ഐ.പി.എല്ലില്‍ ബെംഗളൂരുവും ഹൈദരാബാദും തമ്മിലുള്ള മത്സരമാണ് നടക്കാനിരിക്കുന്നത്. എകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇരുവരും ഏറ്റുമുട്ടുക. പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ബെംഗളൂരു ഇറങ്ങുമ്പോള്‍ സണ്‍റൈസേഴ്‌സ് സീസണിലെ ആശ്വാസ ജയമാണ് നോട്ടമിടുന്നത്.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന രണ്ട് മത്സരങ്ങളില്‍ ജയം നേടി സീസണിന് വിരാമമിടാനാവും കമ്മിന്‍സും സംഘവും ആഗ്രഹിക്കുന്നത്. മാത്രമല്ല ഈ മത്സരത്തില്‍ വിജയിച്ച് ക്വാളിഫയറിലേക്ക് സ്ഥാനമുറപ്പിക്കാനാണ് ബെംഗളൂരു ലക്ഷ്യം വെക്കുന്നത്.
എന്നാല്‍ മത്സരം ഹൈരാബാദിനേക്കാള്‍ നിര്‍ണായകം ബെംഗളൂരിനാണെന്നാണ് മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിങ് സിദ്ദു പറയുന്നത്. ഹൈദരാബാദിന് ഒരു തരത്തിലുമുള്ള സമ്മര്‍ദവുമില്ലെന്നും ബെംഗളൂരിന് രണ്ട് പോയിന്റ് വേണ്ടത് അത്യാവശ്യമായതിനാല്‍ മത്സരം അവര്‍ക്ക് ഏറെ നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഒരു തരത്തിലുമുള്ള സമ്മര്‍ദവുമില്ല, ലഖ്‌നൗ എങ്ങനെയാണ് കളിച്ചതെന്ന് നോക്കൂ. ബെംഗളൂരിന് രണ്ട് പോയിന്റ് വേണ്ടത് അത്യാവശ്യമായതിനാല്‍ അവര്‍ക്ക് ഏറെ നിര്‍ണായകമാണ്. നിങ്ങള്‍ എന്തെങ്കിലും പിന്തുടരുന്ന സമയത്ത് അത് അകന്ന് പോകാനുള്ള സാധ്യത കൂടും. മറുവശത്ത് ഹൈദരാബാദ് ഒരു ഭാരവുമില്ലാതെയാണ് കളത്തിലിറങ്ങുന്നത്. അവര്‍ക്ക് നഷ്ടപ്പെടാനൊന്നുമില്ല.
അവര്‍ക്ക് വിജയിക്കേണം, നഷ്ടപ്പെടാനൊന്നുമില്ല, അതേസമയം ബെംഗളൂരു ജാഗ്രതയോടെ കളിക്കണം. അതാണ് പ്രധാന കാര്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ വിജയിച്ചാല്‍, അത് നിങ്ങളെ വളരെയധികം മുന്നോട്ട് നയിക്കും. കാരണം ഹൈദരാബാദ് ഒഴികെ 2011 മുതല്‍ 2024 വരെ മികച്ച രണ്ട് ടീമുകള്‍ക്ക് മാത്രമേ തുടര്‍ച്ചയായി കിരീടം നേടാന്‍ സാധിച്ചിട്ടുള്ളൂ,’ സിദ്ദു പറഞ്ഞു.
സിസണില്‍ ബെംഗളൂരു തങ്ങളുടെ കന്നി ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിടുന്നത് കാണാനാണ് ആരാധകരും കാത്തിരിക്കുന്നത്. 18 വര്‍ഷത്തെ ഐ.പി.എല്ലില്‍ ഇതുവരെ വിരാടിനും സംഘത്തിനും കിരീടം നേടാന്‍ സാധിച്ചിരുന്നില്ല.
വമ്പന്‍ പേരുകള്‍ ടീമിലുണ്ടായിട്ടും കിരീടത്തിനടുത്തെത്താന്‍ മാത്രമാണ് ബെംഗളൂരുവിന് സാധിച്ചത്. ഈ സീസണില്‍ ക്യാപ്റ്റന്‍സി രജത് പാടിദാറിനെ ഏല്‍പ്പിച്ചതും താരങ്ങള്‍ എല്ലാ മേഖലയിലിലും മികവ് പുലര്‍ത്തുന്നതും ടീമിന്റെ പ്രതീക്ഷകള്‍ മുന്നോട്ട് കൊണ്ടുപോകുകയാണ്.
Content Highlight: IPL 2025: Navjot Singh Sidhu Warns RCB