ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുയാണ്. താരങ്ങളുടെ സുരക്ഷയടക്കമുള്ള കാര്യങ്ങള്‍ കണക്കിലെടുത്താണ് ഐ.പി.എല്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ ഐ.പി.എല്‍ പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ടിട്ടില്ലെന്നും ഒരാഴ്ചയ്ക്ക് ശേഷം സ്ഥിതിഗതികള്‍ പരിശോധിച്ച് ടൂര്‍ണമെന്റ് വീണ്ടും പുനരാരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഒരാഴ്ചയോളം ഇനി മത്സരങ്ങളൊന്നും നടക്കില്ല എന്നിരിക്കെ ഇന്നത്തെ (വെള്ളി) റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തിന് ടിക്കറ്റെടുത്ത ആരാധകര്‍ക്ക് പണം തിരികെ നല്‍കാന്‍ സൂപ്പര്‍ ജയന്റ്‌സ് തീരുമാനിച്ചിരിക്കുകയാണ്. ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടായ എകാന സ്‌പോര്‍ട്‌സ് സിറ്റിയിലാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരുന്നത്.
തങ്ങളുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് സൂപ്പര്‍ ജയന്റ്‌സ് ടിക്കറ്റ് റീഫണ്ടിങ്ങിനെ കുറിച്ച് അറിയിച്ചത്.
ഇരു ടീമിനെ സംബന്ധിച്ചും ഈ മത്സരം നിര്‍ണായകമായിരുന്നു. വെള്ളിയാഴ്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ വിജയിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ റോയല്‍ ചലഞ്ചേഴ്‌സിന് പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധിക്കുമായിരുന്നു.
നിലവില്‍ 11 മത്സരത്തില്‍ നിന്നും എട്ട് വിജയവും മൂന്ന് തോല്‍വിയുമായി 16 പോയിന്റാണ് ബെംഗളൂരുവിനുള്ളത്.
പോയിന്റ് പട്ടികയില്‍ ഏഴാമതാണ് സൂപ്പര്‍ ജയന്റ്‌സ്. 11 മത്സരത്തില്‍ നിന്നും അഞ്ച് ജയവും ആറ് തോല്‍വിയുമായി പത്ത് പോയിന്റാണ് റിഷബ് പന്തിനും സംഘത്തിനുമുള്ളത്.
അതേസമയം, ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന മത്സരങ്ങളുടെ ഷെഡ്യൂളും വേദികളും സംബന്ധിച്ച കൂടുതല്‍ അപ്‌ഡേറ്റുകള്‍ അധികാരികളുമായി കൂടിയാലോചിച്ച് സമഗ്രമായ വിലയിരുത്തലിന് ശേഷം യഥാസമയം പ്രഖ്യാപിക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ വ്യക്തമാക്കി.
രാജ്യത്തിന് എല്ലാ വിധ പിന്തുണയും നല്‍കുന്നുവെന്നും രാജ്യത്തിന്റെ പരമാധികാരം, സമഗ്രത, സുരക്ഷ എന്നിവയേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്നും ബി.സി.സി.ഐ വ്യക്തമാക്കി.
Content Highlight: IPL 2025: Lucknow Super Giants announce LSG vs RCB ticket refunds after IPL 2025 suspended for a week