| Saturday, 3rd May 2025, 12:57 pm

അദ്ദേഹത്തിന് മുന്നില്‍ ആര്‍ക്കും വിജയിക്കാനാവില്ല: പാര്‍ത്ഥിവ് പട്ടേല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ മികച്ച ടീമുകളില്‍ ഒന്നാണ് ഗുജറാത്ത് ടൈറ്റന്‍സ്. 2022യില്‍ ടൂര്‍ണമെന്റിന്റെ ഭാഗമായ ഗുജറാത്ത് ആദ്യ സീസണില്‍ തന്നെ കിരീടം നേടിയിരുന്നു. അടുത്ത സീസണില്‍ റണ്ണേഴ്സ് അപ്പാവുകയും ചെയ്തിരുന്നു. ഈ സീസണിലും മികച്ച ഫോമിലാണ് ടീം മുന്നോട്ട് പോകുന്നത്. പത്ത് മത്സരങ്ങളില്‍ ഏഴ് വിജയവുമായി ഗില്ലിന്റെ സംഘം പോയിന്റ് ടേബിളില്‍ രണ്ടാമതുണ്ട്.

ആദ്യ സീസണ്‍ മുതല്‍ തന്നെ ഗുജറാത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരാളാണ് പരിശീലകന്‍ ആശിഷ് നെഹ്‌റ. ടീമിന്റെ വിജയങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അദ്ദേഹം. ക്രിക്കറ്റില്‍ കണ്ട് ശീലിച്ചിട്ടില്ലാത്ത വിധം ബൗണ്ടറി ലൈനില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം എല്ലാ മത്സരങ്ങളിലും ഉണ്ടാവാറുണ്ട്.

ഇപ്പോള്‍ പരിശീലകന്‍ നെഹ്റയെ കുറിച്ച് സംസാരിക്കുകയാണ് ഗുജറാത്ത് കോച്ചിങ് സ്റ്റാഫ് അംഗമായ പാര്‍ത്ഥിവ് പട്ടേല്‍. ആശിഷ് നെഹ്റയുടെ മുന്നില്‍ ആര്‍ക്കും ജയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹത്തിന്റെ കളിയെ കുറിച്ചുള്ള അവബോധം മികച്ചതാണെന്നും പാര്‍ത്ഥിവ് പറഞ്ഞു.

താന്‍ നിരവധി ഫ്രാഞ്ചൈസികളുടെ ഭാഗമായിട്ടുണ്ടെന്നും ഏറ്റവും മികച്ച അന്തരീക്ഷമുള്ള ടീമാണ് ഗുജറാത്തെന്നും അതിന്റെ എല്ലാ ക്രെഡിറ്റും നെഹ്റക്കാണെന്നും താരം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം നടന്ന ഗുജറാത്ത് – ഹൈദരാബാദ് മത്സര ശേഷം സംസാരിക്കുകയായിരുന്നു പാര്‍ത്ഥിവ് പട്ടേല്‍.

‘ആശിഷ് നെഹ്റയുടെ മുന്നില്‍ ആര്‍ക്കും ജയിക്കാന്‍ കഴിയില്ല. എപ്പോഴും അവസാന ചിരി അവനായിരിക്കും. എല്ലാ സംഭാഷണങ്ങളിലും നെഹ്റയാണ് വിജയിക്കുന്നത്. നോക്കൂ, അവന്റെ കളിയെ കുറിച്ചുള്ള അവബോധം മികച്ചതാണ്. നെഹ്‌റയുടെ അനുഭവപരിചയത്താല്‍, നിങ്ങള്‍ സ്വാഭാവികമായും അവനെ കേള്‍ക്കുകയും അവന്റെ പദ്ധതികള്‍ പിന്തുടരുകയും ചെയ്യും.

ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ഇത് എന്റെ ആദ്യ വര്‍ഷമാണ്, പക്ഷേ ആശിഷ് നെഹ്റ മികച്ച ടീം അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. ഞാന്‍ നിരവധി ഫ്രാഞ്ചൈസികളുടെ ഭാഗമായിട്ടുണ്ട്, പക്ഷേ ഈ ടീമിന്റെ എല്ലാ മേഖലയും മികച്ചതാണ്. അതിന്റെ ക്രെഡിറ്റ് മുഖ്യ പരിശീലകനാണ്,’ പാര്‍ത്ഥിവ് പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ വിജയം സ്വന്തമാക്കിയിരുന്നു. ഗില്ലിന്റെയും ജോസ് ബട്‌ലറിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ 38 റണ്‍സിന്റെ വിജയമാണ് ടൈറ്റന്‍സ് നേടിയത്.

മെയ് ആറിന് മുംബൈ ഇന്ത്യന്‍സുമായാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ അടുത്ത മത്സരം. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.

Content Highlight: IPL 2025: Parthiv Patel says Gujarat Titans have best team environment and Ashish Nehra is the reason for it

We use cookies to give you the best possible experience. Learn more