| Monday, 19th May 2025, 11:37 pm

ഉദിച്ചുയര്‍ന്ന് സണ്‍റൈസേഴ്‌സ്, ഐ.പി.എല്ലില്‍ ലഖ്‌നൗ അസ്തമിച്ചു; നേരത്തെ ഇങ്ങനെ കളിച്ചിരുന്നെങ്കില്‍ പ്ലേഓഫ് സ്വപ്‌നം കാണാന്‍ സാധിച്ചേനേ...

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ലെ 61ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടായ എകാനയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്.

ഓപ്പണര്‍മാരുടെ അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ ലഖ്‌നൗ ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം 10 പന്ത് ബാക്കി നില്‍ക്കെ ഓറഞ്ച് ആര്‍മി മറികടന്നു. ഈ തോല്‍വിക്ക് പിന്നാലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പ്ലേ ഓഫ് മോഹങ്ങളും അവസാനിച്ചു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ ജയന്റ്‌സിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ 115 റണ്‍സുമായി ഏയ്ഡന്‍ മര്‍ക്രവും മിച്ചല്‍ മാര്‍ഷും സണ്‍റൈസേഴ്‌സ് ബൗളര്‍മാരെ തെരഞ്ഞുപിടിച്ച് തല്ലി.

39 പന്തില്‍ 65 റണ്‍സ് നേടിയ മാര്‍ഷിനെ മടക്കി ഹര്‍ഷ് ദുബെയാണ് കൂട്ടുകെട്ട് പൊളിച്ചത്. ഇഷാന്‍ മലിംഗയുടെ മികച്ച ക്യാച്ചില്‍ തിരിച്ചുനടക്കുന്നതിന് മുമ്പ് ആറ് ഫോറും നാല് സിക്‌സറും മാര്‍ഷ് അടിച്ചെടുത്തിരുന്നു.

രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റനെ ഒപ്പം കൂട്ടി മറ്റൊരു മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തണമെന്ന് മര്‍ക്രം കണക്കുകൂട്ടിയെങ്കിലും ക്രീസില്‍ ഉറച്ചുനില്‍ക്കാന്‍ റിഷബ് പന്തിന് സാധിച്ചില്ല. ആറ് പന്തില്‍ ഏഴ് റണ്‍സെടുത്ത് ക്യാപ്റ്റന്‍ വന്നതുപോലെ തിരിച്ചുനടന്നു. ഇഷാന്‍ മലിംഗയ്ക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കിയായിരുന്നു പന്തിന്റെ മടക്കം.

നാലാം വിക്കറ്റില്‍ നിക്കോളാസ് പൂരനെത്തിയതോടെ സ്‌കോര്‍ ബോര്‍ഡ് വീണ്ടും ചലിച്ചുതുടങ്ങി. എന്നാല്‍ അധികം വെെകാതെ ഓറഞ്ച് പട ആഗ്രഹിച്ച മർക്രമിന്‍റെ വിക്കറ്റും വീണു.  35 റണ്‍സിന്റെ കൂട്ടുകെട്ട് പൊളിച്ച് ഹര്‍ഷല്‍ പട്ടേല്‍ അടുത്ത ബ്രേക് ത്രൂ സമ്മാനിച്ചു. 38 പന്തില്‍ 61 റണ്‍സുമായാണ് സൗത്ത് ആഫ്രിക്കന്‍ കരുത്തന്‍ തിരികെ നടന്നത്.

പിന്നാലെയെത്തിയവരെ ഒരു വശത്ത് നിര്‍ത്തി നിക്കോളാസ് പൂരന്‍ തന്റെ സ്വതസിദ്ധമായ രീതിയില്‍ സ്‌കോര്‍ ചെയ്തുകൊണ്ടിരുന്നു. അവസാന ഓവറിലെ മൂന്നാം പന്തില്‍ റണ്‍ ഔട്ടായി മടങ്ങും മുമ്പ് 26 പന്തില്‍ 45 റണ്‍സുമായി പൂരന്‍ മടങ്ങി.

ഇന്നിങ്‌സിലെ അവസാന പന്തില്‍ സിക്‌സര്‍ നേടിയ ആകാശ് ദീപ് സ്‌കോര്‍ 200 കടത്തി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ സൂപ്പര്‍ ജയന്റ്‌സ് 205ല്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിനായി അഥര്‍വ തായ്‌ദെയും അഭിഷേക് ശര്‍മയുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ആദ്യ വിക്കറ്റില്‍ കാര്യമായ മാജിക് ഒന്നും തന്നെ പിറന്നില്ല.

