| Thursday, 22nd May 2025, 9:31 am

സാക്ഷാല്‍ ധോണിയെ അടക്കം കടത്തിവെട്ടി ഒരു വിദേശി; തൂക്കിയത് വെടിച്ചില്ല് റെക്കോഡ്!

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഐ.പി.എല്ലില്‍ പ്ലേ ഓഫിലേക്ക് കുതിച്ച് മുംബൈ ഇന്ത്യന്‍സ്. സ്വന്തം തട്ടകമായ വാഖംഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 59 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് മുംബൈ സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ഉയര്‍ത്തിയ 181 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സ് 121 റണ്‍സിന് ഓള്‍ ഔട്ട് ആയിരിക്കുകയാണ്. സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി കരുത്തിലാണ് മുംബൈയുടെ വിജയം.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് ആദ്യം നഷ്ടപ്പെട്ടത് രോഹിത് ശര്‍മയെയാണ്. ഒരു ഫോര്‍ അടക്കം അഞ്ച് പന്തുകളില്‍ നിന്ന് അഞ്ച് റണ്‍സ് നേടി മുസ്തഫിസൂറിന്റെ പന്തില്‍ കുരുങ്ങുകയായിരുന്നു താരം.

ഓപ്പണറും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ റിയാന്‍ റിക്കെല്‍ട്ടണ്‍ 18 പന്തില്‍ 25 റണ്‍സും നേടി മത്സരത്തില്‍ മികവ് പുലര്‍ത്തി. രണ്ട് സിക്‌സറുകളടക്കമാണ് താരത്തിന്റെ ഇന്നിങ്‌സ്. മാത്രമല്ല കീപ്പിങ്ങില്‍ ദല്‍ഹിയുടെ കെ.എല്‍. രാഹുല്‍ (11), അഭിഷേക് പോരല്‍ (6), അശുതോഷ് ശര്‍മ (18) എന്നിവരെ പുറത്താക്കി മിന്നും പ്രകടനമാണ് മുംബൈക്ക് വേണ്ടി റിയാന്‍ കാഴ്ചവെച്ചത്.

ഇതോടെ ഒരു മിന്നും റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. 2025 ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ പുറത്താക്കല്‍ നടത്തുന്ന വിക്കറ്റ് കീപ്പറാകാനാണ് പ്രോട്ടിയാസ് താരത്തിന് സാധിച്ചത്. ഈ നേട്ടത്തില്‍ ബെംഗളൂരുവിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ, എം.എസ്. ധോണി എന്നിവരെ മറികടക്കാനുമാണ് നിലവില്‍ റിയാന് സാധിച്ചത്.

2025 ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ പുറത്താക്കല്‍ നടത്തുന്ന വിക്കറ്റ് കീപ്പര്‍

റിയാന്‍ റിക്കെല്‍ട്ടണ്‍ – 16

ജിതേഷ് ശര്‍മ – 15

എം.എസ്. ധോണി – 10

മത്സരത്തില്‍ മുംബൈക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് സൂര്യയായിരുന്നു. നാലാമനായി ഇറങ്ങി 43 പന്തില്‍ നിന്ന് നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 73 റണ്‍സ് നേടി പുറത്താകാതെയാണ് താരം മിന്നിച്ചത്. ടീമിനെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് സൂര്യ വഹിച്ചത്. മാത്രമല്ല തിലക് വര്‍മ 27 റണ്‍സ് നേടി ടീമിനെ സഹായിച്ചപ്പോള്‍ മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല.

ക്യാപ്പിറ്റല്‍സിനായി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റും കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്‌മാന്‍, ദുഷ്മന്ത ചമീര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. മറുപടി ബാറ്റിങ്ങില്‍ ദല്‍ഹിക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് സമീര്‍ റിസ്‌വിയാണ്. 35 പന്തില്‍ ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 39 റണ്‍സാണ് താരം നേടിയത്.

മുംബൈ ബൗളിങ്ങില്‍ മിച്ചല്‍ സാന്റ്‌നര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ട്രെന്റ് ബോള്‍ട്ട്, ദീപക് ചഹര്‍,കരണ്‍ ശര്‍മ, വില്‍ ജാക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: IPL 2025: MI VS DC: Ryan Rickelton In Great Record Achievement In IPL 2025

We use cookies to give you the best possible experience. Learn more