| Wednesday, 9th April 2025, 5:41 pm

ഒരു കൊടുങ്കാറ്റ് വന്നു, മറ്റുള്ളവര്‍ ഒരു ടെലിഫോണ്‍ നമ്പര്‍ ഉണ്ടാക്കിയപ്പോള്‍ അവന്‍ ഒരു സുനാമിയായി; യുവ താരത്തെ പ്രശംസിച്ച് ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ പഞ്ചാബ് കിങ്സ് സ്വന്തമാക്കിയിരുന്നു. മഹാരാജ യാദവേന്ദ്ര സിങ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 18 റണ്‍സിന്റെ വിജയമാണ് പഞ്ചാബ് നേടിയത്. യുവതാരം പ്രിയാന്‍ഷ് ആര്യയുടെ സെഞ്ച്വറി കരുത്തിലാണ് പഞ്ചാബ് സീസണിലെ മൂന്നാം വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണ് ചെന്നൈ വഴങ്ങിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. അഞ്ച് ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ട്ടപ്പെട്ട് 53 റണ്‍സെന്ന നിലയിലായിരുന്നു. വമ്പന്‍ ബാറ്റിങ് തകര്‍ച്ചയില്‍ നിന്ന് പഞ്ചാബിനെ കരകയറ്റിയത് 24കാരനായ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയാണ്. ഐ.പി.എല്‍ കരിയറിലെ തന്റെ ആദ്യ സെഞ്ച്വറി നേടിയാണ് താരം മിന്നും പ്രകടനം കാഴ്ചവെച്ചത്. 40 പന്തില്‍ നിന്ന് ഒമ്പത് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 102 റണ്‍സ് നേടിയാണ് താരം പുറത്തായത്.

നേരിട്ട 39ാം പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരമാകാനും, ഐ.പി.എല്ലില്‍ വേഗതയേറിയ സെഞ്ച്വറി നേടുന്ന ആദ്യത്തെ അണ്‍ ക്യാപ്ഡ് ഇന്ത്യന്‍ താരമാകാനും, ചെന്നൈക്കെതിരെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടുന്ന താരമാകാനും പ്രിയാന്‍ഷിന് സാധിച്ചിരുന്നു.

ഇപ്പോള്‍ പ്രിയാന്‍ഷ് ആര്യയുടെ ഇന്നിങ്‌സിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഐ.പി.എല്ലില്‍ ആദ്യമായാണ് ആറ് പേരടങ്ങുന്ന ടോപ് ഓര്‍ഡറിലെ ഒരാള്‍ മാത്രം സെഞ്ച്വറി നേടുകയും മറ്റുള്ളവര്‍ ഒറ്റ അക്കത്തില്‍ പുറത്താവുകയും ചെയ്യുന്നതെന്നും മറ്റുള്ളവരെല്ലാം ഒരു ഫോണ്‍ നമ്പര്‍ ഉണ്ടാക്കിയപ്പോള്‍ പ്രിയാന്‍ഷ് സെഞ്ച്വറി നേടിയെന്നും ചോപ്ര പറഞ്ഞു.

ചെന്നൈ ബൗളര്‍മാര്‍ക്കെതിരെ പ്രിയാന്‍ഷ് ബാറ്റ് ചെയ്ത രീതിയെയും ഓപ്പണിങ്ങില്‍ രണ്ട് അണ്‍ ക്യാപ്പ്ഡ് താരങ്ങളെ ഇറക്കിയ പഞ്ചാബിന്റെ തീരുമാനത്തെയും ചോപ്ര പ്രശംസിച്ചു. തുടര്‍ന്നും പ്രിയാന്‍ഷിന്റെ പേര് കേള്‍ക്കുമെന്നും ഒരു വശത്ത് കൊടുങ്കാറ്റ് വന്നപ്പോള്‍ യുവതാരം ഒരു സുനാമിയായെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

