ഐ.പി.എല്‍ 2025 സീസണ്‍ അവസാനത്തോട് അടുക്കുകയാണ്. ഫൈനല്‍ ഉള്‍പ്പെടെ രണ്ട് മത്സരങ്ങളാണ് ഇനി ടൂര്‍ണമെന്റില്‍ ബാക്കിയുള്ളത്. സീസണിനുടനീളം മികച്ച ഫോമില്‍ മുന്നേറിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇതിനകം തന്നെ ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്.
കലാശപോരില്‍ ആരാണ് തങ്ങളുടെ എതിരാളികള്‍ എന്നറിയാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് പ്ലേ ബോള്‍ഡ് ആര്‍മി. ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ പഞ്ചാബ് കിങ്‌സും മുംബൈയും തമ്മില്‍ ഏറ്റുമുട്ടാനിരിക്കുകയാണ്. പോരാട്ടത്തില്‍ വിജയിക്കുന്നവര്‍ കിരീടത്തിനായി ആര്‍.സി.ബിയെ നേരിടും. ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് ഫൈനലിനും വേദി.
തങ്ങളുടെ കന്നി കിരീടത്തിനായി കാത്തിരിക്കുന്ന ബെംഗളൂരുവിനെക്കുറിച്ചും ബാറ്റിങ് പരിശീലകനും മെന്ററുമായ ദിനേശ് കാര്‍ത്തിക്കിനെക്കുറിച്ചും സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയാല്‍ ദിനേശ് കാര്‍ത്തിക്കിന് അത് താങ്ങാനാവാത്ത അവസ്ഥയിലേക്ക് എത്തിക്കുമെന്നും പരിശീലകനായും മെന്ററായും ഉള്ള അദ്ദേഹത്തിന്റെ ആദ്യ സീസണാണിതെന്നും ഹുസൈന്‍ പറഞ്ഞു. സ്‌കൈ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയിലാണ് നാസര്‍ തന്റെ അഭിപ്രായം പങ്കുവെച്ചത്.
‘ബെംഗളൂരു ഫൈനലില്‍ എത്തിയിട്ടുണ്ട്, അവര്‍ അതില്‍ വിജയിച്ചാല്‍ ദിനേശ് കാര്‍ത്തിക്കിന് അത് താങ്ങാനാവാത്ത അവസ്ഥയിലേക്ക് എത്തും. പരിശീലകനായും മെന്ററായും ഉള്ള അദ്ദേഹത്തിന്റെ ആദ്യ സീസണാണിത്,’ നാസര്‍ ഹുസൈന്‍ സ്‌കൈ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
അതേസമയം ഗുജറാത്തിനെതിരായ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ന് പഞ്ചാബിനെ നേരിടാനിരിക്കുന്നത്. എന്നാല്‍ ആദ്യ ക്വാളിഫയറില്‍ ബെംഗളൂരുവിനോടേറ്റ കനത്ത തോല്‍വിയുമായാണ് പഞ്ചാബ് കളത്തിലെത്തുന്നത്.
ശ്രേയസ് അയ്യര്‍ എന്ന മിന്നും ക്യാപ്റ്റന്റെ കീഴില്‍ തങ്ങളുടെ കന്നി കിരീടത്തിലേക്ക് എത്താന്‍ പഞ്ചാബിന് സാധിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ശക്തരായ മുംബൈ തങ്ങളുടെ ആറാം കിരീടനേട്ടം ലക്ഷ്യമിടുമ്പോള്‍ വലിയ ആവേശത്തോടെയാണ് ഇന്ന് നടക്കുന്ന മത്സരത്തെ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്.
Content Highlight: IPL 2025: Nasser Hussain Talking About Dinesh Karthik