ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകമായ വാഖംഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 59 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് മുംബൈ നേടിയത്.
സൂര്യകുമാര്‍ യാദവിന്റെ കരുത്തില്‍ മുംബൈ ഉയര്‍ത്തിയ 181 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സിന്റെ പോരാട്ടം 121 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇതോടെ മുംബൈ പ്ലേ ഓഫിലെ നാലാം ടീമായി.
മത്സരത്തില്‍ മുംബൈയുടെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറ മിന്നും പ്രകടനമാണ് നടത്തിയത്. ദല്‍ഹിക്കെതിരെ 3.2 ഓവറുകള്‍ എറിഞ്ഞ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയാണ് താരം തിളങ്ങിയത്. 3.60 എക്കോണമിയില്‍ പന്തെറിഞ്ഞ ബുംറ 12 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും ബുംറയ്ക്ക് സ്വന്തമാക്കാനായി. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ താരമെന്ന നേട്ടമാണ് ഇന്ത്യന്‍ പേസര്‍ സ്വന്തം പേരില്‍ ചേര്‍ത്തത്. 25 തവണയാണ് താരം മൂന്ന് വിക്കറ്റുകള്‍ നേടിയത്.
ജസ്പ്രീത് ബുംറ – 25
യുസ്വേന്ദ്ര ചഹല്‍ – 22
ലസിത് മലിംഗ – 19
സുനില്‍ നരെയ്ന്‍- 17
രവീന്ദ്ര ജഡേജ – 17
അമിത് മിശ്ര – 17
ഹര്‍ഷന്‍ പട്ടേല്‍ – 17
മുംബൈക്കായി ബുംറയ്ക്ക് പുറമെ മിച്ചല്‍ സാന്റ്‌നറും മൂന്ന് വിക്കറ്റുകള്‍ നേടി. ട്രെന്റ് ബോള്‍ട്ട്, ദീപക് ചഹര്‍, കരണ്‍ ശര്‍മ, വില്‍ ജാക്സ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിരയില്‍ സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. 43 പന്തില്‍ നാല് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 73 റണ്‍സാണ് താരം നേടിയത്. ഓപ്പണര്‍ റിയാന്‍ റിക്കെല്‍ട്ടണ്‍ 25 റണ്‍സും തിലക് വര്‍മ 27 റണ്‍സുമെടുത്തു. കൂടാതെ ഡെത്ത് ഓവറില്‍ യുവതാരം നമന്‍ ധിര്‍ ഫിനിഷിങ് ടച്ചും നല്‍കി.
മത്സരത്തില്‍ ദല്‍ഹിക്കായി സമീര്‍ റിസ്വിയാണ് മെച്ചപ്പെട്ട പ്രകടനം നടത്തിയത്. റിസ്വി 35 പന്തില്‍ ഒരു സിക്സും ആറ് ഫോറും അടക്കം 39 റണ്‍സ് നേടി. ടീമിനായി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റും കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്‌മാന്‍, ദുഷ്മന്ത ചമീര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
Content Highlight: IPL 2025: MI vs DC: Jasprit Bumrah tops the list of most three wicket hauls in IPL