ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരം ധര്‍മശാലയില്‍ തുടരുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബ് ഒന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് മികച്ച സ്‌കോറിലേക്ക് കുതിക്കുന്നത്.
പതിറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിന് ശേഷം പ്ലേ ഓഫില്‍ സ്ഥാനമുറപ്പിക്കാനാണ് പഴയ ‘ആറാം തമ്പുരാന്‍മാര്‍’ ഒരുങ്ങുന്നത്. ദല്‍ഹിക്കെതിരെ വിജയിച്ചാല്‍ ഈ സീസണില്‍ പ്ലേ ഓഫില്‍ പ്രവേശിക്കുന്ന ആദ്യ ടീമാകാനും പഞ്ചാബ് കിങ്‌സിന് സാധിക്കും.
പുതിയ നായകന് കീഴില്‍ പുത്തന്‍ ഉണര്‍വോടെയാണ് പഞ്ചാബ് കിങ്‌സ് ഈ സീസണില്‍ മുമ്പോട്ട് കുതിക്കുന്നത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരടക്കമുള്ളവര്‍ കരുത്താകുന്ന ബാറ്റിങ് നിരയും അര്‍ഷ്ദീപ് നേതൃത്വം നല്‍കുന്ന എന്തിനും പോന്ന ബൗളിങ് നിരയും പഞ്ചാബ് കിങ്‌സിനെ ചാമ്പ്യന്‍ ടീമാക്കാന്‍ പോന്നവര്‍ തന്നെയാണ്.
സീസണിലുടനീളം മികച്ച പ്രകടനം കാഴ്ചവെക്കുന്ന പഞ്ചാബ് ഇപ്പോള്‍ തങ്ങളുടെ തന്നെ റെക്കോഡ് മറികടന്നാണ് കുതിക്കുന്നത്. പവര്‍പ്ലേ ഓവറുകളില്‍ തങ്ങള്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടുന്ന സീസണ്‍ എന്ന നേട്ടമാണ് പഞ്ചാബ് സ്വന്തമാക്കിയത്. 2018ല്‍ നേടിയ 34 സിക്‌സറുകളാണ് ഇതിന് മുമ്പ് പഞ്ചാബിന്റെ റെക്കോഡിലുണ്ടായിരുന്നത്.
(വര്‍ഷം – സിക്‌സറുകള്‍ എന്നീ ക്രമത്തില്‍)
ഐ.പി.എല്‍ 2025 – 37*
ഐ.പി.എല്‍ 2018 – 34
ഐ.പി.എല്‍ 2019 – 32
ഐ.പി.എല്‍ 2022 – 32
സിക്‌സറടിച്ച് സ്വന്തം റെക്കോഡ് തിരുത്തിയ സീസണില്‍ പവര്‍പ്ലേയില്‍ ഫോറടിച്ച് എല്ലാ ടീമുകളെയും പഞ്ചാബ് മറികടന്നിട്ടുമുണ്ട്. ആദ്യ ആറ് ഓവറുകളില്‍ 80 ഫോറുമായാണ് പഞ്ചാബ് മുന്നേറുന്നത്.
(ടീം – ഫോര്‍ എന്നീ ക്രമത്തില്‍)
പഞ്ചാബ് കിങ്‌സ് – 80*
ചെന്നൈ സൂപ്പര്‍ കിങ്‌സ് – 78
രാജസ്ഥാന്‍ റോയല്‍സ് – 76
മുംബൈ ഇന്ത്യന്‍സ് – 73
അതേസമയം, പഞ്ചാബ് കിങ്‌സിന് തങ്ങളുടെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. യുവതാരം പ്രിയാന്‍ഷ് ആര്യയാണ് പുറത്തായത്. 34 പന്തില്‍ 70 റണ്‍സാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. ടി. നടരാജന്റെ പന്തില്‍ മാധവ് തിവാരിക്ക് ക്യാച്ച് നല്‍കിക്കൊണ്ടായിരുന്നു ആര്യയുടെ മടക്കം.
ആറ് സിക്‌സറും അഞ്ച് ഫോറും ഉള്‍പ്പടെ 205.88 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്. തങ്ങളുടെ 2018ലെ പവര്‍പ്ലേ സിക്‌സറുകളുടെ റെക്കോഡ് തകര്‍ന്നതും പ്രിയാന്‍ഷ് ആര്യയുടെ മികവിലായിരുന്നു.
നിലവില്‍ 10.1 ഓവറില്‍ 120 റണ്‍സ് എന്ന നിലയില്‍ പഞ്ചാബ് ബാറ്റിങ് തുടരവെ മത്സരം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. 28 പന്തില്‍ 50 റണ്‍സുമായി പ്രഭ്‌സിമ്രാന്‍ സിങ്ങും പ്രിയാന്‍ഷിന് ശേഷം കളത്തിലിറങ്ങിയ ശ്രേയസ് അയ്യരുമാണ് നിലവില്‍ ക്രീസിലുള്ളത്.
പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍
പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിങ്, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), നേഹല്‍ വധേര, ശശാങ്ക് സിങ്, മാര്‍കസ് സ്റ്റോയ്‌നിസ്, മാര്‍കോ യാന്‍സെന്‍, അസ്മത്തുള്ള ഒമര്‍സായ്, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്.
ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍
ഫാഫ് ഡു പ്ലെസി, അഭിഷേക് പോരല്‍ (വിക്കറ്റ് കീപ്പര്‍), കെ.എല്‍. രാഹുല്‍, അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), സമീര്‍ റിസ്വി, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, മാധവ് തിവാരി, മിച്ചല്‍ സ്റ്റാര്‍ക്, ദുഷ്മന്ത ചമീര, കുല്‍ദീപ് യാദവ്, ടി. നടരാജന്‍.
Content Highlight: IPL 2025: PBKS vs DC: Punjab Kings hit the most sixes in the Powerplay this season