| Friday, 9th May 2025, 9:39 am

മത്സരം ദല്‍ഹിയോടാണെങ്കിലും തൂക്കിയടിച്ചത് ചെന്നൈയെ; മിന്നും റെക്കോഡില്‍ 'രാജാക്കന്‍മാര്‍'

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ലെ പഞ്ചാബ് കിങ്‌സും ദല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചിരുന്നു. അതിര്‍ത്തിയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷ സാഹചര്യം രൂക്ഷമായതോടെ സ്റ്റേഡിയത്തിലെ എല്ലാ ഫ്‌ളെ്ഡ് ലൈറ്റുകളും അണയ്ക്കുകയും എല്ലാ കാണികളെയും സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്ത് മത്സരം പൂര്‍ണമായും ഉപേക്ഷിക്കുകയായിരുന്നു.

പഞ്ചാബ് കിങ്സ് പത്ത് ഓവറുകള്‍ ബാറ്റിങ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് മത്സരം ഉപേക്ഷിച്ചത്. 120/1 എന്ന നിലയിലായിരുന്നു പഞ്ചാബ്. പവര്‍ പ്ലേയില്‍ പഞ്ചാബ് വിക്കറ്റ് നഷ്ടപ്പെടാതെ 69 റണ്‍സാണ് നേടിയത്. പ്രിയാന്‍ഷ് ആര്യയുടെയും പ്രഭ്‌സിമ്രാന്‍ സിങ്ങിന്റേയും കൂട്ടുകെട്ടിലാണ് പവര്‍പ്ലേയില്‍ പഞ്ചാബ് മിന്നും പ്രകടനം കാഴ്ചവെച്ചത്.

ഇതിന് പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ് പഞ്ചാബ്. 2025 ഐ.പി.എല്ലിലെ പവര്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ ഫോര്‍ നേടുന്ന ടീമാകാനാണ് പഞ്ചാബിന് സാധിച്ചത്. 80 ഫോറാണ് പഞ്ചാബ് നേടിയത്.

2025 ഐ.പി.എല്ലിലെ പവര്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ ഫോര്‍ നേടുന്ന ടീം, ഫോര്‍

പഞ്ചാബ് കിങ്‌സ് – 80*

ചെന്നൈ സൂപ്പര്‍ കിങ്‌സ് – 78

രാജസ്ഥാന്‍ റോയല്‍സ് – 76

മുംബൈ ഇന്ത്യന്‍സ് – 73

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിങ്ങും വെടിക്കെട്ട് ബാറ്റിങ്ങാണ് നടത്തിയത്.

മത്സരത്തില്‍ പ്രഭ് സിമ്രാന്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 28 പന്തില്‍ 7 ഫോറുകള്‍ അടിച്ച് 50 റണ്‍സാണ് താരം നേടിയത്. 178.57 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്. ഇത് പ്രഭ്‌സിമ്രാന്റെ ഈ സീസണിലെ തുടര്‍ച്ചയായ നാലാം അര്‍ധ സെഞ്ച്വറിയായിരുന്നു.

പഞ്ചാബിനായി ഓപ്പണിങ്ങില്‍ മികച്ച പ്രകടനമാണ് പ്രഭ്‌സിമ്രാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സീസണില്‍ താരം 12 മത്സരങ്ങളില്‍ നിന്ന് 487 റണ്‍സ് നേടിയിട്ടുണ്ട്. 44.27 ആവറേജിലും 170.87 ശരാശരിയിലും ബാറ്റ് ചെയ്യുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അഞ്ച് അര്‍ധ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.

അതേസമയം, വിജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാമെന്നിരിക്കവെയാണ് പഞ്ചാബിന് നിരാശ നല്‍കിക്കൊണ്ട് മത്സരം ഉപേക്ഷിച്ചത്. 12 മത്സരത്തില്‍ നിന്നും ഏഴ് ജയവും മൂന്ന് പരാജയവുമായി 16 പോയിന്റാണ് പഞ്ചാബ് കിങ്സിനുള്ളത്. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരവും ഉപേക്ഷിക്കപ്പെട്ടിരുന്നു. മെയ് 11നാണ് പഞ്ചാബ് കിങ്സിന്റെ അടുത്ത മത്സരം. മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍. അഹമ്മദാബാദാണ് വേദി.

Content Highlight: IPL 2025: Panjab Kings In Great Record Achievement In IPL 2025

We use cookies to give you the best possible experience. Learn more