രണ്ടാം ഓവറിലെ നാലാം പന്തില്‍ തായ്‌ദെയെ പുറത്താക്കി അരങ്ങേറ്റക്കാരന്‍ വില്‍ ഒ റൂര്‍ക് പോരാട്ടം ആരംഭിച്ചു. ഒമ്പത് പന്തില്‍ 13 റണ്‍സാണ് ഹൈദരാബാദ് ഓപ്പണര്‍ കണ്ടെത്തിയത്.

മൂന്നാമനായി എത്തിയ ഇഷാന്‍ കിഷനെ ഒപ്പം കൂട്ടി അഭിഷേക് ശര്‍മ അതിവേഗം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 18ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് യുവതാരം തിളങ്ങിയത്.

അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി ഉടന്‍ തന്നെ അഭിഷേക് മടങ്ങി. ദിഗ്വേഷ് രാഥിയുടെ പന്തില്‍ ഷര്‍ദുല്‍ താക്കൂറിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം. പുറത്തായി തിരിച്ചുനടക്കവെ രാഥിയുമായി വാക്കുതര്‍ക്കമുണ്ടായെങ്കിലും അമ്പയര്‍മാര്‍ ഇടപെട്ട് രംഗം ശാന്തമാക്കി.

മൂന്നാം വിക്കറ്റില്‍ ക്ലാസന്‍ – കിഷന്‍ മികച്ച കൂട്ടുകെട്ടുമായി മുന്നേറവെ രാഥി വീണ്ടും സൂപ്പര്‍ ജയന്റ്‌സിന് ബ്രേക് ത്രൂ നല്‍കി. രാഥിയെ സ്വിച്ച് ഹിറ്റിന് ശ്രമിച്ച ഇഷാന്‍ കിഷന് പിഴയ്ക്കുകയും ബൗള്‍ഡായി മടങ്ങുകയുമായിരുന്നു. 28 പന്തില്‍ 35 റണ്‍സാണ് ഇഷാന്‍ നേടിയത്.

പിന്നാലെയെത്തിയ കാമിന്ദു മെന്‍ഡിസ് താനൊരു ആംബിഡെക്‌സ്ട്രസ് സ്പിന്നര്‍ മാത്രമല്ല, ഒരു മികച്ച ബാറ്റര്‍ കൂടിയാണെന്ന് വ്യക്തമാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ദിഗ്വേഷ് രാഥിയെ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികള്‍ക്ക് പായിച്ച താരം ഹെന്‌റിക് ക്ലാസനൊപ്പം ഉറച്ചുനിന്ന് ടീമിനെ വിജയത്തിലേക്ക് അടുപ്പിച്ചുകൊണ്ടിരുന്നു.

ടീം സ്‌കോര്‍ 195ല്‍ നില്‍ക്കവെ ക്ലാസനെ സണ്‍റൈസേഴ്‌സിന് നഷ്ടമായിരുന്നു. 28 പന്തില്‍ 47 റണ്‍സുമായാണ് ക്ലാസന്‍ പുറത്തായത്. എന്നാല്‍ തിരിച്ചുനടക്കും മുമ്പ് തന്നെ പ്രോട്ടിയാസ് സൂപ്പര്‍ താരം ടീമിനെ സുരക്ഷിത സ്ഥാനത്തെത്തിച്ചിരുന്നു.

വിജയത്തിന് എട്ട് റണ്‍സകലെ നില്‍ക്കെ കാമിന്ദു മെന്‍ഡിസ് റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങി. 21 പന്തില്‍ 32 റണ്‍സുമായി നില്‍ക്കവെയാണ് താരം തിരിച്ചുനടന്നത്. ഒടുവില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി, എട്ട് പന്ത് ശേഷിക്കെ സണ്‍റൈസേഴ്‌സ് വിജയലക്ഷ്യം മറികടന്നു.

സൂപ്പര്‍ ജയന്റ്‌സിനായി ദിഗ്വേഷ് രാഥി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഷര്‍ദുല്‍ താക്കൂര്‍, വില്‍ ഒ റൂര്‍ക് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Content Highlight: IPL 2025: LSG vs SRH: Sunrisers Hyderabad defatted Lucknow Super Giants, LSG eliminated

We use cookies to give you the best possible experience. Learn more