ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ ഉപ്പലില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. 26 പന്ത് ശേഷിക്കവെയായിരുന്നു മുംബൈയുടെ വിജയം. ഇതോടെ തുടര്‍ച്ചയായ നാലാം വിജയമാഘോഷിച്ച് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും മുന്‍ ചാമ്പ്യന്മാര്‍ക്ക് സാധിച്ചു.
സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 144 റണ്‍സിന്റെ വിജയലക്ഷ്യം രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും കരുത്തില്‍ മുംബൈ മറികടക്കുകയായിരുന്നു.
മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിനെ മുംബൈ ബൗളര്‍മാര്‍ വരിഞ്ഞു മുറുക്കുകയായിരുന്നു. ദീപക് ചഹറിന്റെയും ട്രെന്റ് ബോള്‍ട്ടിന്റെയും കരുത്തില്‍ പവര്‍ പ്ലേയില്‍ ഹൈദരാബാദിന്റെ നാല് വിക്കറ്റുകള്‍ നേടാന്‍ മുംബൈക്ക് സാധിച്ചിരുന്നു. ഇവരും മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ടീമിന്റെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്ക് തന്റെ മികച്ച പ്രകടനം പുറത്തെടുക്കാനിയിരുന്നില്ല.
ബുംറ നാല് ഓവറുകള്‍ എറിഞ്ഞ് 39 റണ്‍സാണ് മത്സരത്തില്‍ വിട്ടുനല്‍കിയത്. മുംബൈ നിരയില്‍ കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തതും താരമാണ്. എങ്കിലും ഹൈദരാബാദിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയ ഹെന്റിക് ക്ലാസന്‍ – അഭിനവ് മനോഹര്‍ കൂട്ടുകെട്ട് പൊളിച്ചത് ബുംറയായിരുന്നു. 19ാം ഓവറില്‍ ക്ലാസനെ പുറത്താക്കിയാണ് താരം കൂട്ടുകെട്ട് പൊളിച്ചതും മത്സരത്തിലെ തന്റെ ഏക വിക്കറ്റും നേടിയത്.
ഇതിന് പിന്നാലെ ഒരു നേട്ടവും ബുംറക്ക് സ്വന്തമാക്കാനായി. 300 ടി-20 വിക്കറ്റുകള്‍ വേഗത്തില്‍ നേടുന്ന മൂന്നാമത്തെ പേസര്‍ എന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. 237 ഇന്നിങ്‌സില്‍ നിന്നാണ് താരം ഈ നേട്ടത്തിലെത്തിയത്.
(താരം – ഇന്നിങ്സ് എന്നീ ക്രമത്തില്‍)
ആന്‍ഡ്രൂ ടൈ – 208
ലസിത് മലിംഗ – 217
ജസ്പ്രീത് ബുംറ* – 237
മുസ്തഫിസുര്‍ റഹ്‌മാന്‍ – 241
ടിം സൗത്തി – 248
മുംബൈ ഇന്ത്യന്‍സിനായി ട്രെന്റ് ബോള്‍ട്ട് നാല് വിക്കറ്റ് നേടിയപ്പോള്‍ ദീപക് ചഹര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് റിയാന്‍ റിക്കല്‍ടണെ തുടക്കത്തിലേ നഷ്ടമായിരുന്നു. എട്ട് പന്തില്‍ 11 റണ്‍സുമായി നില്‍ക്കവെ ജയ്ദേവ് ഉനദ്കട്ടിന് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
എന്നാല്‍ വണ്‍ ഡൗണായെത്തിയ വില്‍ ജാക്സിനെ ഒപ്പം കൂട്ടി രോഹിത് ശര്‍മ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. രണ്ടാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും മുംബൈ ഇന്നിങ്സില്‍ നിര്‍ണായകമായത്. ടീം സ്‌കോര്‍ 77ല്‍ നില്‍ക്കവെ 19 പന്തില്‍ 22 റണ്‍സ് നേടിയ വില്‍ ജാക്സ് മടങ്ങിയ തോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്.
പിന്നാലെയെത്തിയ സൂര്യകുമാറിനെ ഒപ്പം കൂട്ടി രോഹിത് ടീമിനെ വിജയ തീരത്തേക്ക് അടുപ്പിച്ചു. തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ച്വറിയുമായാണ് ഹിറ്റ്മാന്‍ തിളങ്ങിയത്. 46 പന്തില്‍ 70 റണ്‍സുമായി രോഹിത് മടങ്ങുമ്പോള്‍ വിജയത്തിന് വെറും 14 റണ്‍സ് മാത്രമകലെയായിരുന്നു മുംബൈ. സൂര്യകുമാറിന്റെ പ്രകടനത്തില്‍ വെറും ആറ് പന്തില്‍ ടീം വിജയലക്ഷ്യം മറികടക്കുകയും ചെയ്തു.
സൂര്യ 19 പന്തില്‍ പുറത്താകാതെ 40 റണ്‍സ് നേടിയപ്പോള്‍ രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി തിലക് വര്‍മ വിന്നിങ് ഷോട്ടിന് സാക്ഷിയായി നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡില്‍ നിന്നു.
ഇതോടെ സീസണില്‍ അഞ്ചാം വിജയം നേടാനും മുംബൈക്ക് സാധിച്ചു. നിലവില്‍ ഒമ്പത് മത്സരത്തില്‍ നിന്നും അഞ്ച് ജയവും നാല് തോല്‍വിയുമായി പത്ത് പോയിന്റാണ് ടീമിനുള്ളത്.
ഏപ്രില്‍ 27നാണ് മുംബൈയുടെ അടുത്ത മത്സരം. ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് എതിരാളികള്‍.
Content Highlight: IPL 2025: MI vs SRH: Jasprit Bumrah completed 300 T20 wickets