| Wednesday, 7th May 2025, 5:22 pm

അത് നല്ല സൂചന, എല്ലാ മത്സരങ്ങളെയും സമീപിക്കുക പ്ലേ ഓഫ് പോലെ: ജയവര്‍ധനെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടിരുന്നു. സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ ഇന്ത്യന്‍സ് വഴങ്ങിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തിരുന്നു. മഴ കാരണം രണ്ട് പ്രാവശ്യം തടസപ്പെട്ട മത്സരത്തില്‍ ഒമ്പത് റണ്‍സും ഒരു ഓവറും വെട്ടി കുറച്ചിരുന്നു. ദീപക് ചഹര്‍ എറിഞ്ഞ ഓവറില്‍ അവസാന പന്തിലാണ് ടൈറ്റന്‍സ് വിജയം സ്വന്തമാക്കിയത്.

മത്സരശേഷം മുംബൈയുടെ കോച്ച് മഹേല ജയവര്‍ധനെ തോല്‍വിയെ കുറിച്ച് സംസാരിച്ചിരുന്നു. മത്സരത്തില്‍ രണ്ട് ടീമുകളും കുറച്ച് പിഴവുകള്‍ വരുത്തിയെന്നും തങ്ങളുടേത് അവരെക്കാള്‍ കൂടുതലായിരിക്കാമെന്നും ജയവര്‍ധനെ പറഞ്ഞു. ബാറ്റിങ്ങില്‍ തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുത്തില്ലെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.

‘രണ്ട് ടീമുകളും മത്സരത്തില്‍ കുറച്ച് പിഴവുകള്‍ വരുത്തി. ഞങ്ങള്‍ അവരെക്കാള്‍ കൂടുതല്‍ ചെയ്തിട്ടുണ്ടാവാം.
അതാണ് വ്യത്യാസം എന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ ഞങ്ങളുടെ മികച്ച പ്രകടനം കാഴ്ച വെച്ചില്ല, പ്രത്യേകിച്ച് ബാറ്റിങ്ങില്‍. തുടക്കത്തില്‍ ഞങ്ങള്‍ നന്നായി ബാറ്റ് ചെയ്തിരുന്നു. അവസാന എട്ട് ഓവറുകള്‍ ഞങ്ങള്‍ സമര്‍ത്ഥമായി ബാറ്റ് ചെയ്തില്ല,’ ജയവര്‍ധനെ പറഞ്ഞു.

മത്സരത്തിലെ ബൗളര്‍മാരുടെ പ്രകടനത്തെ കുറിച്ചും ജയവര്‍ധനെ സംസാരിച്ചു. ബൗളര്‍മാര്‍ വളരെ നന്നായി പന്തെറിഞ്ഞുവെന്നും അതൊരു നല്ല സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മത്സരങ്ങളെയും ഒരു പ്ലേഓഫ് പോലെയാണ് തങ്ങള്‍ സമീപിക്കുകയെന്നും ടീമിന്റെ ചെറുത്തു നില്‍പ്പിലും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ അവര്‍ എങ്ങനെ തിരിച്ചടിച്ചു എന്നതിലും തനിക്ക് അഭിമാനമുണ്ടെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ക്ക് 30 റണ്‍സ് കുറവായിരുന്നു. ബൗളര്‍മാര്‍ വളരെ നന്നായി പന്തെറിഞ്ഞു, ധാരാളം അവസരങ്ങള്‍ സൃഷ്ടിച്ചു. അതിനാല്‍, അതൊരു നല്ല സൂചനയാണെന്ന് ഞാന്‍ കരുതുന്നു. എല്ലാ മത്സരങ്ങളെയും ഒരു പ്ലേഓഫ് പോലെയാണ് ഞങ്ങള്‍ സമീപിക്കുക. ടീമിന്റെ ചെറുത്തു നില്‍പ്പിലും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ അവര്‍ എങ്ങനെ തിരിച്ചടിച്ചു എന്നതിലും എനിക്ക് അഭിമാനമുണ്ട്,’ ജയവര്‍ധനെ പറഞ്ഞു.

മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കായി വില്‍ ജാക്സും സൂര്യകുമാര്‍ യാദവും മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. വില്‍ ജാക്സ് 35 പന്തില്‍ 53 റണ്‍സും സ്‌കൈ 24 പന്തില്‍ 35 റണ്‍സും നേടി. ഡെത്ത് ഓവറുകളില്‍ കോര്‍ബിന്‍ ബോഷ് നടത്തിയ ചെറുത്തു നില്‍പ്പാണ് മുംബൈയെ 150 കടത്തിയത്. ഹര്‍ദിക് പാണ്ഡ്യക്കും മറ്റ് ബാറ്റര്‍മാര്‍ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല.

മുംബൈക്കായി ബുംറയും ട്രെന്റ് ബൗള്‍ട്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ദീപക് ചഹര്‍ ഒരു വിക്കറ്റും നേടി.

മുംബൈക്ക് ഈ സീസണില്‍ ഇനി രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. മെയ് 11ന് പഞ്ചാബ് കിങ്സുമായും 15ന് ദല്‍ഹി ക്യാപിറ്റല്‍സിനുമെതിരെയാണ് ടീമിന്റെ അടുത്ത മത്സരങ്ങള്‍.

Content Highlight: IPL 2025: MI vs GT: Mumbai Indians Coach Mahela Jayawardene talks about the defeat against Gujarat Titans

We use cookies to give you the best possible experience. Learn more