ഐ.പി.എല്‍ 2025ലെ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സ് വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. മുല്ലാന്‍പൂരില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 20 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് മുന്‍ ചാമ്പ്യന്‍മാര്‍ കുതിച്ചത്. ഇനി രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സിനെയാണ് മുംബൈയ്ക്ക് നേരിടാനുള്ളത്. ഈ പോരാട്ടത്തില്‍ വിജയിക്കുന്നവര്‍ കിരീടപ്പോരാട്ടത്തില്‍ ആര്‍.സി.ബിയെ നേരിടും.
മുംബൈ ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ബൗളിങ്ങില്‍ മുംബൈക്ക് വേണ്ടി നിര്‍ണായക പ്രകടനം കാഴ്ചവെച്ചത് ജസ്പ്രീത് ബുംറയാണ്.
ഒരു റണ്‍സ് പോലും വിട്ടുകൊടുത്താല്‍ വിജയത്തിന്റെ ഗതി മാറുമെന്ന ഘട്ടത്തില്‍ ബുംറ നാല് ഓവര്‍ എറിഞ്ഞ് 27 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി. വാഷിങ്ടണ്‍ സുന്ദറിനെ മിന്നും യോര്‍ക്കറില്‍ ക്ലീന്‍ ബൗള്‍ഡാക്കി നിലം കുത്തിച്ചാണ് ബുംറ താണ്ഡവമാടിയത്. മറ്റ് ബൗളര്‍മാര്‍ ഗുജറാത്തിന്റെ ബാറ്റര്‍മാരില്‍ നിന്ന് അടി വാങ്ങിക്കൂട്ടിയപ്പോള്‍ 6.75 എന്ന എക്കോണമിയിലാണ് ബുംറയുടെ ബൗളിങ് അറ്റാക്ക്.
ഇപ്പോള്‍ ബുംറയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. ബുംറ എല്ലായിപ്പോഴും ചെയ്യുന്ന കാര്യമാണിതെന്നും വാഷിങ്ടണ്‍ സുന്ദറിന്റെ വിക്കറ്റ് വീഴ്ത്തിയത് നിര്‍ണായകമായെന്നും തിവാരി പറഞ്ഞു. മാത്രമല്ല മുമ്പ് സൂപ്പര്‍ പേസര്‍ ഷെയ്ന്‍ വോണ്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ നേരുടുന്നതില്‍ ബുദ്ധിമുട്ടിയിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ബാറ്റര്‍മാര്‍ക്ക് ബുംറയാണ് പേടി സ്വപ്‌നമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ബുംറ എല്ലായിപ്പോഴും ചെയ്യുന്നത് തന്നെയാണ് ചെയ്തത്. അവന്‍ 200 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്ന വാഷിങ്ടണ്‍ സുന്ദറിന്റെ വിക്കറ്റ് നേടിയില്ലായിരുന്നെങ്കില്‍ മത്സരം കൂടുതല്‍ കടുക്കുമായിരുന്നു. മുമ്പ് സച്ചിനെതിരെ ഷെയ്ന്‍ വോണ്‍ വലിയ സമ്മര്‍ദം നേരിട്ടിരുന്നെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഇപ്പോള്‍ ബാറ്റര്‍മാര്‍ക്ക് ബുംറയാണ് പേടിസ്വപ്‌നം.
മുംബൈ ടീമിന്റെ ഇപ്പോഴത്തെ വിജയം ബുംറയുടെ കൈകളിലാണ്. പരിക്കില്‍ നിന്ന് തിരിച്ചെത്തിയതിനുശേഷം അവരുടെ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്. അത് നിഷേധിക്കാനാവാത്തതാണ്. ബുംറ ടീമിലുണ്ടാകുമ്പോള്‍, അവരുടെ ബൗളിങ് ശക്തമാവുകയും ക്യാപ്റ്റന്റെ ജോലി വളരെ എളുപ്പമാവുകയും ചെയ്യുന്നു,’ മനോജ് തിവാരി ക്രിക്ക് ബസിനോട് പറഞ്ഞു.
Content Highlight: IPL 2025: Manoj Tiwary Praises Jasprit Bumrah