| Friday, 2nd May 2025, 4:16 pm

അവന്‍ 'ബ്രാഡ്മാനെ' പോലെ, എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍; മുംബൈ താരത്തെ പ്രശംസിച്ച് ഗില്‍ക്രിസ്റ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഇന്നലെ നടന്ന (വ്യാഴം) മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ വിജയം. രാജസ്ഥാന്റെ തട്ടകമായ സവായി മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 100 റണ്‍സിനാണ് മുംബൈ ജയിച്ചു കയറിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സായിരുന്നു ഉയര്‍ത്തിയത്. എന്നാല്‍ മറുപടിക്ക് ഇറങ്ങിയ രാജസ്ഥാന്‍ 16.1 ഓവറില്‍ 117 റണ്‍സിന് പുറത്താകുകയായിരുന്നു. സീസണില്‍ മോശം തുടക്കം നേരിട്ടെങ്കിലും തുടര്‍ച്ചയായി ആറ് മത്സരം വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മുംബൈ.

മത്സരത്തില്‍ ജസ്പ്രീത് ബുംറ തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് പന്തെറിഞ്ഞത്. രാജസ്ഥാനെതിരെ നാല് ഓവര്‍ എറിഞ്ഞ് 15 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ബുംറ രാജസ്ഥാന്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെയും ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെയും വിക്കറ്റുകള്‍ നേടുകയും ചെയ്തു. 3.75 എക്കണോമിയില്‍ പന്തെറിഞ്ഞാണ് ബുംറ റോയല്‍സ് ബാറ്റര്‍മാരെ വിറപ്പിച്ചത്.

ഇപ്പോള്‍ താരത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റ്. ബുംറ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളറാണെന്നും വ്യത്യസ്ത സാഹചര്യങ്ങളിലെ താരത്തിന്റെ സ്റ്റാറ്റസ് താരതമ്യം ചെയ്യുമ്പോളും ബൗളിങ്ങില്‍ നേരിടുന്ന വെല്ലുവിളികള്‍ കണക്കിലെടുക്കുമ്പോളും സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാനെ പോലെയാണെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.

ബുംറയുടെ പ്രകടനങ്ങള്‍ മറ്റുള്ളവരേക്കാള്‍ വളരെ മുന്നിലാണെന്നും ഇത് നമ്മള്‍ യഥാര്‍ത്ഥ മഹത്വത്തിന് സാക്ഷ്യം വഹിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിക്ക് ബസ്സില്‍ സംസാരിക്കുകയായിരുന്നു ആദം ഗില്‍ക്രിസ്റ്റ്.

‘ബുംറ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളറാണ്. വ്യത്യസ്ത സാഹചര്യങ്ങളിലെ അവന്റെ സ്റ്റാറ്റസ് താരതമ്യം ചെയ്യുമ്പോളും ബൗളിങ്ങില്‍ അവന്‍ നേരിടുന്ന വെല്ലുവിളികള്‍ കണക്കിലെടുക്കുമ്പോളും സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാനെ പോലെയാണ് ബുംറ.

ബ്രാഡ്മാന്റെ കണക്കുകള്‍ അദ്ദേഹത്തെ സമകാലികരില്‍ നിന്ന് വളരെ വ്യത്യസ്തനാക്കി. ബുംറയും അതേ ലീഗിലാണ്. വ്യത്യസ്ത ഫോര്‍മാറ്റുകളിലും സാഹചര്യങ്ങളിലും, വൈവിധ്യമാര്‍ന്ന പിച്ചുകളിലും അവന്റെ പ്രകടനങ്ങള്‍, ചുറ്റുമുള്ളവരേക്കാള്‍ വളരെ മുന്നിലാണ്. ഇത് നമ്മള്‍ യഥാര്‍ത്ഥ മഹത്വത്തിന് സാക്ഷ്യം വഹിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്,’ ഗില്‍ക്രിസ്റ്റ് പറഞ്ഞു.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ബുംറയുടെ പ്രകടനത്തെ കുറിച്ചും ഗില്‍ക്രിസ്റ്റ് സംസാരിച്ചു. ഓസ്ട്രേലിയക്കാര്‍ ബുംറയെ ഭയക്കുന്നുവെന്നും പരമ്പരയില്‍ ഏറ്റവും വിക്കറ്റുകള്‍ വീഴ്ത്തിയ താരം എല്ലാ ഫോര്‍മാറ്റുകളിലും അവന്‍ ഏറ്റവും മികച്ച ബൗളറാണെന്നതില്‍ സംശയമില്ലെന്നും താരം പറഞ്ഞു.

