| Wednesday, 9th April 2025, 2:09 pm

എന്തൊക്കെ പറഞ്ഞാലെന്താ ഡെത്ത് ഓവറിലെ വെടിക്കെട്ട് റെക്കോഡില്‍ ഇങ്ങേരെ കഴിച്ചേ വേറെ ആളുള്ളൂ!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ പഞ്ചാബ് കിങ്‌സ് തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. മഹാരാജ യാദവേദ്രാ സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 18 റണ്‍സിനാണ് പഞ്ചാബ് വിജയിച്ചു കയറിയത്.

മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് പഞ്ചാബ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

നിര്‍ണായക ഘട്ടത്തില്‍ ചെന്നൈക്ക് വേണ്ടി അഞ്ചാമനായി ക്രീസിലെത്തിയ എം.എസ്. ധോണി ടീമിനെ വിജയത്തിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും 12 പന്തില്‍ മൂന്ന് സിക്സും ഒരു ഫോറും ഉള്‍പ്പെടെ 27 റണ്‍സ് നേടി പുറത്താകുകയായിരുന്നു. കോണ്‍വെയെ മാറ്റി ധോണിക്ക് കൂട്ടുനിന്ന ജഡേജ ഒമ്പത് റണ്‍സിനും മടങ്ങി. ഡെത്ത് ഓവറില്‍ മികച്ച പ്രകടനം നടത്തിയിട്ടും ടീമിനെ വിജയത്തിലെത്തിക്കാന്‍ ധോണിക്ക് സാധിച്ചില്ല. യാഷ് താക്കൂറിന്റെ പന്തില്‍ യുസ്വേന്ദ്ര ചഹലിന് വിക്കറ്റ് നല്‍കിയാണ് ധോണി മടങ്ങിയത്.

എന്നിരുന്നാലും ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ധോണിക്ക് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലിലെ ഡെത്ത് ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡില്‍ ആധിപത്യം സ്ഥാപിക്കാനാണ് ധോണിക്ക് സാധിച്ചത്.

ഐ.പി.എല്ലിലെ ഡെത്ത് ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം, റണ്‍സ്, സ്‌ട്രൈക്ക് റേറ്റ്

എം.എസ്. ധോണി – 2875 – 189.14

കിറോണ്‍ പൊള്ളാഡ് – 1708 – 181.51

ദിനേശ് കാര്‍ത്തിക് – 1565 – 186.98

രവീന്ദ്ര ജഡേജ – 1476 – 159.57

എ.ബി. ഡിവില്ലിയേഴ്‌സ് – 1421 – 232.57

രോഹിത് ശര്‍മ – 1176 – 196.66

ഹര്‍ദിക് പാണ്ഡ്യ – 1164 – 182.73

വിരാട് കോഹ്‌ലി – 1099 – 200.91

ചെന്നൈക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് ഡെവോണ്‍ കോണ്‍വെയാണ്. 49 പന്തില്‍ നിന്ന് 69 റണ്‍സാണ് താരം നേടിയത്. റിട്ടയേഡ് ഔട്ട് ആവുകയായിരുന്നു താരം. കോണ്‍വേക്ക് പുറമേ ഇംപാക്ട് പ്ലെയറായി വന്ന ശിവം ദുബെ 27 പന്തില്‍ നിന്ന് 42 റണ്‍സ് നേടി. ഓപ്പണര്‍ രചിന്‍ രവീന്ദ്ര 23 പന്തില്‍ നിന്ന് 36 റണ്‍സ് നേടിയാണ് മടങ്ങിയത്.

Content Highlight: IPL 2025: M.S Dhoni In Great Record In IPL Death Overs

Latest Stories

We use cookies to give you the best possible experience. Learn more