ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് പഞ്ചാബ് കിങ്സ്. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയ പഞ്ചാബ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കും കുതിച്ചു.
മുംബൈ ഉയര്‍ത്തിയ 185 റണ്‍സിന്റെ വിജയലക്ഷ്യം ഒമ്പത് പന്ത് ശേഷിക്കെ പഞ്ചാബ് മറികടക്കുകയായിരുന്നു. ഇതോടെ ആദ്യ ക്വാളിഫയറില്‍ ഇടം നേടുന്ന ടീമിനായുള്ള ആരാധകരുടെ കാത്തിരിപ്പും അവസാനിച്ചിരിക്കുകയാണ്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ജോഷ് ഇംഗ്ലിസും പ്രിയാന്‍ഷ് ആര്യയുമാണ്. മൂന്നാമനായി ഇറങ്ങിയ ജോഷ് 42 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒമ്പത് ഫോറും അടക്കം 73 റണ്‍സ് നേടിയാണ് പുറത്തായത്. അതേസമയം ഓപ്പണര്‍ പ്രിയാന്‍ഷ്35 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 62 റണ്‍സും നേടി. മിച്ചല്‍ സാന്റ്‌നറാണ് ഇരുവരുടേയും വിക്കറ്റ് നേടിയത്.
അര്‍ധസെഞ്ച്വറി നേടിയ പ്രിയാന്‍ഷ് ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്‍ സീസണില്‍ ഒരു അണ്‍ ക്യാപ്പ്ഡ് ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് പ്രിയാന്‍ഷ് സ്വന്തമാക്കിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ മൂന്നാമനായിട്ടാണ് പ്രിയാന്‍ഷിന്റെ റെക്കോഡ് കുതിപ്പ്. 2020ല്‍ ദേവ്ദത്ത് പടിക്കലാണ് ഈ റെക്കോഡ് പട്ടികയില്‍ മുന്നിലുള്ളത്. രണ്ടാം സ്ഥാനത്ത് പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ്. വെറും 15 റണ്‍സ് നേടിയാല്‍ ഈ റെക്കോഡ് ലിസ്റ്റില്‍ രണ്ടാമത് എത്താന്‍ പ്രിയാന്‍ഷിന് സാധിക്കും.
ദേവ്ദത്ത് പടിക്കല്‍ – 473 – 2020
ശ്രേയസ് അയ്യര്‍ – 439 – 2015
പ്രിയാന്‍ഷ് ആര്യ – 424 – 2025
തിലക് വര്‍മ – 397 – 2017
രാഹുല്‍ ത്രിപാഠി – 391 – 2017
വെങ്കിടേഷ് അയ്യര്‍ – 370 – 2021
പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ്. 16 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 26 റണ്‍സാണ് താരം നേടിയത്. സിക്സര്‍ നേടിയാണ് ശ്രേയസ് പഞ്ചാബിന് ജയം സമ്മാനിച്ചത്. മുംബൈയ്ക്കായി മിച്ചല്‍ സാന്റ്നര്‍ രണ്ടും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും സ്വന്തമാക്കി.
അതേസമയം മുംബൈക്ക് വേണ്ടി സൂര്യകുമാര്‍ യാദവ് 39 പന്തില്‍ 57 റണ്‍സും റിയാന്‍ റിക്കിള്‍ടെണ്‍ 20 പന്തില്‍ 27 റണ്‍സും ഹര്‍ദിക് പാണ്ഡ്യ 15 പന്തില്‍ 26 റണ്‍സും നേടി. പഞ്ചാബിന് വേണ്ടി അര്‍ഷ്ദീപ് ശിങ്, മാര്‍ക്കോ യാന്‍സന്‍, വൈശാഖ് വിജയ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടി. ഹര്‍പ്രീത് ബ്രാര്‍ ഒരു വിക്കറ്റും നേടി.
Content Highlight: IPL 2025: MI VS PBKS: Priyansh Arya In Great Record Achievement In IPL