| Monday, 12th May 2025, 9:06 am

ദല്‍ഹിക്ക് തിരിച്ചടി; ശേഷിക്കുന്ന മത്സരങ്ങളില്‍ കളത്തിലിറങ്ങുക ഈ സൂപ്പര്‍ താരമില്ലാതെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ പുനരാരംഭിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ദല്‍ഹി ക്യാപിറ്റല്‍സിന് വമ്പന്‍ തിരിച്ചടി. നാട്ടിലേക്ക് പോയ ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ബാക്കിയുള്ള മത്സരങ്ങളില്‍ കളിച്ചേക്കില്ല. മത്സരങ്ങള്‍ക്കായി താരം ഇന്ത്യയിലേക്ക് മടങ്ങാന്‍ സാധ്യത കുറവാണെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഐ.പി.എല്‍ മെയ് ഒമ്പതിന് നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം നാട്ടിലേക്ക് മടങ്ങിയത്.

ടൂര്‍ണമെന്റ് പുനരാരംഭിച്ചാല്‍ സ്റ്റാര്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങിവരില്ലെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ ഓസ്ട്രേലിയയുടെ നയന്‍ ന്യൂസിനോട് പറഞ്ഞതായും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. ഐ.പി.എല്‍ പുനരാരംഭിക്കുന്നതിനായി കളിക്കാര്‍ തിരിച്ചുവരേണ്ടതില്ലെന്ന് തീരുമാനിച്ചാല്‍ ക്രിക്കറ്റ് ഓസ്ട്രേലിയ (സി.എ) അവരെ പിന്തുണക്കുമെന്ന് ദി ഏജിനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

മിച്ചല്‍ സ്റ്റാര്‍ക്ക് ടൂര്‍ണമെന്റിന് തിരിച്ചെത്തിയില്ലെങ്കില്‍ പ്ലേ ഓഫ് സ്വപനം കാണുന്ന ദല്‍ഹി ക്യാപിറ്റല്‍സ് വലിയ തിരിച്ചടിയാകും. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും വിജയം അനിവാര്യമായിരിക്കെ സൂപ്പര്‍ പേസറുടെ അഭാവം ക്യാപിറ്റല്‍സിന് നല്‍കുന്ന വിടവ് വലുതായിരിക്കും.

ടൂര്‍ണമെന്റില്‍ ദല്‍ഹിക്കായി ബൗളിങ്ങില്‍ മികച്ച പ്രകടനമാണ് സ്റ്റാര്‍ക്ക് ഈ സീസണില്‍ ഇതുവരെ പുറത്തെടുത്തത്. 12 മത്സരങ്ങളില്‍ 14 വിക്കറ്റുകളുമായി താരം ടീമിന്റെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതാണ്.

27.78 ആവറേജിലും 10.23 എക്കണോമിയിലും പന്തെറിയുന്ന ഓസ്ട്രേലിയന്‍ പേസര്‍ ഒരു അഞ്ച് വിക്കറ്റ് നേട്ടവും ഈ സീസണില്‍ സ്വന്തമാക്കിയിട്ടുണ്ട്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള ഹോം മത്സരത്തില്‍ നേടിയ 35 റണ്‍സിന് അഞ്ച് വിക്കറ്റാണ് ഈ സീസണിലെ താരത്തിന്റെ മികച്ച പ്രകടനം.

നിലവില്‍ ദല്‍ഹി ക്യാപിറ്റല്‍സ് പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ്. 11 മത്സരങ്ങളില്‍ ആറ് ജയവും നാല് തോല്‍വിയുമായി 13 പോയിന്റാണ് ടീമിനുള്ളത്. പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പിക്കാന്‍ അക്‌സറിന്റെ സംഘത്തിന് എല്ലാ മത്സരങ്ങളിലും വിജയം അനിവാര്യമാണ്.

അതേസമയം, അടുത്ത ആഴ്ച ഐ.പി.എല്‍ മത്സരങ്ങള്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മെയ് 13നകം ടീമുകളോട് തയ്യാറായിരിക്കാന്‍ ബി.സി.സി. ഐ നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന മത്സരങ്ങളുടെ ഷെഡ്യൂളും വേദികളും സംബന്ധിച്ച കൂടുതല്‍ അപ്‌ഡേറ്റുകള്‍ അധികാരികളുമായി കൂടിയാലോചിച്ച് സമഗ്രമായ വിലയിരുത്തലിന് ശേഷം യഥാസമയം പ്രഖ്യാപിക്കുമെന്ന് ബി.സി.സി.ഐ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Content Highlight: IPL 2025: Mitchell Starc is unlikely to return Delhi Capitals when IPL resumes

We use cookies to give you the best possible experience. Learn more