ഐ.പി.എല്‍ 2025ലെ ദല്‍ഹി ക്യാപ്പിറ്റല്‍സ് – പഞ്ചാബ് കിങ്‌സ് മത്സരം ഉപേക്ഷിച്ചിരുന്നു. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം സൃഷ്ടിക്കുകയും സാഹചര്യം പ്രതികൂലമാവുകയും ചെയ്തതിന് പിന്നാലെയാണ് മത്സരം ഉപേക്ഷിച്ചത്.
സ്റ്റേഡിയത്തിലെ എല്ലാ ഫ്‌ളൈഡ് ലൈറ്റുകളും അണയ്ക്കുകയും എല്ലാ കാണികളെയും സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു മത്സരം പൂര്‍ണമായും ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.
പഞ്ചാബ് കിങ്സ് പത്ത് ഓവറുകള്‍ ബാറ്റിങ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് മത്സരം ഉപേക്ഷിച്ചത്. 120/1 എന്ന നിലയിലായിരുന്നു പഞ്ചാബ്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിങ്ങും വെടിക്കെട്ട് ബാറ്റിങ്ങാണ് നടത്തിയത്.
മത്സരത്തില്‍ പ്രഭ് സിമ്രാന്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 28 പന്തില്‍ 7 ഫോറുകള്‍ അടിച്ച് 50 റണ്‍സാണ് താരം നേടിയത്. 178.57 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്. ഇത് പ്രഭ്‌സിമ്രാന്റെ ഈ സീസണിലെ തുടര്‍ച്ചയായ നാലാം അര്‍ധ സെഞ്ച്വറിയായിരുന്നു.
ഈ പ്രകടനത്തോടെ ഒരു ചരിത്ര നേട്ടത്തിലെത്താനും പ്രഭാസിമ്രാനായി. പഞ്ചാബ് കിങ്‌സിനായി ഒരു സീസണില്‍ തുടര്‍ച്ചയായ നാല് അര്‍ധ സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമെന്ന തകര്‍പ്പന്‍ നേട്ടമാണ് പ്രഭാസിമ്രാന്‍ സ്വന്തം പേരില്‍ കുറിച്ചത്.
കൂടാതെ, ഐ.പി.എല്ലില്‍ ഒരു സീസണില്‍ നാലോ അതിലധികമോ തുടര്‍ച്ചയായ അര്‍ധ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാനും താരത്തിനായി.
വിരേന്ദര്‍ സേവാഗ് – 5
പ്രഭ്‌സിമ്രാന് സിങ് – 4*
വിരാട് കോഹ്ലി – 4
ശിഖര്‍ ധവാന്‍ – 4
പഞ്ചാബിനായി ഓപ്പണിങ്ങില്‍ മികച്ച പ്രകടനമാണ് പ്രഭ്‌സിമ്രാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സീസണില്‍ താരം 12 മത്സരങ്ങളില്‍ നിന്ന് 487 റണ്‍സ് നേടിയിട്ടുണ്ട്. 44.27 ആവറേജിലും 170.87 ശരാശരിയിലും ബാറ്റ് ചെയ്യുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അഞ്ച് അര്‍ധ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.
അതേസമയം, വിജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാമെന്നിരിക്കവെയാണ് പഞ്ചാബിന് നിരാശ നല്‍കിക്കൊണ്ട് മത്സരം ഉപേക്ഷിച്ചത്. 12 മത്സരത്തില്‍ നിന്നും ഏഴ് ജയവും മൂന്ന് പരാജയവുമായി 16 പോയിന്റാണ് പഞ്ചാബ് കിങ്സിനുള്ളത്. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരവും ഉപേക്ഷിക്കപ്പെട്ടിരുന്നു.
മെയ് 11നാണ് പഞ്ചാബ് കിങ്സിന്റെ അടുത്ത മത്സരം. മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍. അഹമ്മദാബാദാണ് വേദി.
Content Highlight: IPL 2025: PBKS vs DC: Prabhsimran Singh became the first Punjab Kings batter to score four consecutive fifties