ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. താരങ്ങളുടെ സുരക്ഷയടക്കമുള്ള കാര്യങ്ങള്‍ കണക്കിലെടുത്താണ് ഐ.പി.എല്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ ഐ.പി.എല്‍ പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ടിട്ടില്ലെന്നും ഒരാഴ്ചയ്ക്ക് ശേഷം സ്ഥിതിഗതികള്‍ പരിശോധിച്ച് ടൂര്‍ണമെന്റ് വീണ്ടും പുനരാരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യ – പാക് സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഐ.പി.എല്‍ യു.കെയില്‍ നടത്താന്‍ സാധിക്കുമെന്ന നിര്‍ദേശം മുമ്പോട്ടുവെക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ഐ.പി.എല്‍ മത്സരങ്ങള്‍ യു.കെയില്‍ നടത്താമെന്നും, ശേഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കളിക്കേണ്ടതിനാല്‍ ഇന്ത്യന്‍ ടീമിന് അവിടെ തന്നെ തുടരാമെന്നുമാണ് വോണ്‍ നിര്‍ദേശിക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലാണ് വോണ്‍ ഈ നിര്‍ദേശം മുമ്പോട്ടുവെക്കുന്നത്.
‘ഐ.പി.എല്‍ മത്സരങ്ങള്‍ യു.കെയില്‍ വെച്ച് നടത്തി അവസാനിപ്പിക്കാന്‍ സാധിക്കുമോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ഇവിടെ എല്ലാ വേദികളും തയ്യാറാണ്. ഇതിനൊപ്പം ഇന്ത്യന്‍ താരങ്ങള്‍ക്ക് (ഇംഗ്ലണ്ടിനെതിരായ) ടെസ്റ്റ് പരമ്പര കളിക്കേണ്ടതിനാല്‍ ഇവിടെ തുടരുകയും ചെയ്യാം,’ എന്നാണ് വോണ്‍ കുറിച്ചത്.
ജൂണ്‍ 20ന് ആരംഭിക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയെ കുറിച്ചാണ് വോണ്‍ പരാമര്‍ശിച്ചത്. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്കായാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുക.
അതേസമയം, വോണിന്റെ ആശയത്തോട് അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകര്‍ രംഗത്തെത്തുന്നുണ്ട്.
ഐസ്‌ലാന്‍ഡ് ക്രിക്കറ്റും മൈക്കല്‍ വോണിന്റെ പരാമര്‍ശത്തോട് പ്രതികരിച്ചിട്ടുണ്ട്.
‘ഐസ്‌ലാന്‍ഡ് മാത്രമാണ് ഒരേയൊരു ഓപ്ഷനായി മുമ്പിലുള്ളത്. ഇവിടെ 24 മണിക്കൂറും സൂര്യപ്രകാശമുണ്ട്. ഫ്‌ളഡ്‌ലൈറ്റ് തകരാറുകള്‍ ഒരു പ്രശ്‌നമാകില്ല,’ എന്നാണ് ഐസ്‌ലാന്‍ഡ് ക്രിക്കറ്റ് തമാശപൂര്‍വം തങ്ങളുടെ ഒഫീഷ്യല്‍ എക്‌സ് അക്കൗണ്ടില്‍ കുറിച്ചത്.
അതേസമയം, ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന മത്സരങ്ങളുടെ ഷെഡ്യൂളും വേദികളും സംബന്ധിച്ച കൂടുതല്‍ അപ്ഡേറ്റുകള്‍ അധികാരികളുമായി കൂടിയാലോചിച്ച് സമഗ്രമായ വിലയിരുത്തലിന് ശേഷം യഥാസമയം പ്രഖ്യാപിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്.
രാജ്യത്തിന് എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കുന്നുവെന്നും രാജ്യത്തിന്റെ പരമാധികാരം, സമഗ്രത, സുരക്ഷ എന്നിവയേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്നും ബി.സി.സി.ഐ വ്യക്തമാക്കി.
Content Highlight: IPL 2025: Michael Vaughan suggests tournament could be held in the UK