| Monday, 7th April 2025, 1:43 pm

സീസണില്‍ ഞങ്ങള്‍ ഒരു മോശം ഘട്ടത്തിലാണ്; തോല്‍വിയുടെ കാരണത്തെക്കുറിച്ച് സംസാരിച്ച് പാറ്റ് കമ്മിന്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ മൂന്നാം വിജയവും സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ അവരുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്. സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 153 റണ്‍സിന്റെ വിജയലക്ഷ്യം 20 പന്ത് ബാക്കി നില്‍ക്കവെ ടൈറ്റന്‍സ് മറികടക്കുകയായിരുന്നു.

സീസണിലെ ആദ്യ മത്സരങ്ങളില്‍ രാജസ്ഥാനെതിരെ മാത്രമാണ് ഹൈദരാബാദിന് വിജയിക്കാന്‍ സാധിച്ചത്. കഴിഞ്ഞ നാല് മത്സരങ്ങളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ ഉദയസൂര്യന്മാര്‍ പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ്. വെറും രണ്ട് പോയിന്റ് മാത്രമാണ് ഹൈദരാബാദിന് നേടാന്‍ സാധിച്ചത്.

ഗുജറാത്തിനെതിരെയുള്ള മത്സരത്തിന് ശേഷം ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ് തോല്‍വിയെക്കുറിച്ച് സംസാരിച്ചിരുന്നു. ഗുജറാത്തിന്റെ പേസര്‍മാര്‍ നന്നായി പന്തെറിഞ്ഞതും ഹൈദരാബാദിന്റ ബൗളിങ്ങില്‍ പിച്ച് സ്പിന്നര്‍മാരെ പിന്തുണച്ചില്ലെന്നും കമ്മിന്‍സ് പറഞ്ഞു. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച ശക്തമായി തിരിച്ചുവരുമെന്നും കമ്മിന്‍സ് പറഞ്ഞു.

‘ഗുജറാത്തിന്റെ ഫാസ്റ്റ് ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞു. പിച്ച് സ്പിന്‍ ബൗളിങ്ങിനെ തുണച്ചില്ല. ഞങ്ങള്‍ ഈ സീസണില്‍ ഒരു മോശം ഘട്ടത്തിലാണ്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിരിച്ചുവരേണ്ടതുണ്ട്, അതിന് വേണ്ടിയുള്ള എല്ലാ പരിശ്രമവും എന്റെ ഭാഗത്ത് നിന്നും ടീമിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും,’ പാറ്റ് കമ്മിന്‍സ് പറഞ്ഞു.

മികച്ച ടീമായിട്ടും സീസണില്‍ നിറം മങ്ങിയ ഹൈദരാബാദിന്റെ അടുത്ത മത്സരത്തില്‍ കരുത്തരായ പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍. ഏപ്രില്‍ 12ന് രാജീവ് ഗാന്ധി ഇന്റര്‍നാണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

അതേസമയം മൂന്ന് മത്സരങ്ങളില്‍ മൂന്നും വിജയിച്ച ദല്‍ഹി ക്യാപിറ്റല്‍സാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ആറ് പോയിന്റാണ് ടീം നേടിയത്. രണ്ടാമത് ഗുജറാത്താണ് നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയമാണ് ടീം സ്വന്തമാക്കിയത്.

Content Highlight: IPL 2025: Pat Cummins Talking About Lost Against Gujarat Titans

We use cookies to give you the best possible experience. Learn more