| Wednesday, 21st May 2025, 3:57 pm

സെഞ്ച്വറിയടിച്ചിട്ടും മത്സരം വിജയിച്ചില്ല, അവന്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്യേണ്ടിവരും; മുന്നറിയിപ്പുമായി ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഇന്ന് വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. പ്ലേ ഓഫ് ലക്ഷ്യംവെച്ച് ദല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും ഇന്ന് കളത്തിലിറങ്ങുമ്പോള്‍ ആരാധകരും വലിയ ആവേശത്തിലാണ്. നിര്‍ണായകമായ മത്സരത്തില്‍ മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെക്കുറിച്ചും സൂപ്പര്‍ താരം കെ.എല്‍. രാഹുലിനെക്കുറിച്ചും സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര.

ഓപ്പണിങ് കൂട്ടുകെട്ടില്‍ നിരവധി പരീക്ഷണങ്ങള്‍ ദല്‍ഹി നടത്തിയിട്ടുണ്ടെന്നും കെ.എല്‍ രാഹുലിന് മത്സരം മികച്ചതാകുമെന്ന് ചോപ്ര സൂചിപ്പിച്ചു. മുംബൈക്കെതിരെ രാഹുലിന് കൂടുതല്‍ റണ്‍സ് നേടാന്‍ സാധിക്കുമെന്നും കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയിട്ടും ടീം വിജയിക്കാത്തതിനെക്കുറിച്ചും കമന്റേറ്റര്‍ കൂട്ടിച്ചേര്‍ത്തു.

‘അവര്‍ ഇതിനോടകം തന്നെ ഏഴ് ഓപ്പണിങ് കോമ്പിനേഷനുകള്‍ പരീക്ഷിച്ചുകഴിഞ്ഞു. കെ.എല്‍. രാഹുല്‍ ഇപ്പോള്‍ ഫാഫ് ഡു പ്ലെസിക്കൊപ്പം മാത്രമേ ഓപ്പണര്‍ ആകുകയുള്ളൂ എന്ന് തോന്നുന്നു. കെ.എല്‍. രാഹുലിന് ഈ ഗ്രൗണ്ട് വളരെ ഇഷ്ടമാണ്, മുംബൈയ്ക്കെതിരായ ബാറ്റിങ്ങിന് അവന്‍ കാത്തിരിക്കുകയാണ്. ഈ ഗ്രൗണ്ടില്‍ രാഹുല്‍ ഒരുപാട് റണ്‍സ് നേടിയിട്ടുണ്ട്.

എന്തൊക്കെ ഉണ്ടെങ്കിലും കഴിഞ്ഞ മത്സരത്തിന് ശേഷം താന്‍ സെഞ്ച്വറി നേടിയെന്ന് രാഹുല്‍ തീര്‍ച്ചയായും ചിന്തിച്ചുവെക്കുന്നുണ്ടാകും, പക്ഷേ അത് ടീമിനെ വിജയത്തിലേക്ക് നയിച്ചില്ല. അതിനാല്‍ കഴിഞ്ഞ മത്സരത്തിന്റെ ആദ്യ അഞ്ച് ഓവറുകളില്‍ റണ്‍സ് നേടാന്‍ കഴിയാത്തതിനാല്‍ രാഹുല്‍ കൂടുതല്‍ വേഗത്തില്‍ ഇനി സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കണെമെന്ന് തോന്നുന്നു,’ ആകാശ് ചോപ്ര പറഞ്ഞു.

നിലവില്‍ 11 മത്സരങ്ങളില്‍ നിന്ന് 112* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെ 493 റണ്‍സാണ് രാഹുല്‍ നേടിയത്. 61.63 എന്ന ആവറേജിലും 148.5 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരത്തിന്റെ ബാറ്റിങ് പ്രകടനം.

ഇരു ടീമുകള്‍ക്കും പ്ലേ ഓഫില്‍ എത്താന്‍ ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്. നിലവില്‍ 12 മത്സരങ്ങളില്‍ ആറ് ജയവും അഞ്ച് തോല്‍വിയുമുള്‍പ്പെടെ 13 പോയിന്റുമാണ് ദല്‍ഹിക്ക്. മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ പുറത്തേക്കുള്ള വഴി തെളിയുകയും, മുംബൈ പ്ലേ ഓഫില്‍ ഇടം പിടിക്കുകയും ചെയ്യും.

അതേസമയം 12 മത്സരങ്ങളില്‍ നിന്ന് ഏഴ് ജയവും അഞ്ച് തോല്‍വിയുമുള്‍പ്പെടെ 14 പോയിന്റാണ് മുംബൈക്ക്. മുന്‍ ചാമ്പ്യന്മാര്‍ പരാജയപ്പെട്ടാല്‍ ദല്‍ഹിക്ക് പഞ്ചാബിനോടുള്ള മത്സരത്തില്‍ വിജയം നേടുകയും, പ്ലേ ഓഫ് ഉറപ്പിക്കാന്‍ പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ മുംബൈ പരാജയപ്പെടുകയും വേണം.

Content Highlight: IPL 2025: MI VS DC: Akash Chopra Talking About K.L Rahul And Delhi Capitals

We use cookies to give you the best possible experience. Learn more