| Monday, 26th May 2025, 11:19 am

പ്രകടനങ്ങള്‍ എല്ലായ്‌പ്പോഴും മാനദണ്ഡമല്ല, അങ്ങനെയായിരുന്നെങ്കില്‍ ചില കളിക്കാര്‍ 22ാം വയസില്‍ വിരമിക്കണം: ധോണി

സ്പോര്‍ട്സ് ഡെസ്‌ക്

സീസണിലെ അവസാന മത്സരത്തില്‍ വിജയിച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്സ് 2025 ഐ.പി.എല്‍ സീസണിനോട് വിടപറയുന്നത്. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ തട്ടകത്തിലെത്തി പരാജയപ്പെടുത്തിയാണ് ധോണിയും സംഘവും സീസണിനോട് വിട പറഞ്ഞത്.

ഗുജറാത്തിനെതിരെ 83 റണ്‍സിനാണ് ചെന്നൈ വിജയം സ്വന്തമാക്കിയത്. സൂപ്പര്‍ കിങ്സ് ഉയര്‍ത്തിയ 231 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സിന് 147 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. മത്സരത്തിലെ വിജയത്തിന് ശേഷം കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ ധോണിയോട് സംസാരിച്ചിരുന്നു.

വിരമിക്കലിന് തീരുമാനമെടുക്കാന്‍ ഇനിയും നാലഞ്ച് മാസമുണ്ടെന്നും ഒരാളെ വിലയിരുത്താന്‍ പ്രകടനങ്ങള്‍ എല്ലായ്‌പ്പോഴും മാനദണ്ഡമല്ലെന്നും ധോണി പറഞ്ഞു. ടീമിന് വേണ്ടി സംഭാവന ചെയ്യാന്‍ കഴിഞ്ഞില്ലെന്നും എന്നാല്‍ തിരിച്ചുവരാന്‍ കഴിയുമെന്ന് പറയുന്നില്ലെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

‘എനിക്ക് തീരുമാനമെടുക്കാന്‍ നാലഞ്ചു മാസമുണ്ട്. കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ തിരിച്ചുവരവിന് ആവശ്യമാണ്. എന്നിരുന്നാലും ഒരാളെ വിലയിരുത്താന്‍ പ്രകടനങ്ങള്‍ എല്ലായ്‌പ്പോഴും മാനദണ്ഡമല്ല. അങ്ങനെയായിരുന്നെങ്കില്‍, ചില കളിക്കാര്‍ 22ാം വയസില്‍ വിരമിക്കണം. സംഭാവന കൂടുതല്‍ പ്രധാനമാണ്.

എന്നാല്‍ അതില്‍ ഞാന്‍ പൂര്‍ണമായി വിജയിച്ചെന്ന് പറയുന്നില്ല, തിരിച്ചുവരുമെന്നും ഞാന്‍ പറയുന്നില്ല. എനിക്ക് വീട്ടിലേക്ക് മടങ്ങണമെന്നും റാഞ്ചിയില്‍ ബൈക്ക് ഓടിക്കണമെന്നും ആഗ്രഹമുണ്ട്. ഞാന്‍ ഈ കാര്യം തുറന്ന് പറയുമ്പോള്‍ എനിക്ക് ഇനിയും സമയമുണ്ടാകുമെന്ന് തോന്നുന്നു,’ എം.എസ്. ധോണി പറഞ്ഞു.

ബാറ്റിങ്ങില്‍ ഡെവാള്‍ഡ് ബ്രെവിസിന്റെയും ഡെവോണ്‍ കോണ്‍വേയുടെയും അര്‍ധ സെഞ്ച്വറികള്‍ ടീമിനെ മികച്ച സ്‌കോറിലെത്തിച്ചപ്പോള്‍ അന്‍ഷുല്‍ കാംബോജിന്റെയും നൂര്‍ അഹമ്മദിന്റെയും മൂന്ന് വിക്കറ്റ് നേട്ടങ്ങള്‍ ടൈറ്റന്‍സിനെ പരാജയത്തിലേക്ക് തള്ളിവിട്ടു.

ബ്രെവിസ് 23 പന്തില്‍ 57 റണ്‍സ് നേടിയപ്പോള്‍ ഡെവോണ്‍ കോണ്‍വെ 35 പന്തില്‍ 52 റണ്‍സ് നേടി. ബൗളിങ്ങില്‍ അന്‍ഷുല്‍ 2.3 ഓവറില്‍ 13 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് നേടിയത്. നൂര്‍ അഹ്‌മ്മദ് നാല് ഓവറില്‍ 21 റണ്‍സും വഴങ്ങി മൂന്ന് വിക്കറ്റ് നേടി.

Content Highlight: IPL 2025: M.S Dhoni Talking About His Retirement

We use cookies to give you the best possible experience. Learn more