| Sunday, 27th April 2025, 9:56 pm

ഐ.പി.എല്ലില്‍ ഈ ഐതിഹാസിക നേട്ടം സ്വന്തമാക്കിയ ഏക ടീം; ചരിത്ര നേട്ടവുമായി മുംബൈ ഇന്ത്യന്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ല്‍ തുടര്‍ച്ചയായ അഞ്ചാം വിജയവുമായി മുംബൈ ഇന്ത്യന്‍സ് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ്. തോറ്റുകൊണ്ട് തുടങ്ങുന്ന മുംബൈ ഇന്ത്യന്‍സിനെ ഭയക്കണം എന്ന് എന്തുകൊണ്ടാണ് ആരാധകര്‍ ഇത്ര ആത്മവിശ്വാസത്തോടെ പറയുന്നത് എന്ന് വ്യക്തമാക്കുന്നതായിരുന്നു ടീമിന്റെ സമീപകാല പ്രകടനങ്ങള്‍.

സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റിഷബ് പന്തിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 54 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. മുംബൈ ഉയര്‍ത്തിയ 216 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗ 161 റണ്‍സിന് പുറത്തായി.

ഇതോടെ ഒരു ഐതിഹാസിക നേട്ടമാണ് മുംബൈ ഇന്ത്യന്‍സിന്റെ പേരില്‍ കുറിക്കപ്പെട്ടത്. ഐ.പി.എല്‍ ചരിത്രത്തില്‍ 150 മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ ടീം എന്ന റെക്കോഡാണ് മുന്‍ ചാമ്പ്യന്‍മാര്‍ സ്വന്തമാക്കിയത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം മത്സരങ്ങള്‍ വിജയിച്ച ടീം

(ടീം – മത്സരം – വിജയം എന്നീ ക്രമത്തില്‍)

മുംബൈ ഇന്ത്യന്‍സ് – 271 – 150*

ചെന്നൈ സൂപ്പര്‍ കിങ്‌സ് – 248 – 140

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 261 – 134

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 266 – 129

ദല്‍ഹി ക്യാപ്പിറ്റല്‍സ് – 261 – 121

പഞ്ചാബ് കിങ്‌സ് – 255 – 117

രാജസ്ഥാന്‍ റോയല്‍സ് – 231 – 114

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 131 – 91

ഗുജറാത്ത് ടൈറ്റന്‍സ് – 53 – 34

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 54 – 29

ഇതിനൊപ്പം തന്നെ 200+ റണ്‍സ് ഒരിക്കല്‍ പോലും ഡിഫന്‍ഡ് ചെയ്ത പരാജയപ്പെട്ടിട്ടില്ല എന്ന നേട്ടവും മുംബൈ തുടരുകയാണ്. 16 തവണയാണ് മുംബൈ 200+ ടോട്ടല്‍ ഡിഫന്‍ഡ് ചെയ്തത്. ഇതില്‍ 16 തവണയും മുംബൈ വിജയിച്ചുകയറി.

ലഖ്‌നൗവിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് മൂന്നാം ഓവറില്‍ തന്നെ രോഹിത് ശര്‍മയെ നഷ്ടപ്പെട്ടിരുന്നു. അഞ്ച് പന്തില്‍ 12 റണ്‍സാണ് രോഹിത് നേടിയത്.

രണ്ടാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി റിയാന്‍ റിക്കല്‍ടണും വില്‍ ജാക്സും ഇന്നിങ്സിന് അടിത്തറയൊരുക്കി. ടീം സ്‌കോര്‍ 88 നില്‍ക്കവെ റിക്കല്‍ടണെ മടക്കി ദിഗ്വേഷ് രാഥി ലഖ്നൗവിനാവശ്യമായ ബ്രേക് ത്രൂ നല്‍കി.

32 പന്തില്‍ നാല് സിക്സറും ആറ് ഫോറുമടക്കം 181.25 സ്ട്രൈക്ക് റേറ്റില്‍ 58 റണ്‍സാണ് താരം സ്വന്തമാക്കിയത്.

പിന്നാലെയെത്തിയ സൂര്യകുമാറും വില്‍ ജാക്സിനെ ഒപ്പം കൂട്ടി സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. വില്‍ ജാക്സ് 21 പന്തില്‍ 29 റണ്‍സടിച്ച് മടങ്ങി. പിന്നാലെയെത്തിയ തിലക് വര്‍മ ആറ് റണ്‍സിനും ഹര്‍ദിക് പാണ്ഡ്യ അഞ്ച് റണ്‍സിനും മടങ്ങിയെങ്കിലും സ്‌കൈ തന്റെ താണ്ഡവം തുടര്‍ന്നു.

