| Tuesday, 15th April 2025, 3:15 pm

ശ്രേയസിന്റെ പഞ്ചാബിന് കനത്ത തിരിച്ചടി; സൂപ്പര്‍ താരം പുറത്തായി!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ നിന്ന് പഞ്ചാബ് കിങ്‌സിന്റെ ഫാസ്റ്റ് ബൗളര്‍ ലോക്കി ഫെര്‍ഗൂസണ്‍ പുറത്തായി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഇടത് കാലിന് പരിക്ക് പറ്റിയ താരം വെറും രണ്ട് പന്ത് എറിഞ്ഞ ശേഷം കളത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. പഞ്ചാബിന്റെ ബൗളിങ് പരിശീലകന്‍ ജെയിംസ് ഹോപ്‌സാണ് താരത്തിന്റെ പരിക്കിനെക്കുറിച്ച് സംസാരിച്ചത്.

‘ഫെര്‍ഗൂസണ്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുമെന്ന് ഞാന്‍ കരുതുന്നു, ടൂര്‍ണമെന്റിന്റെ അവസാനത്തോടെ അദ്ദേഹം തിരികെ വരാനുള്ള സാധ്യതകള്‍ വളരെ കുറവാണ്. അദ്ദേഹത്തിന് കഠിനമായ പരിക്കാണ് പറ്റിയതെന്ന് ഞാന്‍ കരുതുന്നു,’ ഹോപ്‌സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സീസണില്‍ പഞ്ചാബിന് വേണ്ടി നാല് മത്സരങ്ങളില്‍ നിന്ന് 104 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകളാണ് ന്യൂസിലാന്‍ഡ് താരം നേടിയത്. 20.80 ആവറേജിലാണ് താരം പന്തെറിഞ്ഞത്. 9.18 എക്കോണമിയും താരത്തിനുണ്ട്. ഐ.പി.എല്ലില്‍ 49 മത്സരങ്ങളില്‍ നിന്ന് 51 വിക്കറ്റുകളാണ് ലോക്കി ഇതുവരെ നേടിയത്. 30.00 ആവറേജിലും 8.97 എക്കോണമിയിലുമാണ് താരം പന്തെറിഞ്ഞത്.

അതേസമയം ഇന്ന് (ചൊവ്വ) നടക്കുന്ന ഐ.പി.എല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് പഞ്ചാബിന്റെ പോരാട്ടം. ആറ് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും മൂന്ന് തോല്‍വിയും വഴങ്ങി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് കൊല്‍ക്കത്ത. അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും രണ്ട് തോല്‍വിയും ഉള്‍പ്പെടെ ആറാം സ്ഥാനത്താണ് പഞ്ചാബ്.

പഞ്ചാബിന്റെ തട്ടകമായ മഹാരാജാ യാദവേന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. സ്വന്തം തട്ടകത്തില്‍ വിജയം സ്വന്തമാക്കി മുന്നേറാനാണ് പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും സംഘവും ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയ ആത്മ വിശ്വാസത്തിലാണ് അജിന്‍ക്യ രഹാനയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയും കച്ചമുറുക്കുന്നത്.

Content Highlight: IPL 2025: Panjab Kings Have Big Setback In IPL

We use cookies to give you the best possible experience. Learn more