| Tuesday, 27th May 2025, 2:30 pm

തോറ്റാല്‍ എന്ത് സംഭവിക്കുമെന്ന് അറിയാവുന്നതിനാല്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല: ഹര്‍ദിക് പാണ്ഡ്യ

സ്പോര്‍ട്സ് ഡെസ്‌ക്

ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് പഞ്ചാബ് കിങ്സ്. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയ പഞ്ചാബ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കും കുതിച്ചു.

മുംബൈ ഉയര്‍ത്തിയ 185 റണ്‍സിന്റെ വിജയലക്ഷ്യം ഒമ്പത് പന്ത് ശേഷിക്കെ പഞ്ചാബ് മറികടക്കുകയായിരുന്നു. ഇതോടെ ആദ്യ ക്വാളിഫയറില്‍ ഇടം നേടുന്ന ടീമിനായുള്ള ആരാധകരുടെ കാത്തിരിപ്പും അവസാനിച്ചിരിക്കുകയാണ്.

മത്സര ശേഷം തോല്‍വിയെക്കുറിച്ച് മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യ സംസാരിച്ചിരുന്നു. പഞ്ചാബിനെതിരെ തങ്ങള്‍ നന്നായി പന്തെറിഞ്ഞില്ലെന്നും ബാറ്റിങ്ങില്‍ പഞ്ചാബ് മുന്നിലായിരുന്നെന്നും പാണ്ഡ്യ പറഞ്ഞു. അഞ്ച് കിരീടങ്ങള്‍ നേടിയ ടീമാണ് മുംബൈ എന്നും തോറ്റാല്‍ എന്ത് സംഭവിക്കുമെന്ന് അറിയാവുന്നതിനാല്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ക്ക് 20 റണ്‍സ് കുറവായിരുന്നു. ഞങ്ങള്‍ മികച്ച ക്രിക്കറ്റാണ് കളിച്ചത്. പക്ഷേ പഞ്ചാബ് കിങ്സിനെതിരെ വിജയിക്കാന്‍ കഴിഞ്ഞില്ല. ഈ ഫ്രാഞ്ചൈസി അഞ്ച് കിരീടങ്ങള്‍ നേടിയിട്ടുണ്ട്, അതിനാല്‍ ഞങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തി പ്ലേ ഓഫിന് തയ്യാറെടുക്കേണ്ടതുണ്ട്. പഞ്ചാബ് കിങ്സ് നന്നായി ബാറ്റ് ചെയ്തു, പക്ഷേ ഞങ്ങള്‍ നന്നായി പന്തെറിഞ്ഞില്ല.

പഞ്ചാബിനെതിരെ ഞങ്ങള്‍ക്ക് വേണ്ടത്ര മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞില്ല. തോറ്റാല്‍ എന്ത് സംഭവിക്കുമെന്ന് അറിയാവുന്നതിനാല്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല. അഞ്ച് ദിവസം മുമ്പ് ഞങ്ങള്‍ ഇതേ അവസ്ഥയിലായിരുന്നു, ഒടുവില്‍ ഞങ്ങള്‍ അവിടെ തന്നെ തുടര്‍ന്നു. എലിമിനേറ്ററിനായി കാത്തിരിക്കുന്നു,’ ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.

മുംബൈക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത് സൂര്യകുമാര്‍ യാദവാണ്. 39 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 57 റണ്‍സാണ് താരം നേടിയത്. റിയാന്‍ റിക്കിള്‍ടെണ്‍ 20 പന്തില്‍ 27 റണ്‍സും ഹര്‍ദിക് പാണ്ഡ്യ 15 പന്തില്‍ 26 റണ്‍സും നേടി. പഞ്ചാബിന് വേണ്ടി അര്‍ഷ്ദീപ് ശിങ്, മാര്‍ക്കോ യാന്‍സന്‍, വൈശാഖ് വിജയ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടി. ഹര്‍പ്രീത് ബ്രാര്‍ ഒരു വിക്കറ്റും നേടി.

മത്സരത്തില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ജോഷ് ഇംഗ്ലിസും പ്രിയാന്‍ഷ് ആര്യയുമാണ്. മൂന്നാമനായി ഇറങ്ങിയ ജോഷ് 42 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒമ്പത് ഫോറും അടക്കം 73 റണ്‍സ് നേടിയാണ് പുറത്തായത്. അതേസമയം ഓപ്പണര്‍ പ്രിയാന്‍ഷ് 35 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 62 റണ്‍സും നേടി. മിച്ചല്‍ സാന്റ്‌നറാണ് ഇരുവരുടേയും വിക്കറ്റ് നേടിയത്.

പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ്. 16 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 26 റണ്‍സാണ് താരം നേടിയത്. സിക്സര്‍ നേടിയാണ് ശ്രേയസ് പഞ്ചാബിന് ജയം സമ്മാനിച്ചത്. മുംബൈയ്ക്കായി മിച്ചല്‍ സാന്റ്നര്‍ രണ്ടും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: IPL 2025: MI VS PBKS: Hardik Pandya Talking About Defeat Against Panjab

We use cookies to give you the best possible experience. Learn more