| Friday, 16th May 2025, 7:06 am

ക്യാപ്റ്റന് കൊടുത്ത 27 കോടി സ്വാഹ, രണ്ട് മത്സരം കളിച്ച് 11 കോടിക്കാരനും പുറത്ത്; സ്ട്രാറ്റജി തിരിച്ചടിച്ച സീസണില്‍ പകരക്കാരനെ പ്രഖ്യാപിച്ച് ലഖ്‌നൗ

സ്പോര്‍ട്സ് ഡെസ്‌ക്

ഈ സീസണില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരില്‍ പ്രതീക്ഷയര്‍പ്പിച്ച് മുന്നേറാനുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ തന്ത്രം തുടക്കം മുതലേ പാളിയിരുന്നു. താരങ്ങളുടെ പരിക്ക് തന്നെയാണ് സൂപ്പര്‍ ജയന്റ്‌സിന് വെല്ലുവിളി ഉയര്‍ത്തിയത്.

ഒറ്റ മത്സരം പോലും കളിക്കാന്‍ സാധിക്കാതെ മൊഹ്‌സിന്‍ ഖാന്‍ പുറത്താവുകയും ടീം ഷര്‍ദുല്‍ താക്കൂറിനെ പകരക്കാരനായി കൊണ്ടുവരികയും ചെയ്തിരുന്നു. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ആവേശ് ഖാന്‍ പുറത്തിരുന്നെങ്കിലും സീസണ്‍ പുരോഗമിക്കെ താരം മടങ്ങിയെത്തിയിരുന്നു.

പരിക്കേറ്റ യുവതാരം മായങ്ക് യാദവിന്റെ സ്ഥിതിയും മറ്റൊന്നായിരുന്നില്ല. സീസണില്‍ ആരംഭത്തില്‍ പരിക്കിന് പിന്നാലെ വലഞ്ഞ താരം അവസാന ഘട്ടത്തില്‍ ടീമിനൊപ്പമെത്തിയിരുന്നു. എന്നാല്‍ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം മായങ്കിനെ വീണ്ടും പരിക്ക് പിടികൂടിയ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ഇതോടെ തുടര്‍ച്ചയായ രണ്ടാം സീസണും പരിക്കോടെ അവസാനിപ്പിക്കാന്‍ മായങ്ക് നിര്‍ബന്ധിതനായിരിക്കുകയാണ്. 11 കോടി നല്‍കി ടീം നിലനിര്‍ത്തിയ യുവതാരം സീസണില്‍ രണ്ട് മത്സരം മാത്രമാണ് സൂപ്പര്‍ ജയന്റ്‌സിനായി കളിച്ചത്. ഈ രണ്ട് മാച്ചില്‍ നിന്നും രണ്ട് വിക്കറ്റ് നേടുകയും ചെയ്തു.

പ്ലേ ഓഫ് പ്രതീക്ഷകള്‍ പൂര്‍ണമായും അവസാനിക്കാതെ നില്‍ക്കുമ്പോള്‍ വേഗത കൊണ്ട് മാജിക് കാണിച്ച മായങ്ക് യാദവിനെ പോലെ ഒരു താരത്തിന്റെ അഭാവം ടീമിന് തിരിച്ചടിയായേക്കും. ക്യാപ്റ്റന്‍ റിഷബ് പന്ത് അടക്കം മോശം ഫോം തുടരുന്ന സാഹചര്യത്തിലാണ് യാദവും പുറത്തായിരിക്കുന്നത്.

മായങ്ക് യാദവിന് പകരക്കാരനായി സൂപ്പര്‍ ജയന്റ്‌സ് ന്യൂസിലാന്‍ഡ് താരം വില്‍ ഒ റൂര്‍കിനെ പകരക്കാനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

‘പരിക്കേറ്റ മായങ്ക് യാദവിന് പകരക്കാരനായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ന്യൂസിലാന്‍ഡ് പേസര്‍ വില്‍ ഒ റൂര്‍കിനെ ടീമിലെത്തിച്ചുണ്ട്. പുറം ഭാഗത്തിന് പരിക്കേറ്റ മായങ്കിന് ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടപ്പെടും. മൂന്ന് കോടിക്കാണ് വില്‍ ഒ റൂര്‍ക് ടീമിനൊപ്പം ചേരുന്നത്,’ ഐ.പി.എല്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

പി.ടി.ഐയുടെ റിപ്പോര്‍ട്ട് പ്രകാരം മായങ്ക് ഇതിനോടകം തന്നെ ബെംഗളൂരുവിലെ എന്‍.സി.എയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, 11 മത്സരത്തില്‍ നിന്നും അഞ്ച് ജയവും ആറ് തോല്‍വിയുമടക്കം പത്ത് പോയിന്റുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പോയിന്റ് പട്ടികയില്‍ ഏഴാമതാണ്. ഒരു ടീമിനും ഇതുവരെ പ്ലേ ഓഫിലെത്താന്‍ സാധിച്ചിട്ടില്ല എന്നതിനാല്‍ തന്നെ സൂപ്പര്‍ ജയന്റ്‌സിന് മുമ്പിലും വാതിലുകള്‍ തുറന്ന് തന്നെ നില്‍പ്പുണ്ട്.

മെയ് 19നാണ് സൂപ്പര്‍ ജയന്റ്‌സിന്റെ അടുത്ത മത്സരം. ടൂര്‍ണമെന്റില്‍ നിന്നും ഇതിനോടകം തന്നെ പുറത്തായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടായ എകാനയാണ് വേദി.

Content Highlight: IPL 2025: Lucknow Super Giants pacer Mayank Yadav ruled out from the tournament

We use cookies to give you the best possible experience. Learn more