ഐ.പി.എല്ലിലെ രണ്ടാം ക്വാളിഫയറിലെ പഞ്ചാബിന്റെ എതിരാളികളെ ഇന്നറിയാം. ടൂര്‍ണമെന്റില്‍ ഇന്ന് നടക്കുന്ന എലിമിനേറ്ററില്‍ മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സുമാണ് പോരാടാനിറങ്ങുന്നത്. പഞ്ചാബിലെ മഹാരാജ യാദവീന്ദ്ര സിങ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
മുംബൈയും ഗുജറാത്തും ഒരു കിരീടം കൂടെ തങ്ങളുടെ ഷോക്കേസില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. പോയിന്റ് ടേബിളില്‍ 18 പോയിന്റുമായി മൂന്നാം സ്ഥാനക്കാരായാണ് ഗില്ലും കൂട്ടരും എലിമിനേറ്ററില്‍ ഇറങ്ങുന്നത്. അവസാന ലീഗ് മത്സരം പരാജയപ്പെട്ടത് വെല്ലുവിളിയാണെങ്കിലും മുംബൈക്കെതിരെയുള്ള ടീമിന്റെ മികച്ച റെക്കോഡ് പ്രതീക്ഷ നല്‍കുന്നുണ്ട്.
അതേസമയം, മുംബൈ ഇന്ത്യന്‍സും അവസാന ലീഗ് മത്സരം തോറ്റ് 16 പോയിന്റുമായാണ് കളത്തിലിറങ്ങുന്നത്. സീസണില്‍ ഗംഭീര തിരിച്ചുവരവ് നടത്തിട്ടുണ്ടെന്നത് മുന്‍ ചാമ്പ്യന്മാര്‍ക്ക് പ്രതീക്ഷയാണ്. ടീമിനായി മിന്നും പ്രകടനങ്ങള്‍ നടത്തിയ വിദേശ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയത് മുംബൈയ്ക്ക് തിരിച്ചടിയായേക്കും.
രണ്ടാം ക്വാളിഫയറും ആറാം കിരീടവും സ്വപ്നം കണ്ട് മുംബൈ ഇന്ത്യന്‍സ് മത്സരത്തിന് ഇറങ്ങുമ്പോള്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ കാത്തിരിക്കുന്നത് ഒരു വമ്പന്‍ നേട്ടമാണ്. ഐ.പി.എല്‍ കരിയറില്‍ 450 ഫോറുകള്‍ എന്ന നാഴികകല്ല് പിന്നിടാനാണ് താരത്തിന് അവസരമുള്ളത്. ഈ നേട്ടത്തിലെത്താന്‍ വേണ്ടതാകട്ടെ ഒരു ഫോര്‍ മാത്രമാണ്.
പഞ്ചാബിനെതിരെ ഈ നേട്ടം പിന്നിടാനായാല്‍ ഐ.പി.എല്ലില്‍ 450 ഫോറുകള്‍ അടിക്കുന്ന 11ാമത്തെ താരമാകാന്‍ സൂര്യയ്ക്ക് സാധിക്കും. കൂടാതെ രണ്ടാമത്തെ മുംബൈ താരമാകാനും ഇന്ത്യന്‍ ക്യാപ്റ്റന്‍ അവസരമുണ്ട്. സൂപ്പര്‍ ബാറ്റര്‍ രോഹിത് ശര്‍മയാണ് ഇതിന് മുമ്പ് ഈ നാഴികകല്ല് പിന്നിട്ട മുംബൈ താരം.
ഐ.പി.എല്‍ കരിയറില്‍ സ്‌കൈ ഇതുവരെ 164 മത്സരങ്ങളിലെ 149 ഇന്നിങ്സുകളില്‍ നിന്ന് 449 ഫോറും 162 സിക്സും നേടിയിട്ടുണ്ട്. 148.35 സ്‌ട്രൈക്ക് റേറ്റിലും 34.99 ആവറേജിലും ടൂര്‍ണമെന്റില്‍ 4234 റണ്‍സ് 34കാരന് സ്‌കോര്‍ ചെയ്യാനായി.
പതിനെട്ടാം സീസണിലും മുംബൈ ഇന്ത്യന്‍സിനായി മിന്നും പ്രകടനവുമായി സൂര്യ തിളങ്ങുകയാണ്. ഈ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് ഇതുവരെ അഞ്ച് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 640 റണ്‍സ് നേടിയിട്ടുണ്ട്. 71.11 ആവറേജിലും 167.97 സ്‌ട്രൈക്ക് റേറ്റിലും ബൗളര്‍മാരെ പ്രഹരിക്കുന്ന താരം സീസണിലെ റണ്‍സ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ്.
Content Highlight: IPL 2025; MI vs GT: Surya Kumar Yadav needs one four to complete 450 fours in IPL