| Monday, 2nd June 2025, 5:17 pm

കളി ജയിച്ച് ഫൈനലിലെത്തിയതിന് പിന്നാലെ ശ്രേയസടക്കം പഞ്ചാബിലെ എല്ലാവര്‍ക്കും എട്ടിന്റെ പണി; തോറ്റ ഹര്‍ദിക്കിനെയും വെറുതെ വിട്ടില്ല

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ന്റെ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ പരായപ്പെടുത്തി പഞ്ചാബ് കിങ്‌സ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയിരിക്കുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്.

മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 204 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ പഞ്ചാബ് കിങ്സ് മറികടന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിന്റെ അപരാജിത പോരാട്ടമാണ് പഞ്ചാബ് കിങ്സിന് വിജയവും ഫൈനല്‍ ബെര്‍ത്തും സമ്മാനിച്ചത്.

ആദ്യ ക്വാളിഫയറെന്നോണം കലാശപ്പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ് പഞ്ചാബ് കിങ്‌സിന് നേരിടാനുള്ളത്. ജൂണ്‍ മൂന്നിന് ഇതേ വേദിയില്‍ ഐ.പി.എല്‍ 2025ന്റെ കിരീടധാരണം നടക്കും.

രണ്ടാം ക്വാളിഫയറിന് പിന്നാലെ പഞ്ചാബ് നായകന്‍ ശ്രേയസിനും മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യയ്ക്കും ബി.സി.സി.ഐ പിഴ ശിക്ഷ വിധിച്ചിരിക്കുകയാണ്. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ഇരു ടീമുകളും പിഴ നേരിടേണ്ടി വന്നിരിക്കുന്നത്.

ക്യാപ്റ്റന്‍മാര്‍ മാത്രമല്ല, ഇംപാക്ട് പ്ലെയറടക്കം ടീമിലെ മറ്റ് താരങ്ങള്‍ക്കും ഇത്തവണ പിഴ ലഭിച്ചിട്ടുണ്ട്.

24 ലക്ഷം രൂപയാണ് ശ്രേയസ് പിഴയായി ഒടുക്കേണ്ടത്. ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് ശ്രേയസിന് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ശിക്ഷ ലഭിക്കുന്നത്.

ടീമിലെ മറ്റ് താരങ്ങള്‍ ആറ് ലക്ഷം രൂപ വീതമോ മാച്ച് ഫീസിന്റെ 25 ശതമാനമോ ഏതാണ് കുറവ് എന്നതിനെ അടിസ്ഥാനമാക്കി പിഴയൊടുക്കണം.

‘ഇത് രണ്ടാം തവണയാണ് ശ്രേയസിന്റെ പേരില്‍ കുറ്റം ചുമത്തപ്പെടുന്നത്. ഇക്കാരണത്താല്‍ അദ്ദേഹത്തിന് 24 ലക്ഷം രൂപ പിഴ വിധിക്കുകയാണ്.

ഇംപാക്ട് പ്ലെയറടക്കമുള്ള പ്ലെയിങ് ഇലവനിലെ മറ്റ് എല്ലാ താരങ്ങളും ആറ് ലക്ഷം രൂപയോ മാച്ച് ഫീസിന്റെ 25 ശതമാനമോ, എതാണോ കുറവ് ആ തുക പിഴയായി ഒടുക്കണം,’ ബി.സി.സി.ഐ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, ഈ സീസണില്‍ ഇത് മൂന്നാം തവണയാണ് മുംബൈ ഇന്ത്യന്‍സിന് മോശം ഓവര്‍ റേറ്റിന്റെ പേരില്‍ പിഴയൊടുക്കേണ്ടി വരുന്നത്.

ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ 30 ലക്ഷം രൂപ പിഴയായി ഒടുക്കേണ്ടി വരും. ഇംപാക്ട് പ്ലെയറടക്കമുള്ള ടീമിലെ മറ്റ് താരങ്ങള്‍ 12 ലക്ഷം രൂപയോ മാച്ച് ഫീസിന്റെ 50 ശതമാനമോ, ഏതാണോ കുറവ് തുകയും പിഴയായി ഒടുക്കണമെന്ന് ബി.സി.സി.ഐ വ്യക്തമാക്കി.

Content Highlight: IPL 2025: MI vs PBKS: Mumbai Indians and Punjab Kings penalized for slow run rate

We use cookies to give you the best possible experience. Learn more