ആകാശ് ചോപ്ര പ്രിയാന്‍ഷ് ആര്യയെ കുറിച്ച് പറഞ്ഞത്

’24 വയസ്സുള്ള പ്രിയാന്‍ഷ് ആര്യ, സൂപ്പര്‍സ്റ്റാര്‍ പ്രിയാന്‍ഷ് ആര്യ, അണ്‍ക്യാപ്പ്ഡ് ഇന്ത്യന്‍ താരം പ്രിയാന്‍ഷ് ആര്യ, ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന നാലാമത്തെ കളിക്കാരനും, ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരവുമായ പ്രിയാന്‍ഷ് ആര്യ.

ഐ.പി.എല്ലില്‍ ആദ്യമായാണ് ആറ് പേരടങ്ങുന്ന ടോപ് ഓര്‍ഡറിലെ ഒരാള്‍ മാത്രം സെഞ്ച്വറി നേടുകയും മറ്റുള്ളവര്‍ ഒറ്റ അക്കത്തില്‍ പുറത്താവുകയും ചെയ്യുന്നത്. മറ്റുള്ളവരെല്ലാം ഒരു ഫോണ്‍ നമ്പര്‍ ഉണ്ടാക്കി. അവനൊരു സെഞ്ച്വറി നേടി.

പഞ്ചാബ് ഹൈദരാബാദിനെ പോലെയാണ് കളിക്കുന്നത്. തുടക്കത്തില്‍ തകര്‍ച്ച നേരിട്ടു. ഒരു വശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കുമ്പോഴും പ്രിയാന്‍ഷ് സിക്‌സറുകള്‍ അടിക്കുകയായിരുന്നു. എല്ലാവരും ഒറ്റ അക്കത്തിന് പുറത്തായപ്പോഴും പ്രിയാന്‍ഷ് നിര്‍ത്താന്‍ തയ്യാറായില്ല. ഒരു അറ്റത്ത് ഒരു കൊടുങ്കാറ്റ് വന്നു. ഇവന്‍ മറ്റൊരു സുനാമി സൃഷ്ടിച്ചു.

അവന്റെ കളിശൈലി മികച്ചതാണ്. പോയിന്റിന് മുകളിലൂടെ സിക്‌സറുകള്‍ അടിക്കുക എളുപ്പമല്ല, പക്ഷേ തുടക്കത്തില്‍ തന്നെ അദ്ദേഹം അത് ചെയ്തു. പതിരാനക്കെതിരെ ഷോര്‍ട്ട് ബോളുകള്‍ ഹുക്ക് ചെയ്യുകയും ഫോറുകള്‍ അടിക്കുകയും ചെയ്തു. പിന്നെ രവിചന്ദ്രന്‍ അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും പന്തുകളില്‍ സിക്‌സറുകള്‍ അടിച്ചു. അവന് മിടുക്കനാണ്.

എന്റെ അഭിപ്രായത്തില്‍, ഇനി നിങ്ങള്‍ അവന്റെ പേര് പലതവണ കേള്‍ക്കും. വെല്‍ ഡണ്‍ പഞ്ചാബ്. കഴിഞ്ഞ വര്‍ഷം അദ്ദേഹം അണ്‍സോള്‍ഡായിരുന്നു. ഈ വര്‍ഷം 3.80 കോടിക്കാണ് പഞ്ചാബിലെത്തിയത്. രണ്ട് അണ്‍ക്യാപ്പ്ഡ് കളിക്കാരുമായി ഓപ്പണിങ് നടത്തുന്നത് ഒരു വലിയ കാര്യമാണ്. അവര്‍ അത് ചെയ്തു, പ്രിയാന്‍ഷ് ഇവിടെ തന്നെ തുടരും,’ ചോപ്ര പറഞ്ഞു.

Content Highlight: IPL 2025: PBKS vs CSK: Former Indian Cricketer Aakash Chopra Talks About Punjab Kings Young Batter Priyansh Arya

We use cookies to give you the best possible experience. Learn more