‘ഒരു ഇന്ത്യന്‍ സീമര്‍, തുടര്‍ച്ചയായി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെക്കുന്നു, പ്രത്യേകിച്ച് ഓസ്ട്രേലിയയില്‍ നടന്ന പരമ്പരയില്‍. ഓസ്ട്രേലിയക്കാര്‍ ബുംറയെ ഭയക്കുന്നു. ബി.ജി.ടിയില്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത് ബുംറയായിരുന്നു. 13 ശരാശരിയില്‍ 32 വിക്കറ്റുകള്‍.

ആ പരമ്പരയില്‍ കമന്ററി ചെയ്യുമ്പോള്‍ അവനെ അടുത്തുനിന്ന് കണ്ടപ്പോള്‍ ഞങ്ങള്‍ എല്ലാവരും അത്ഭുതപ്പെട്ടു. അതെ, ഇതൊരു വ്യത്യസ്തമായ ഫോര്‍മാറ്റാണ്, പക്ഷേ എല്ലാ ഫോര്‍മാറ്റുകളിലും അവന്‍ ഏറ്റവും മികച്ച ബൗളറാണെന്നതില്‍ സംശയമില്ല. അതിന് ചര്‍ച്ചയുടെ ആവശ്യമില്ല,’ ഗില്‍ക്രിസ്റ്റ് പറഞ്ഞു.

മത്സരത്തില്‍ ബുംറക്ക് പുറമെ സൂപ്പര്‍ പേസറായ ട്രെന്‍ന്റ് ബോള്‍ട്ടിന്റെയും കരണ്‍ ശര്‍മയുടെയും മിന്നും പ്രകടനത്തിലാണ് രാജസ്ഥാന്‍ തകര്‍ന്നടിഞ്ഞത്. ഇരുവരും മൂന്ന് വിക്കറ്റുകള്‍ വീതം നേടി. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും ദീപക് ചഹറുമാണ് ശേഷിച്ച വിക്കറ്റുകള്‍ നേടിയത്.

രാജസ്ഥാന്‍നിരയില്‍ ജോഫ്രാ ആര്‍ച്ചറിനു മാത്രമാണ് സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചത്. 27 പന്തില്‍ 33 റണ്‍സ് ആണ് താരം നേടിയത്. യശസ്വി ജെയ്സ്വാള്‍ 13 റണ്‍സും ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 16 റണ്‍സും നേടി. കഴിഞ്ഞ മത്സരത്തിലെ ഹീറോ കൗമാരക്കാര്‍ വൈഭവ് സൂര്യവംശി ആദ്യ ഓവറിലെ നാലാം പന്തില്‍ പൂജ്യം റണ്‍സിന് കൂടാരം കയറി. മറ്റാര്‍ക്കും ടീമിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.

മുംബൈയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനമാണ് ഓപ്പണര്‍മാരായ റയാന്‍ റിക്കിള്‍ട്ടനും രോഹിത് ശര്‍മയും കാഴ്ചവെച്ചത്. രോഹിത് 36 പന്തില്‍ 53 റണ്‍സ് നേടി പരാഗിന്റെ ഇരയായപ്പോള്‍ റയാന്‍ 38 പന്തില്‍ 61 റണ്‍സും നേടി. ശേഷം ഇറങ്ങിയ സൂര്യകുമാര്‍ യാദവും ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും 23 പന്തില്‍ 48 റണ്‍സ് വീതം നേടി ശക്തമായി തിരിച്ചടിച്ച് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

Content Highlight: IPL 2025: MI vs RR: Adam Gilchrist talks about Jasprit Bumrah and compares to Don Bradman

We use cookies to give you the best possible experience. Learn more