ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് പഞ്ചാബ് കിങ്സ്. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയ പഞ്ചാബ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കും കുതിച്ചു.
മുംബൈ ഉയര്‍ത്തിയ 185 റണ്‍സിന്റെ വിജയലക്ഷ്യം ഒമ്പത് പന്ത് ശേഷിക്കെ പഞ്ചാബ് മറികടക്കുകയായിരുന്നു. ഇതോടെ ആദ്യ ക്വാളിഫയറില്‍ ഇടം നേടുന്ന ടീമിനായുള്ള ആരാധകരുടെ കാത്തിരിപ്പും അവസാനിച്ചിരിക്കുകയാണ്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ സ്വന്തമാക്കിയത്.
ഐ.പി.എല്‍ ചരിത്രത്തില്‍ മൂന്ന് ടീമികളെ ക്വാളിഫൈര്‍ ഒന്നില്‍ എത്തിക്കുന്ന ഏക ക്യാപ്റ്റനാണ് അയ്യര്‍. 2020ല്‍ ദല്‍ഹി ക്യാപിറ്റല്‍സിനെയും 2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും ഇപ്പോള്‍ പഞ്ചാബിനേയുമാണ് ശ്രേയസ് ഒന്നാം ക്വാളിഫയറില്‍ എത്തിച്ചത്. ഇതുവരെ ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു താരത്തിനും നേടാന്‍ സാധിക്കാത്ത അപൂര്‍വ നേട്ടമാണ് അയ്യര്‍ സ്വന്തമാക്കിയത്. മാത്രമല്ല നേരത്തെ മൂന്ന് വ്യത്യസ്ത ടീമുകളെ പ്ലേ ഓഫില്‍ എത്തിക്കുന്ന ആദ്യ ക്യാപറ്റന്‍ നേട്ടം അയ്യര്‍ സ്വന്തമാക്കിയിരുന്നു.
സീസണില്‍ പഞ്ചാബിന് വേണ്ടി ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മിന്നും പ്രകടനമാണ് അയ്യര്‍ നടത്തിയത്. 14 മത്സരങ്ങളില്‍ നിന്ന് 514 റണ്‍സാണ് താരം നേടിയത്. 97* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 51.40 ആവറേജും 171.91 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. അഞ്ച് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെയാണ് അയ്യരുടെ മിന്നും പ്രകടനം.
മത്സരത്തില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ജോഷ് ഇംഗ്ലിസും പ്രിയാന്‍ഷ് ആര്യയുമാണ്. മൂന്നാമനായി ഇറങ്ങിയ ജോഷ് 42 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒമ്പത് ഫോറും അടക്കം 73 റണ്‍സ് നേടിയാണ് പുറത്തായത്. അതേസമയം ഓപ്പണര്‍ പ്രിയാന്‍ഷ് 35 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 62 റണ്‍സും നേടി. മിച്ചല്‍ സാന്റ്‌നറാണ് ഇരുവരുടേയും വിക്കറ്റ് നേടിയത്.
പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ്. 16 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 26 റണ്‍സാണ് താരം നേടിയത്. സിക്സര്‍ നേടിയാണ് ശ്രേയസ് പഞ്ചാബിന് ജയം സമ്മാനിച്ചത്. മുംബൈയ്ക്കായി മിച്ചല്‍ സാന്റ്നര്‍ രണ്ടും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും സ്വന്തമാക്കി.
മുംബൈക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത് സൂര്യകുമാര്‍ യാദവാണ്. 39 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 57 റണ്‍സാണ് താരം നേടിയത്. റിയാന്‍ റിക്കിള്‍ടെണ്‍ 20 പന്തില്‍ 27 റണ്‍സും ഹര്‍ദിക് പാണ്ഡ്യ 15 പന്തില്‍ 26 റണ്‍സും നേടി. പഞ്ചാബിന് വേണ്ടി അര്‍ഷ്ദീപ് ശിങ്, മാര്‍ക്കോ യാന്‍സന്‍, വൈശാഖ് വിജയ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടി. ഹര്‍പ്രീത് ബ്രാര്‍ ഒരു വിക്കറ്റും നേടി.
Content Highlight: IPL 2025: MI VS PBKS: Shreyas Iyer In Great Record Achievement In IPL History