| Monday, 21st April 2025, 7:17 pm

ധോണി മാത്രമല്ല, പരിക്കേറ്റ് പുറത്തായ ഗെയ്ക്വാദും ഇതിന് ഉത്തരവാദി; ആഗ്രഹിക്കാത്ത നേട്ടത്തില്‍ സൂപ്പര്‍ കിങ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ വിജയമാണ് പാണ്ഡ്യയും സംഘവും സ്വന്തമാക്കിയത്.

ചെന്നൈ ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ ഇന്ത്യന്‍സ് 26 പന്ത് ശേഷിക്കെ വിജയം പിടിച്ചടക്കുകയായിരുന്നു. രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് മുംബൈ വിജയിച്ചുകയറിയത്.

ഈ പരാജയത്തിന് പിന്നാലെ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ ഏറ്റവും മോശം ഐ.പി.എല്‍ റണ്‍ തുടരുകയാണ്. നിലവില്‍ കളിച്ച എട്ട് മത്സരത്തില്‍ ആറിലും പരാജയപ്പെട്ട് പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ് ധോണിയും സംഘവും.

ആദ്യ എട്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഏറ്റവുമധികം തോല്‍വികള്‍ നേരിട്ട സീസണ്‍ കൂടിയാണിത്.

ഒരു സീസണിലെ ആദ്യ എട്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഏറ്റവുമധികം തോല്‍വികള്‍

(തോല്‍വി – ക്യാപ്റ്റന്‍/ ക്യാപ്റ്റന്‍മാര്‍ – സീസണ്‍ എന്നീ ക്രമത്തില്‍)

6 – ഋതുരാജ് ഗെയ്ക്വാദ്, എം.എസ്. ധോണി – 2025*

6 – രവീന്ദ്ര ജഡേജ – 2022

5 – എം.എസ്. ധോണി – 2020

5 – എം.എസ്. ധോണി, സുരേഷ് റെയ്‌ന – 2010

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്സിന് തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നു. ഓപ്പണര്‍ രചിന്‍ രവീന്ദ്ര നാലാം ഓവറിലെ ആദ്യ പന്തില്‍ പുറത്തായി. ഒമ്പത് പന്ത് നേരിട്ട് അഞ്ച് റണ്‍സ് നേടിയാണ് താരം മടങ്ങിയത്.

വണ്‍ ഡൗണായെത്തിയ ആയുഷ് മാഹ്ത്രെയുടെ ഇന്നിങ്സ് സൂപ്പര്‍ കിങ്സ് ടോട്ടിലന് അടിത്തറയൊരുക്കി. 15 പന്തില്‍ രണ്ട് സിക്സറും നാല് ഫോറും അടക്കം 213.33 സ്ട്രൈക്ക് റേറ്റില്‍ 32 റണ്‍സാണ് അരങ്ങേറ്റക്കാരന്‍ അടിച്ചെടുത്തത്.

ടീം സ്‌കോര്‍ 57ല്‍ നില്‍ക്കവെ ആയുഷ് മാഹ്ത്രെ പുറത്തായി. അധികം വൈകാതെ ഓപ്പണര്‍ ഷെയ്ഖ് റഷീദും മടങ്ങി. 20 പന്തില്‍ 19 റണ്‍സാണ് റഷീദ് നേടിയത്. മിച്ചല്‍ സാന്റ്നറിന്റെ പന്തില്‍ റിയാന്‍ റിക്കല്‍ടണ്‍ സ്റ്റംപ് ചെയ്താണ് സൂപ്പര്‍ കിങ്‌സ് ഓപ്പണറെ പുറത്താക്കിയത്.

പിന്നാലെയെത്തിയ രവീന്ദ്ര ജഡജേയും ശിവം ദുബെയും അര്‍ധ സെഞ്ച്വറികളുമായി തിളങ്ങി. ജഡേജ 35 പന്തില്‍ പുറത്താകാതെ 53 റണ്‍സ് നേടിയപ്പോള്‍ 32 പന്തില്‍ 50 റണ്‍സാണ് ദുബെ സ്വന്തമാക്കിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ സൂപ്പര്‍ കിങ്സ് 176ലെത്തി.

മുംബൈയ്ക്കായി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ സാന്റ്നര്‍, ദീപക് ചഹര്‍, അശ്വിനി കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് ആരാധകര്‍ ആഗ്രഹിച്ച തുടക്കമാണ് ലഭിച്ചത്. രോഹിത് ശര്‍മയുടെ തിരിച്ചുവരവിന് കൂടിയാണ് വാംഖഡെ സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ആരാധകര്‍ സാക്ഷ്യം വഹിച്ചത്.

ആദ്യ വിക്കറ്റില്‍ രോഹിത്തും റിയാന്‍ റിക്കല്‍ടണും ചേര്‍ന്ന് 69 റണ്‍സിന്റെ കൂട്ടുകെട്ടൊരുക്കി. 19 പന്തില്‍ 24 റണ്‍സ് നേടിയ റിയാന്‍ റിക്കല്‍ടണെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് പാര്‍ട്ണര്‍ഷിപ്പ് പൊളിച്ചത്. ആയുഷ് മാഹ്ത്രെക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

വണ്‍ ഡൗണായി സൂര്യകുമാര്‍ യാദവ് ക്രീസിലെത്തി. രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇരുവരും ടീമിനെ വിജയത്തിലേക്ക് നയിച്ചു. സീസണില്‍ ഇതാദ്യമായാണ് മുംബൈ ഇന്ത്യന്‍സിന്റെ പേരില്‍ സെഞ്ച്വറി കൂട്ടുകെട്ട് പിറക്കുന്നത്.

മുംബൈയ്ക്കായി രോഹിത് 45 പന്തില്‍ പുറത്താകാതെ 76 റണ്‍സ് നേടിയപ്പോള്‍ 30 പന്തില്‍ പുറത്താകാതെ 68 റണ്‍സാണ് സൂര്യ അടിച്ചെടുത്തത്.

Content Highlight: IPL 2025: Most Losses for Chennai Super Kings in first 8 games of an IPL season

We use cookies to give you the best possible experience. Learn more