ടീം സ്‌കോര്‍ 180ല്‍ നില്‍ക്കവെയാണ് സൂര്യ മടങ്ങുന്നത്. 28 പന്തില്‍ 54 റണ്‍സാണ് സൂര്യ അടിച്ചെടുത്തത്. നാല് വീതം ഫോറും സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

നമന്‍ ധിര്‍ 11 പന്തില്‍ പുറത്താകാതെ 25 റണ്‍സും കോര്‍ബിന്‍ ബോഷ് പത്ത് പന്തില്‍ 20 റണ്‍സുമായി മുംബൈ ഇന്നിങ്സില്‍ നിര്‍ണായകമായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ടീം 215ലെത്തി.

സൂപ്പര്‍ ജയന്റ്സിനായി മായങ്ക് യാദവും ആവേശ് ഖാനും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ രവി ബിഷ്ണോയ്, പ്രിന്‍സ് യാദവ്, ദിഗ്വേഷ് സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗവിനും തുടക്കം പാളി. മൂന്നാം ഓവറില്‍ തന്നെ സൂപ്പര്‍ താരം ഏയ്ഡന്‍ മര്‍ക്രമിനെ മടക്കി ജസ്പ്രീത് ബുംറ ആദ്യ രക്തം ചിന്തി. 11 പന്തില്‍ ഒമ്പത് റണ്‍സുമായി നമന്‍ ധിറിന് ക്യാച്ച് നല്‍കിയായിരുന്നു സൂപ്പര്‍ ജയന്റ്‌സ് സൂപ്പര്‍ താരത്തിന്റെ മടക്കം.

വണ്‍ ഡൗണായെത്തിയ നിക്കോളാസ് പൂരനും മിച്ചല്‍ മാര്‍ഷും ഒന്നുചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പിന് അധികം ആയുസ് നല്‍കാതെ വില്‍ ജാക്സ് ലഖ്നൗവിന് മേല്‍ അടുത്ത പ്രഹരമേല്‍പ്പിച്ചു. ടീം സ്‌കോര്‍ 60ല്‍ നില്‍ക്കവെ 15 പന്തില്‍ 27 റണ്‍സുമായി പൂരന്‍ മടങ്ങി.

ഏഴാം ഓവറിലെ ആദ്യ പന്തില്‍ നിക്കോളാസ് പൂരനെ പുറത്താക്കിയ വില്‍ ജാക്സ് ഓവറിലെ മൂന്നാം പന്തില്‍ ക്യാപ്റ്റന്‍ റിഷബ് പന്തിനും പവലിയനിലേക്ക് തിരിച്ചയച്ചു. രണ്ട് പന്തില്‍ നാല് റണ്‍സുമായാണ് പന്ത് പുറത്തായത്.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ മുംബൈ ബൗളര്‍മാര്‍ ലഖ്നൗവിനെ ഒരിക്കല്‍പ്പോലും നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. മിച്ചല്‍ മാര്‍ഷും (24 പന്തില്‍ 34) ആയുഷ് ബദോണിയും (22 പന്തില്‍ 35) ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനൊരുങ്ങിയെങ്കിലും മുംബൈ ബൗളര്‍മാര്‍ വീണ്ടും തങ്ങളുടെ മാജിക് പ്രകടമാക്കി. അവസാന പ്രതീക്ഷയായ ഡേവിഡ് മില്ലറിനെ 24 റണ്‍സിനും ചുരുട്ടിക്കെട്ടി പള്‍ട്ടാന്‍സ് വിജയത്തിലേക്ക് ഓടിയടുത്തു.

ബാക്കിയുള്ളതെല്ലാം ചടങ്ങ് മാത്രമായപ്പോള്‍ ലഖ്നൗ 161ന് പുറത്തായി.

മുംബൈയ്ക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റും ട്രെന്റ് ബോള്‍ട്ട് മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ വില്‍ ജാക്സ് രണ്ടും കോര്‍ബിന്‍ ബോഷ് ഒറു വിക്കറ്റും നേടി ലഖ്നൗവിന്റെ പതനം പൂര്‍ത്തിയാക്കി.

Content Highlight: IPL 2025: Mumbai Indians becomes the first team to complete 150 wins

Latest Stories

We use cookies to give you the best possible experience. Learn more