| Friday, 23rd May 2025, 9:29 am

ടൈറ്റന്‍സ് അവരെ നേരിടാന്‍ ആഗ്രഹിക്കുന്നുണ്ടാവില്ല; പ്രതികരണവുമായി കൈഫ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനോട് തോറ്റിരുന്നു. സ്വന്തം തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 33 റണ്‍സിന്റെ തോല്‍വിയാണ് മുന്‍ ചാമ്പ്യന്മാര്‍ വഴങ്ങിയത്.

തോല്‍വിയോടെ പോയിന്റ് ടേബിള്‍ ഒന്നാം സ്ഥാനമെന്ന ഗുജറാത്തിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയേറ്റു. ടൂര്‍ണമെന്റിലെ തലപ്പത്തെത്താന്‍ ടീമിന് ശേഷിക്കുന്ന ഒരു മത്സരം ജയിക്കുകയും പഞ്ചാബ് കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും അടുത്ത മത്സരങ്ങളില്‍ തോല്‍ക്കുകയും വേണം.

ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. പ്ലേ ഓഫില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടാന്‍ ആഗ്രഹിക്കുന്നുണ്ടാവില്ലെന്നും ലഖ്നൗവിനെതിരെയുള്ള തോല്‍വിയോടെ അവര്‍ സമ്മര്‍ദത്തിലായി എന്നും അദ്ദേഹം പറഞ്ഞു.

അവസാന മത്സരം ജയിച്ചാലും ഗുജറാത്തിന്റെ വിധി അവരുടെ കൈയില്‍ അല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു കൈഫ്.

‘ഗുജറാത്ത് ടൈറ്റന്‍സ് മുംബൈ ഇന്ത്യന്‍സിനെ നേരിടാന്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. കാരണം, മുംബൈയുടെ നിലവിലെ ഫോം വെച്ച് അവരെ തോല്‍പ്പിക്കാനാകും. ഗുജറാത്ത് തോല്‍വിയോടെ അവരെ തന്നെ സമ്മര്‍ദത്തിലാക്കി. അവര്‍ ഇനി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്സും അവരുടെ അടുത്ത മത്സരങ്ങള്‍ തോല്‍ക്കണമെന്ന് ആഗ്രഹിക്കും.

അവര്‍ ഇരുവരും ജയിച്ചാല്‍ ഗുജറാത്തിന് മുംബൈയെ നേരിടേണ്ടി വരും. ടൈറ്റന്‍സ് അവസാന മത്സരം ജയിച്ചാലും അവരുടെ വിധി അവരുടെ കൈയിലല്ല,’ കൈഫ് പറഞ്ഞു.

സീസണില്‍ ഇനി ഒരു മത്സരമാണ് ഗുജറാത്ത് ടൈറ്റന്‍സിന് ബാക്കിയുള്ളത്. മെയ് 25ന് ചെന്നൈ സൂപ്പര്‍ കിങ്സുമായാണ് ടീമിന്റെ മത്സരം. സ്വന്തം തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയമാണ് വേദി.

നിലവില്‍ ഗുജറാത്ത് പോയിന്റ് ടേബിളില്‍ 18 പോയിന്റുമായി ഒന്നാമതാണ്. ചെന്നൈക്കെതിരെ ജയിച്ചാല്‍ 20 പോയിന്റാകും. ബെംഗളുരുവിനും പഞ്ചാബിനും രണ്ട് മത്സരങ്ങള്‍ ബാക്കിയുള്ളതിനാല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുക പ്രയാസമാണ്.

Content Highlight: IPL 2025: Mohammed Kaif says Gujarat Titans will not hope to face Mumbai Indians in playoffs

We use cookies to give you the best possible experience. Learn more