| Monday, 7th April 2025, 10:05 pm

ഐക്കോണിക് ഡബിള്‍! ഒന്നാമനും ഏഴാമനും; ചരിത്ര നേട്ടത്തില്‍ കുങ്ഫു പാണ്ഡ്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ കരുത്തരുടെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 222 റണ്‍സിന്റെ വിജയലക്ഷ്യം പടുത്തുയര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിലാണ് ആര്‍.സി.ബി മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ വിരാട് കോഹ്‌ലിയുടെയും ക്യാപ്റ്റന്‍ രജത് പാടിദാറിന്റെയും കരുത്താണ് പ്ലേ ബോള്‍ഡ് ആര്‍മിക്ക് തുണയായത്.

മത്സരത്തില്‍ രണ്ട് വിക്കറ്റ് നേടിയതിന് പിന്നാലെ മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യ ടി-20യില്‍ 200 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയിരുന്നു.

കരിയറിലെ സുപ്രധാന നാഴികക്കല്ലിന് പിന്നാലെ മറ്റൊരു ചരിത്ര നേട്ടവും പാണ്ഡ്യയെ തേടിയെത്തി. ടി-20യില്‍ 5,000 റണ്‍സും 200 വിക്കറ്റും പൂര്‍ത്തിയാക്കുന്ന ആദ്യ ഏഷ്യന്‍ താരമെന്ന നേട്ടത്തിലേക്കാണ് പാണ്ഡ്യ കാലെടുത്ത് വെച്ചത്. ഈ ഐക്കോണിക് ഡബിള്‍ സ്വന്തമാക്കുന്ന ഏഴാമത് താരമെന്ന നേട്ടവും പാണ്ഡ്യ സ്വന്തമാക്കി.

ഡ്വെയ്ന്‍ ബ്രാവോ, ആന്ദ്രേ റസല്‍, കെയ്‌റോണ്‍ പൊള്ളാര്‍ഡ്, രവി ബൊപ്പാര, ഡാന്‍ ക്രിസ്റ്റ്യന്‍, ഷെയ്ന്‍ വാട്‌സണ്‍ എന്നിവരാണ് ഈ നേട്ടത്തിലെത്തിയ മറ്റ് താരങ്ങള്‍.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന് തുടക്കത്തില്‍ തിരിച്ചടിയേറ്റു. ട്രെന്റ് ബോള്‍ട്ടെറിഞ്ഞ ആദ്യ പന്തില്‍ ഫോറടിച്ച് തുടങ്ങിയ സൂപ്പര്‍ താരം ഫില്‍ സാള്‍ട്ട് രണ്ടാം പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങി.

ബോള്‍ട്ടിന്റെ ഫസ്റ്റ് ഓവര്‍ വിക്കറ്റ് മാജിക്കില്‍ മുംബൈ ഏര്‍ളി അഡ്വാന്റേജ് നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഡോമിനേഷന് അനുവദിക്കാതെ ആര്‍.സി.ബി രണ്ടാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

വണ്‍ ഡൗണായെത്തിയ ദേവ്ദത്ത് പടിക്കലിനെ ഒപ്പം കൂട്ടി വിരാട് കോഹ്‌ലി സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. രണ്ടാം വിക്കറ്റില്‍ 91 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്.

ടീം സ്‌കോര്‍ 95ല്‍ നില്‍ക്കവെ പടിക്കലിനെ പുറത്താക്കി വിഘ്‌നേഷ് പുത്തൂര്‍ ബ്രേക് ത്രൂ നല്‍കി. 22 പന്തില്‍ 37 റണ്‍സുമായി നില്‍ക്കവെ വില്‍ ജാക്‌സിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

കൂട്ടുകെട്ട് തകര്‍ന്നെങ്കിലും പിന്നാലെയെത്തിയ ക്യാപ്റ്റന്‍ രജത് പാടിദാറിനെ ഒപ്പം കൂട്ടി വിരാട് സ്‌കോര്‍ ബോര്‍ഡിന്റെ വേഗത കുറയാതെ കാത്തു.

15ാം ഓവറിലെ ആദ്യ പന്തില്‍ വിരാടിനെ മടക്കി ഹര്‍ദിക് പാണ്ഡ്യ റോയല്‍ ചലഞ്ചേഴ്‌സിനെ സമ്മര്‍ദത്തിലാക്കി. 42 പന്തില്‍ 67 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്. ടി-20യില്‍ ഇത് 99ാം തവണയാണ് വിരാട് 50+ സ്‌കോര്‍ സ്വന്തമാക്കുന്നത്.

അതേ ഓവറില്‍ ലിയാം ലിവിങ്‌സ്റ്റണെയും മടക്കി ഹര്‍ദിക് ആര്‍.സി.ബിക്ക് ഇരട്ട പ്രഹരം നല്‍കി. സില്‍വര്‍ ഡക്കായാണ് സൂപ്പര്‍ താരം മടങ്ങിയത്.

ജിതേഷ് ശര്‍മ ക്രീസിലെത്തിയതോടെ ആര്‍.സി.ബി വീണ്ടും മികച്ച പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി. അഞ്ചാം വിക്കറ്റില്‍ 69 റണ്‍സാണ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

32 പന്തില്‍ 64 റണ്‍സുമായി മികച്ച രീതിയില്‍ ബാറ്റ് വീശിയ പാടിദാറിനെ ട്രെന്റ് ബോള്‍ട്ട് മടക്കി. വിക്കറ്റ് കീപ്പര്‍ റിയാന്‍ റിക്കല്‍ടണിന്റെ മികച്ച ക്യാച്ചാണ് ആര്‍.സി.ബി നായകന് പവലിയനിലേക്കുള്ള വഴിയൊരുക്കിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ആര്‍.സി.ബി 221 റണ്‍സ് നേടി. 19 പന്തില്‍ നാല് സിക്‌സറും രണ്ട് ഫോറുമായി ജിതേഷ് ശര്‍മ പുറത്താകാതെ നിന്നു.

മുംബൈയ്ക്കായി ഹര്‍ദിക് പാണ്ഡ്യയും ട്രെന്റ് ബോള്‍ട്ടും രണ്ട് വിക്കറ്റ് വീതം നേടി. വിഘ്‌നേഷ് പുത്തൂരാണ് ശേഷിച്ച വിക്കറ്റെടുത്തത്.

Content Highlight: IPL 2025: MI vs RCB: Hardik Pandya becomes the first Asian player to complete 5000 Runs and 200 Wickets in T20

We use cookies to give you the best possible experience. Learn more