| Monday, 26th May 2025, 7:48 pm

ജയിക്കുന്ന ടീമിന് ഗംഭീര അഡ്വാന്റേജ്; കിരീടപ്പോരില്‍ തുണയാകുന്ന ഭാഗ്യം തേടി പഞ്ചാബും മുംബൈയും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ല്‍ തങ്ങളുടെ അവസാന ലീഗ് മത്സരത്തിനിറങ്ങുകയാണ് പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യന്‍സും. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.

വിജയിക്കുന്ന ടീമിന് പോയിന്റ് പട്ടികയില്‍ ആദ്യ സ്ഥാനത്തെത്താനും ആദ്യ ക്വാളിഫയര്‍ കളിക്കാനും സാധിക്കുമെന്നതിനാല്‍ വിജയം മാത്രം പ്രതീക്ഷിച്ചാണ് ഇരുവരും കളത്തിലിറങ്ങുന്നത്. ഇതുവരെ ഒരു ടീമിനും ആദ്യ ക്വാളിഫയറില്‍ ഇടം നേടാന്‍ സാധിച്ചിട്ടില്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.

13 മത്സരത്തില്‍ നിന്നും എട്ട് വിജയത്തോടെ 17 പോയിന്റാണ് നിലവില്‍ രണ്ടാം സ്ഥാനത്തുള്ള പഞ്ചാബ് കിങ്‌സിനുള്ളത്. ഒടുവിലെ അഞ്ച് മത്സരത്തില്‍ മൂന്ന് ജയവും ഒരു തോല്‍വിയും പഞ്ചാബിന്റെ പേരില്‍ കുറിച്ചു. ഒരു മത്സരം ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

അതേസമയം, നിലവില്‍ നാലാമതാണ് മുംബൈ ഇന്ത്യന്‍സ്. 13 മത്സരത്തില്‍ നിന്നും എട്ട് ജയത്തോടെ 16 പോയിന്റാണ് ടീമിനുള്ളത്. അവസാനം കളിച്ച അഞ്ചില്‍ നാല് മത്സരത്തിലും വിജയം സ്വന്തമാക്കിയാണ് മുംബൈ അവസാന ലീഗ് ഘട്ട മത്സരത്തിനിറങ്ങുന്നത്.

ഇന്ന് വിജയിക്കുന്ന ടീം ഏതുതന്നെയായാലും അവര്‍ ടോപ്പ് 2ല്‍ ഇടം പിടിക്കുമെന്നുറപ്പാണ്. അടുത്ത ദിവസം നടക്കുന്ന ആര്‍.സി.ബി – എല്‍.എസ്.ജി മാച്ചിന്റെ വിധി എന്തുതന്നെയായാലും ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ടീമിന് ആദ്യ ക്വാളിഫയര്‍ കളിക്കാന്‍ സാധിക്കും.

പഞ്ചാബാണ് വിജയിക്കുന്നതെങ്കില്‍ 19 പോയിന്റുമായി ടീമിന് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താം. അഥവാ മുംബൈ ഇന്ത്യന്‍സാണ് ജയിക്കുന്നതെങ്കില്‍ ടീമിന് 18 പോയിന്റോടെയാകും ഒന്നാം സ്ഥാനത്തെത്തുക. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിനും 18 പോയിന്റാണെങ്കിലും ടൈറ്റന്‍സിനേക്കാള്‍ മികച്ച നെറ്റ് റണ്‍ റേറ്റ് മുംബൈയ്ക്കുണ്ട്.

ആദ്യ ക്വാളിഫയറില്‍ ഇടം നേടുന്ന ടീമുകള്‍ക്ക് ഫൈനലിലെത്താന്‍ രണ്ട് അവസരം ലഭിക്കും എന്നതാണ് പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നിര്‍ണായകമാകുന്നത്.

ആദ്യ ക്വാളിഫയറില്‍ വിജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലില്‍ പ്രവേശിക്കാം. എന്നാല്‍ തോല്‍ക്കുന്ന ടീമിന് മറ്റൊരു അവസരവും ലഭിക്കും.

പട്ടികയിലെ മൂന്ന്, നാല് സ്ഥാനങ്ങളില്‍ ഇടം നേടിയ ടീമുകള്‍ തമ്മില്‍ നടക്കുന്ന എലിമിനേറ്റര്‍ പോരാട്ടത്തിലെ വിജയികളെ രണ്ടാം ക്വാളിഫയറില്‍ ആദ്യ ക്വാളിഫയര്‍ പരാജയപ്പെട്ട ടീം നേരിടും. ഇതില്‍ വിജയിക്കുന്ന ടീമാകും ഫൈനല്‍ കളിക്കുക.

ഇക്കാരണം കൊണ്ടുതന്നെ ഫൈനലിനോളം ആവേശം നല്‍കുന്ന മത്സരത്തിനാണ് ഇന്ന് ജയ്പൂര്‍ സാക്ഷ്യം വഹിക്കുന്നത്.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

പ്രിയാന്‍ഷ് ആര്യ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നേഹല്‍ വധേര, ശശാങ്ക് സിങ്, മാര്‍കസ് സ്റ്റോയ്‌നിസ്, മാര്‍കോ യാന്‍സെന്‍, ഹര്‍പ്രീത് ബ്രാര്‍, കൈല്‍ ജാമൈസണ്‍, വൈശാഖ് വിജയ് കുമാര്‍, അര്‍ഷ്ദീപ് സിങ്.

Content Highlight: IPL 2025: MI vs PBKS: Winner of the match will secure spot in 1st qualifier

We use cookies to give you the best possible experience. Learn more