്ടായ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, അരങ്ങേറ്റക്കാരന്‍ പ്രിയാന്‍ഷ് ആര്യ, വെടിക്കെട്ട് വീരന്‍ ശശാങ്ക് സിങ് എന്നിവരുടെ പ്രകടനത്തിലാണ് പഞ്ചാബ് മികച്ച സ്‌കോറിലെത്തിയത്.

ക്യാപ്റ്റന്‍ 42 പന്തില്‍ പുറത്താകാതെ 97 റണ്‍സ് നേടി മുമ്പില്‍ നിന്നും നയിച്ചു. 23 പന്തില്‍ 47 റണ്‍സുമായി പ്രിയാന്‍ഷ് ആര്യ തിളങ്ങിയപ്പോള്‍ വെറും 16 പന്ത് നേരിട്ട് പുറത്താകാതെ 44 റണ്‍സുമായി ശശാങ്ക് സിങ്ങും തന്റെ റോള്‍ ഗംഭീരമാക്കി.

മത്സരത്തില്‍ ശ്രേയസ് സെഞ്ച്വറി നേടുമെന്ന് തോന്നിച്ചിരുന്നു. ക്രീസിലെത്തിയ ആദ്യ നിമിഷം മുതല്‍ തന്നെ എതിര്‍ ടീം ബൗളര്‍മാരെ തച്ചുതകര്‍ത്താണ് ശ്രേയസ് സ്‌കോര്‍ ഉയര്‍ത്തിയത്.

മത്സരത്തിന്റെ 19 ഓവര്‍ പിന്നിടുമ്പോള്‍ 42 പന്തില്‍ 97 എന്ന നിലയിലായിരുന്നു ശ്രേയസ് ബാറ്റിങ് തുടര്‍ന്നത്. 10 പന്തില്‍ 22 റണ്‍സുമായി ശശാങ്ക് സിങ്ങും ക്യാപ്റ്റനൊപ്പം സ്‌കോര്‍ ഉയര്‍ത്താന്‍ സജ്ജനായി നിന്നു.

അവസാന ഓവറിലെ ആറ് പന്തും നേരിട്ടത് ശശാങ്ക് സിങ്ങായിരുന്നു. സിറാജ് എറിഞ്ഞ അവസാന ഓവറില്‍ അഞ്ച് ഫോറടക്കം 23 റണ്‍സും താരം സ്വന്തമാക്കി.

എന്നാല്‍ ശശാങ്ക് അവസാന പന്തിലെങ്കിലും സിംഗിള്‍ നേടി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിന് തന്റെ കരിയറിലെ ആദ്യ ഐ.പി.എല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കണമായിരുന്നു എന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു. കരിയറിലെ ആദ്യ ഐ.പി.എല്‍ സെഞ്ച്വറിക്ക് മൂന്ന് റണ്‍സകലെ തന്റെ കരിയറിലെ ഏറ്റവും മികച്ച ഐ.പി.എല്‍ സ്‌കോറുമായാണ് പഞ്ചാബ് നായകന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

ഇപ്പോള്‍ അവസാന ഓവര്‍ നേരിടാനെത്തിയപ്പോള്‍ ക്യാപ്റ്റന്‍ നല്‍കിയ ഉപദേശത്തെ കുറിച്ച് സംസാരിക്കുകയാണ് ശശാങ്ക് സിങ്. തന്റെ സെഞ്ച്വറിയെ കുറിച്ച് ചിന്തിക്കാതെ ഇഷ്ടമുള്ള ഷോട്ടുകള്‍ കളിക്കാനാണ് ശ്രേയസ് തന്നോട് ആവശ്യപ്പെട്ടതെന്നാണ് ശശാങ്ക് പറയുന്നത്. പഞ്ചാബ് ഇന്നിങ്‌സിന് ശേഷം സംസാരിക്കുകയായിരുന്നു ശശാങ്ക് സിങ്.

‘അതെ, ഇത് വളരെ മികച്ച ഒരു കാമിയോ ആയിരുന്നു. മറുവശത്തുള്ള ശ്രേയസിനെ കാണുമ്പോള്‍ അത് എന്നെ കൂടുതല്‍ പ്രചോദിപ്പിച്ചു. സത്യസന്ധമായി പറയട്ടെ, ആദ്യ പന്ത് മുതല്‍ എന്റെ സെഞ്ച്വറിയെ കുറിച്ച് ഒരു നിമിഷം പോലും ചിന്തിക്കേണ്ട എന്നാണ് ശ്രേയസ് പറഞ്ഞത്.

ഞാന്‍ പന്ത് ശ്രദ്ധിക്കുകയും അതിന് അനുസരിച്ച് റിയാക്ട് ചെയ്യുകയുമാണ് ചെയ്തത്. ബൗണ്ടറികളടിക്കാന്‍ ശ്രമിക്കുകയും അതില്‍ ശ്രദ്ധിക്കുകയും ചെയ്തു. ഇത്തരം സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ഷോട്ട് കളിക്കാന്‍ പറ്റാത്ത സാധ്യതയുണ്ടാകാം.

എനിക്ക് മികച്ച രീതിയില്‍ കളിക്കാന്‍ സാധിക്കുന്ന ഷോട്ടുകളെ കുറിച്ച് എനിക്ക് ധാരണയുണ്ട്. എന്നെക്കൊണ്ട് എന്ത് സാധിക്കില്ല എന്നതിനേക്കാള്‍ എന്റെ സ്‌ട്രെങ്ത് എന്താണെന്നാണ് ഞാന്‍ ശ്രദ്ധിക്കുന്നത്,’ ശശാങ്ക് പറഞ്ഞു.

അതേസമയം, പഞ്ചാബ് ഉയര്‍ത്തിയ 244 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ടൈറ്റന്‍സ് അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 51 എന്ന നിലയിലാണ്. 11 പന്തില്‍ 27 റണ്‍സുമായി ശുഭ്മന്‍ ഗില്ലും 19 പന്തില്‍ 23 റണ്‍സുമായി സായ് സുദര്‍ശനുമാണ് ക്രീസില്‍.

Content Highlight: IPL 2025: PBKS vs GT: Shashank Singh about Shreyas Iyer

We use cookies to give you the best possible experience. Learn more