| Sunday, 1st June 2025, 2:17 pm

ഇതൊരു തുടക്കം മാത്രം, അവനില്‍ നിന്ന് ഇനിയും ഒരുപാട് കാര്യങ്ങള്‍ വരാനുണ്ട്: മഹേല ജയവര്‍ധനെ

സ്പോര്‍ട്സ് ഡെസ്‌ക്

എലിമിനേറ്റര്‍മത്സരത്തില്‍ മുംബൈക്ക് വേണ്ടി ഇംപാക്ട് പ്ലെയറായി ഇറങ്ങിയ യുവ പേസ് ബൗളറാണ് അശ്വനി കുമാര്‍. താരത്തിന്റെ ആദ്യ സീസണായിരുന്നു ഇത്. മത്സരത്തില്‍ 3.3 ഓവര്‍ എറിഞ്ഞ് 28 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് താരം നേടിയത്.

മുംബൈക്ക് വേണ്ടി നിര്‍ണായകമായ അവസാന ഓവര്‍ എറിഞ്ഞ റിച്ചാര്‍ഡ് ഗ്ലീസണ്‍ കാലിലെ പരിക്ക് മൂലം ബൗള്‍ ചെയ്യുന്നതില്‍ നിന്ന് മാറിയപ്പോള്‍ അശ്വനിയേയാണ് ക്യാപ്റ്റന്‍ പാണ്ഡ്യ പന്ത് ഏല്‍പ്പിച്ചത്. വിജയകരമായി ഓവര്‍ പൂര്‍ത്തിയാക്കാനും താരത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ അശ്വിനിയെക്കുറിച്ച് സംസാരിക്കുകയാണ് മുംബൈയുടെ പരിശീലകനായ മഹേല ജയവര്‍ധന.

നിലവില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 99 പന്തുകള്‍ എറിഞ്ഞ് 177 റണ്‍സ് വിട്ടുകൊടുത്ത് ഒമ്പത് വിക്കറ്റാണ് അശ്വനി നേടിയത്. 4/24 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്.

‘അശ്വനി ഒരു മികച്ച പ്രതിഭയാണ്. സീസണില്‍, ഞങ്ങള്‍ നല്‍കിയ എല്ലാ വെല്ലുവിളികളെയും അവന്‍ ആത്മവിശ്വാസത്തോടെ നേരിട്ടു. ആഭ്യന്തര ക്രിക്കറ്റില്‍ അവന്‍ അധികം കളിച്ചിട്ടില്ലെങ്കിലും, കണ്ട നിമിഷം മുതല്‍ അവന്റെ കഴിവ് പ്രകടമായിരുന്നു.

ആശയക്കുഴപ്പം ഒഴിവാക്കാന്‍ ഞങ്ങള്‍ അവനെ ലളിതമായി കൈകാര്യം ചെയ്തു. ബൂം (ബുംറ), ദീപക്, ഹാര്‍ദിക് എന്നിവരില്‍ നിന്ന് അശ്വനിക്ക് ശക്തമായ പിന്തുണ ലഭിച്ചു. സമ്മര്‍ദത്തില്‍ പ്രകടനം നടത്തുക എന്നതാണ് പ്രധാനം, അദ്ദേഹം അത് മികച്ച രീതിയില്‍ ചെയ്തു.

എതിരാളികളെ അടിസ്ഥാനമാക്കി ഞങ്ങള്‍ അദ്ദേഹത്തെ തന്ത്രപരമായി ഉപയോഗിക്കുന്നു, അവന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഒരു തുടക്കം മാത്രമാണ്, അശ്വനിയില്‍ നിന്ന് ഇനിയും ഒരുപാട് കാര്യങ്ങള്‍ വരാനുണ്ട്. അവനെ ശരിയായ രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ ഞങ്ങള്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധരാണ്,’ ജയവര്‍ധന പറഞ്ഞു.

Content Highlight: IPL 2025: Mahela Jajayawardene Praises Ashwani Kumar

We use cookies to give you the best possible experience. Learn more