ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെയാണ് നേരിടുന്നത്. മുംബൈയുടെ തട്ടകമായ വാംഖഡേ സ്റ്റേഡിയത്തിലാണ് മത്സരം.
നിലവില്‍ പോയിന്റ് പട്ടികയില്‍ 11 മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയവും നാല് തോല്‍വിയും ഉള്‍പ്പെടെ 14 പോയിന്റോടെ മുംബൈ ഇന്ത്യന്‍സ് മൂന്നാമതാണ്. അതേസമയം 10 മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ നാലാം സ്ഥാനത്താണ് ഗുജറാത്ത്. ഇതോടെ ഇന്ന് നടക്കാനിരിക്കുന്ന മത്സരം ഇരുവര്‍ക്കും നിര്‍ണായകമാണ്.
ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിങ് സിദ്ദു. ഓരോ മത്സരത്തിന് ശേഷവും മുംബൈ മെച്ചപ്പെട്ട് വരുകയാണെന്നും ടീമിന് പോസിറ്റീവായത് രോഹിത്ത് ഫോം വീണ്ടെടുത്തതുമാണെന്ന് സിദ്ദു പറഞ്ഞു. മികച്ച പ്രകടനമാണ് രോഹിത് കാഴ്ചവെക്കുന്നതെന്നും എതിരാളികളില്‍ നിന്ന് രോഹിത് മത്സരങ്ങള്‍ തട്ടിയെടുക്കുന്നുവെന്നും സിദ്ദു അഭിപ്രായപ്പെട്ടു.
‘ഓരോ മത്സരത്തിനു ശേഷവും മുംബൈ ഇന്ത്യന്‍സ് മെച്ചപ്പെട്ടു. മുംബൈയ്ക്ക് പോസിറ്റീവായത് രോഹിത്തിന്റെ സമീപകാല ഫോമാണ്. മാത്രമല്ല മൂന്ന് അര്‍ധ സെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹം പലപ്പോഴും ഇത് ചെയ്യാറുണ്ട്, പക്ഷേ ഐ.പി.എല്ലില്‍ അത് സംഭവിക്കുന്നത് കാണുന്നത് സന്തോഷകരമാണ്. എതിരാളികളില്‍ നിന്ന് അദ്ദേഹം മത്സരങ്ങള്‍ തട്ടിയെടുക്കുന്നു.
തിലക് വര്‍മയും സ്‌കൈയും റണ്‍സ് നേടുന്നുണ്ട്, പക്ഷേ രോഹിതിന്റെ ഫോം എല്ലാ മാറ്റങ്ങളും വരുത്തി. പരാജയങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന് സമയം നല്‍കി. ആധിപത്യം സ്ഥാപിക്കാന്‍ രോഹിതിന് എല്ലാ കഴിവുമുണ്ട്. നിങ്ങള്‍ മുഴുവന്‍ ശക്തിയും ഉപയോഗിച്ചാല്‍ ലോകം മുഴുവന്‍ നിങ്ങളുടെ കാല്‍ക്കല്‍ വീഴുന്നു. രോഹിത് ഇപ്പോള്‍ സിംഗിള്‍സിലും ഡബിള്‍സിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അദ്ദേഹത്തിന്റെ ഫോം എല്ലാം വീണ്ടെടുത്തു,’ നവ്‌ജോത് പറഞ്ഞു.
നിസവില്‍ 10 മത്സരങ്ങളില്‍ നിന്ന് 293 റണ്‍സാണ് രോഹിത് നേടിയത്. 76* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെ 32.56 എന്ന ആവറേജിലാണ് രോഹിത് ബാറ്റ് വീശിയത്. 155.0 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. മൂന്ന് അര്‍ധ സെഞ്ച്വറിയും സീസണില്‍ രോഹിത് രേഖപ്പെടുത്തി.
Content Highlight: IPL 2025: Navjot singh Sidhu Praises Rohit Sharma