| Wednesday, 21st May 2025, 12:40 pm

അവന്‍ സച്ചിനേക്കാള്‍ ശക്തന്‍, ഇതുപോലൊരുത്തനെ കണ്ടിട്ടില്ല; പ്രസ്താവനയുമായി മുന്‍ ഇന്ത്യന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം (ചൊവ്വ) നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ തകര്‍പ്പന്‍ വിജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് രാജസ്ഥാന്‍ വിജയിച്ചത്. ഇതോടെ സീസണില്‍ ഒമ്പതാം സ്ഥാനക്കാരായാണ് സഞ്ജുവും സംഘവും കളം വിട്ടത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്സ് ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം 17 പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു രാജസ്ഥാന്‍. മത്സരത്തില്‍ രാജസ്ഥാന് വേണ്ടി മിന്നും പ്രകടനമാണ് ഓപ്പണര്‍ വൈഭവ് സൂര്യവംശി കാഴ്ചവെച്ചത്. 33പന്തില്‍ നിന്ന് നാല് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 57 റണ്‍സാണ് അടിച്ചെടുത്തത്. 172.73 എന്ന പ്രഹരശേഷിയിലാണ് ഈ 14കാരന്‍ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചത്.

ഇപ്പോള്‍ താരത്തെ പ്രശംസിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിങ് സിദ്ദു. ഒരു തലമുറയുടെ മികച്ച താരമാണ് വൈഭവ് എന്നും തന്റെ ജീവിതത്തിലൊരിക്കലും ഇതുപോലൊരു കളിക്കാരനെ കണ്ടിട്ടില്ലെന്നും സിദ്ദു പറഞ്ഞു. മാത്രമല്ല സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ തുടങ്ങുമ്പോള്‍ 16 വയസായിരുന്നെന്നും എന്നാല്‍ 14 വയസുള്ള വൈഭവ് സച്ചിനെക്കാളും ശക്തനാണെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

‘ഒരു തലമുറയുടെ മികച്ച താരമാണ് അവന്‍. എന്റെ ജീവിതത്തിലൊരിക്കലും ഇതുപോലൊരു കളിക്കാരനെ കണ്ടിട്ടില്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ തുടങ്ങുമ്പോള്‍ 16 വയസായിരുന്നു. എന്നാല്‍ 14 വയസുള്ള വൈഭവ് സച്ചിനെക്കാളും ശക്തനാണ്. അവന്റെ അതിശയകരമായ ബാറ്റിങ് വേഗത ശക്തമായി ഹിറ്റിന് ചെയ്യാന്‍ സഹായിക്കുന്നു. സച്ചിന് കുറ്റങ്ങളൊന്നുമില്ല പക്ഷേ വൈഭവ് ഇപ്പോള്‍ മികച്ച കളിക്കാരനാണ്.

ഇറാനി കപ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സെഞ്ച്വറി നേടിയപ്പോള്‍, ഞാന്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തുടക്കം മുതല്‍ തന്നെ അദ്ദേഹം കഴിവുള്ളവനായിരുന്നു. അദ്ദേഹത്തിന്റെ ബാറ്റിങ് ആയുധപ്പുരയില്‍ എല്ലാ സ്‌ട്രോക്കുകളും ഉണ്ട്. എന്നിരുന്നാലും, വൈഭവ് സൂര്യവംശിക്ക് സച്ചിനെക്കാള്‍ ശക്തിയുണ്ടെന്ന് എനിക്ക് തോന്നുന്നു,’ നവ്‌ജോത് സിങ് സിദ്ദു സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

ഏഴ് മത്സരത്തില്‍ നിന്ന് 252 റണ്‍സാണ് താരം സ്വന്തമാക്കിയത്. 36 എന്ന ആവറേജിലും 206.56 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരത്തിന്റെ ബാറ്റിങ് പ്രകടനം. മാത്രമല്ല 101 എന്ന ഉയര്‍ന്ന സ്‌കോറും അരങ്ങേറ്റ സീസണില്‍ വൈഭവ് സ്വന്തമാക്കി.

Content Highlight: IPL 2025: Navjot Singh Sidhu Compare Sachin Tendulkar And Vibhav Suryavanshi

Latest Stories

We use cookies to give you the best possible experience. Learn more