| Thursday, 8th May 2025, 11:21 pm

തലയും വെട്ടി ഗെയ്‌ലിനെയും വീഴ്ത്തി; ചരിത്ര നേട്ടത്തില്‍ പ്രിയാന്‍ഷ്, ഇതല്ലേ കംപ്ലീറ്റ് ഷോ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ലെ ദല്‍ഹി ക്യാപ്പിറ്റല്‍സ് – പഞ്ചാബ് കിങ്സ് മത്സരം ഉപേക്ഷിച്ചിരുന്നു. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം സൃഷ്ടിക്കുകയും സാഹചര്യം പ്രതികൂലമാവുകയും ചെയ്തതിന് പിന്നാലെയാണ് മത്സരം ഉപേക്ഷിച്ചത്.

സ്റ്റേഡിയത്തിലെ എല്ലാ ഫ്ളൈഡ് ലൈറ്റുകളും അണയ്ക്കുകയും എല്ലാ കാണികളെയും സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മത്സരം പൂര്‍ണമായും ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

പഞ്ചാബ് കിങ്‌സ് പത്ത് ഓവറുകള്‍ ബാറ്റിങ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് മത്സരം ഉപേക്ഷിച്ചത്. 120/1 എന്ന നിലയിലായിരുന്നു പഞ്ചാബ്.

34 പന്തില്‍ 70 റണ്‍സ് നേടിയ പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. ആറ് സിക്‌സറും അഞ്ച് ഫോറും അടക്കം 205.88 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

ഈ മികച്ച ബാറ്റിങ്ങിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡിലേക്കും പ്രിയാന്‍ഷ് ചെന്നെത്തി. ഒരു ഐ.പി.എല്‍ സീസണില്‍ ചുരുങ്ങിയത് 400 റണ്‍സ് നേടിയ ഓപ്പണര്‍മാരില്‍ ഏറ്റവും മികച്ച സട്രൈക്ക് റേറ്റ് എന്ന നേട്ടമാണ് പ്രിയാന്‍ഷ് സ്വന്തമാക്കിയത്.

ഒരു ഐ.പി.എല്‍ സീസണില്‍ ഒരു ഓപ്പണറുടെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ് (ചുരുങ്ങിയത് 400 റണ്‍സ്)

(താരം – ടീം – സ്‌ട്രൈക്ക് റേറ്റ് – വര്‍ഷം എന്നീ ക്രമത്തില്‍)

പ്രിയാന്‍ഷ് ആര്യ – പഞ്ചാബ് കിങ്‌സ് – 193.65 – 2025*

ട്രാവിസ് ഹെഡ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 191.55 – 2024

വിരേന്ദര്‍ സേവാഗ് – ദല്‍ഹി ഡെയര്‍ഡെവിള്‍സ് – 184.54 – 2008

ക്രിസ് ഗെയ്ല്‍ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 183.13 – 2011

അതേസമയം, വിജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാമെന്നിരിക്കവെയാണ് പഞ്ചാബിന് നിരാശ നല്‍കിക്കൊണ്ട് മത്സരം ഉപേക്ഷിച്ചത്. 12 മത്സരത്തില്‍ നിന്നും ഏഴ് ജയവും മൂന്ന് പരാജയവുമായി 16 പോയിന്റാണ് പഞ്ചാബ് കിങ്‌സിനുള്ളത്. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരവും ഉപേക്ഷിക്കപ്പെട്ടിരുന്നു.

മെയ് 11നാണ് പഞ്ചാബ് കിങ്‌സിന്റെ അടുത്ത മത്സരം. മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍. അഹമ്മദാബാദാണ് വേദി.

Content Highlight: IPL 2025: PBKS vs DC: Priyansh Arya tops the list of best strike rate for an opener in an IPL season

We use cookies to give you the best possible experience. Learn more