ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഡി.എല്‍.എസ് നിയമത്തിലൂടെ മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് വിജയം സ്വന്തമാക്കിയിരുന്നു. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ വിജയമാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തിരുന്നു. മഴ കാരണം രണ്ട് പ്രാവശ്യം തടസപ്പെട്ട മത്സരത്തില്‍ റണ്‍സും ഓവറും വെട്ടി കുറച്ചിരുന്നു. മഴയ്ക്ക് പിന്നാലെ ഒരു ഓവറില്‍ 15 റണ്‍സ് എന്ന നിലയിലേക്ക് ഗുജറാത്ത് ടൈറ്റന്‍സിന്റെ വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ചു. ദീപക് ചഹര്‍ എറിഞ്ഞ ഓവറില്‍ അവസാന പന്തിലാണ് ടൈറ്റന്‍സ് വിജയം സ്വന്തമാക്കിയത്.
മത്സരം അവസാന ഓവറുവരെ കൊണ്ടുപോയതില്‍ നിര്‍ണായക പങ്കുവഹിച്ചത് സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ ഓവറുകളാണ്. മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ് 19 റണ്‍സ് മാത്രമാണ് താരം വിട്ടു നല്‍കിയത്.
4.75 എക്കോണമിയില്‍ പന്തെറിഞ്ഞ് ബുംറ ഗുജറാത്തിന്റെ രണ്ട് നിര്‍ണായക വിക്കറ്റുകളും നേടിയിരുന്നു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും ഷാരൂഖാന്റെയും വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
ഇപ്പോള്‍ താരത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബാംഗര്‍. ജസ്പ്രീത് ബുംറ ഇന്ത്യന്‍ ടീമിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും ബ്രഹ്‌മാസ്ത്രമാണെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചുകൊണ്ടല്ല താരം തന്റെ എല്ലാ തന്ത്രങ്ങളും വികസിപ്പിച്ചെടുത്തതെന്നും ബാംഗര്‍ പറഞ്ഞു.
ഗുജറാത്തിനായി ബുംറ ധാരാളം ആഭ്യന്തര മത്സരങ്ങള്‍ കളിച്ച് ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്നും മികവിന്റെ കാര്യത്തില്‍ എല്ലാവരുടെയും മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ജസ്പ്രീത് ബുംറ ഇന്ത്യന്‍ ടീമിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും ബ്രഹ്‌മാസ്ത്രമാണ്. ഓസ്ട്രേലിയയ്ക്കെതിരായ തന്റെ ആദ്യ ടി-20യില്‍ ഒരു വിക്കറ്റ് വീഴ്ത്തി മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ചു. അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചുകൊണ്ടല്ല അവന്‍ തന്റെ എല്ലാ തന്ത്രങ്ങളും വികസിപ്പിച്ചെടുത്തത്.
ഗുജറാത്തിനായി അവന്‍ ധാരാളം ആഭ്യന്തര മത്സരങ്ങള്‍ കളിച്ച് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. പാര്‍ത്ഥീവ് പട്ടേലിന്റെ ക്യാപ്റ്റന്‍സിയില്‍ ബുംറ കളിച്ചു. പന്ത് ഉപയോഗിച്ച് അവന്‍ ചെയ്യുന്ന കാര്യങ്ങളില്‍ നമുക്ക് അച്ചടക്കം കാണാം, മികവിന്റെ കാര്യത്തില്‍ ബുംറ എല്ലാവരുടെയും മുന്നിലാണ്, ‘ ബാംഗര്‍ പറഞ്ഞു.
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ താരത്തിന്റെ പ്രകടനത്തെ കുറിച്ചും ബാംഗര്‍ സംസാരിച്ചു. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ആദ്യ മൂന്ന് ഓവറുകളില്‍ ബുംറ ഒരു ബൗണ്ടറി മാത്രമാണ് വഴങ്ങിയതെന്നും മുംബൈയെ താരം മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവന്നെന്നും പറഞ്ഞു.
‘ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ആദ്യ മൂന്ന് ഓവറുകളില്‍ ബുംറ ഒരു ബൗണ്ടറി മാത്രമാണ് വഴങ്ങിയത്. എന്തുചെയ്യണമെന്ന് അറിയാതെ നിന്ന ശുഭ്മാന്‍ ഗില്ലിനെ അവന്റെ ശക്തമായ പന്തില്‍ പുറത്താക്കി. ബോള്‍ട്ടിന്റെയും അശ്വിന്റെയും സഹായത്തോടെ അവന്‍ മുംബൈ ഇന്ത്യന്‍സിനെ തിരികെ കൊണ്ടുവന്നു,’ ബാംഗര്‍ പറഞ്ഞു.
Content Highlight: IPL 2025: MI vs GT: Sanjay Bangar Praises Jasprit Bumrah