| Thursday, 17th April 2025, 2:38 pm

മാനേജ്‌മെന്റാണ് തീരുമാനം എടുത്തത്, അല്ലാതെ ഒരാളല്ല; തുറന്ന് പറഞ്ഞ് നിതീഷ് റാണ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ വിജയം സ്വന്തമാക്കി ദല്‍ഹി ക്യാപ്പിറ്റല്‍സ്. ദല്‍ഹിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് വിജയിച്ചുകയറിയത്. ഈ ജയത്തിന് പിന്നാലെ ടീം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്ത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് ഉയര്‍ത്തിയത്. നാല് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ സ്‌കോര്‍ ഡ്രോ ആക്കിയത്.

മത്സരത്തിലെ സൂപ്പര്‍ ഓവറില്‍ കളത്തിലിറങ്ങിയത് റിയാന്‍ പരാഗും ഹെറ്റ്‌മെയറും യശസ്വി ജെയ്‌സ്വാളുമാണ്. എന്നാല്‍ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്‌ചെച്ച നിതീഷ് റാണയെ കളത്തില്‍ ഇറക്കിയില്ലായിരുന്നു. ഇപ്പോള്‍ ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് റാണ. എല്ലാം മാനേജ്‌മെന്റിന്റെ തീരുമാനമാണെന്നും അതിനനുസരിച്ചാണ് എല്ലാം ചെയ്യുന്നതെന്നും താരം പറഞ്ഞു. മത്സരത്തില്‍ 28 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 51 റണ്‍സാണ് റാണ നേടിയത്.

‘മാനേജ്മെന്റാണ് തീരുമാനം എടുത്തത്, അല്ലാതെ ഒരാളല്ല. ക്യാപ്റ്റനും മറ്റ് സീനിയര്‍ കളിക്കാരും പരിശീലകരും ഒപ്പമുണ്ട്. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ രണ്ട് സിക്സറുകള്‍ അടിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഈ ചോദ്യം ചോദിക്കില്ലായിരുന്നു. ഞാന്‍ അതേ ഉത്തരം നല്‍കും.

എനിക്ക് മറ്റ് ഉത്തരമില്ല. എന്തെല്ലാം തീരുമാനങ്ങള്‍ ഞങ്ങളുടെ ടീം എടുത്തോ അതെല്ലാം ശരിയായിരുന്നു. ഹെറ്റ്‌മെയര്‍ ഞങ്ങളുടെ ഫിനിഷറാണെന്ന് എല്ലാവര്‍ക്കുമറിയാം. മുന്‍കാലങ്ങളില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

ഫലം ഞങ്ങള്‍ക്ക് അനുകൂലമായിരുന്നെങ്കില്‍ നിങ്ങളുടെ ചോദ്യം മറ്റൊന്നാകുമായിരുന്നു. ക്രിക്കറ്റ് അതിന്റെ ഫലത്തെ അടിസ്ഥാനമാക്കിയുളള ഒരു കായിക വിനോദമാണ്.

സന്ദീപ് ശര്‍മ ഞങ്ങളുടെ മികച്ച ബൗളറാണ്, സൂപ്പര്‍ ഓവറില്‍ അദ്ദേഹം തന്നെയാണ് ഞങ്ങള്‍ക്ക് എറ്റവും അനുയോജ്യമായ ബോളര്‍. ഞങ്ങള്‍ക്ക് ഒരു വലിയ ഷോട്ട് കുറവായിരുന്നു. സൂപ്പര്‍ ഓവറില്‍ 15 റണ്‍സ് ലക്ഷ്യമാക്കിയായിരുന്നു ഞങ്ങള്‍ കളിച്ചത്,’ നിതീഷ് റാണ പറഞ്ഞു.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത പിങ്ക് ആര്‍മി രണ്ട് വിക്കറ്റ് നഷ്ട്ടപ്പെട്ട് 11 റണ്‍സെടുത്തു. രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ ആറ് പന്തുകള്‍ പൂര്‍ത്തിയാക്കാനും രാജസ്ഥനായില്ല. ദല്‍ഹിക്കായി പന്തെറിയാന്‍ എത്തിയത് മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു.

സൂപ്പര്‍ ഓവറില്‍ ക്യാപ്പിറ്റല്‍സിനായി ട്രിസ്റ്റണ്‍ സ്റ്റബ്സും കെ.എല്‍. രാഹുലുമാണ് ക്രീസിലെത്തിയത്. രാജസ്ഥാനായി സന്ദീപ് ശര്‍മയാണ് പന്തെറിയാനെത്തിയത്. ഓവറില്‍ നാലാം പന്തില്‍ തന്നെ ക്യാപിറ്റല്‍സ് വിജയം സ്വന്തമാക്കി. ഒരു ഫോറും സിക്സും വഴങ്ങിയാണ് സന്ദീപിന്റെ ഓവര്‍ അവസാനിച്ചത്. മത്സരത്തിലുടനീളം രാജസ്ഥാന്‍ വരുത്തിവെച്ച വലിയ പിഴവുകളാണ് തോല്‍വിയുടെ പ്രധാന കാരണം.

Content Highlight: IPL 2025: Nitish Rana Talking About Super Over Of Rajasthan Royals VS Delhi Capitals

We use cookies to give you the best possible experience. Learn more