| Monday, 19th May 2025, 10:31 pm

ധോണിയേക്കാള്‍ മോശം! നാണംകെട്ട ഇരട്ട റെക്കോഡുമായി പന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരിയ തോതിലെങ്കിലും നിലനിര്‍ത്താന്‍ വിജയപ്രതീക്ഷയുമായാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 12ാം മത്സരത്തിനിറങ്ങിയിരിക്കുന്നത്. ഹോം ഗ്രൗണ്ടായ എകാനയില്‍ നടക്കുന്ന മത്സരത്തില്‍ ഇതിനോടകം തന്നെ പുറത്തായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ് എതിരാളികളെ ബാറ്റിങ്ങിനയച്ചു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് ഹോം ടീം സ്വന്തമാക്കിയത്. മിച്ചല്‍ മാര്‍ഷിന്റെയും ഏയ്ഡന്‍ മര്‍ക്രമിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് സൂപ്പര്‍ ജയന്റ്‌സ് മികച്ച സ്‌കോറിലെത്തിയത്.

ക്യാപ്റ്റന്‍ റിഷബ് പന്ത് വീണ്ടും ആരാധകരെ നിരാശരാക്കിയ മത്സരം കൂടിയായിരുന്നു ഇത്. ആറ് പന്ത് നേരിട്ട് വെറും ഏഴ് റണ്‍സുമായി പന്ത് പുറത്തായി. ഇഷാന്‍ മലിംഗയുടെ പന്തില്‍ റിട്ടേണ്‍ ക്യാച്ചായാണ് റിഷബ് പന്ത് പുറത്തായത്.

11 ഇന്നിങ്‌സില്‍ നിന്നും 12.27 ശരാശരിയിലും 100.00 സ്‌ട്രൈക്ക് റേറ്റിലും വെറും 135 റണ്‍സ് മാത്രമാണ് പന്ത് ഇതുവരെ കണ്ടെത്തിയത്. ഏഴ് ഇന്നിങ്‌സുകളില്‍ ഒറ്റയക്കത്തിനാണ് താരം പുറത്തായത്.

0 (6), 15 (15), 2 (5), 2 (6), 21 (18), 63 (49), 3 (9), 0 (2), 4 (2), 18 (17), 7 (6) എന്നിങ്ങനെയാണ് സീസണില്‍ താരത്തിന്റെ പ്രകടനം.

ഇതോടെ പല മോശം റെക്കോഡുകളും പന്തിന്റെ പേരില്‍ കുറിക്കപ്പെട്ടു. ഒരു ഐ.പി.എല്‍ സീസണില്‍ ചുരുങ്ങിയത് പത്ത് ഇന്നിങ്‌സുകള്‍ കളിച്ച ക്യാപ്റ്റന്‍മാരില്‍ ഏറ്റവും മോശം ശരാശരിയുള്ള രണ്ടാമത് ക്യാപ്റ്റനെന്ന മോശം നേട്ടമാണ് ഇതിലൊന്ന്. 2021ലെ ധോണിയെ മറികടന്നുകൊണ്ടാണ് താരം ഈ മോശം റെക്കോഡില്‍ രണ്ടാമതെത്തിയത്.

ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും മോശം ബാറ്റിങ് ശരാശരിയുള്ള ക്യാപ്റ്റന്‍

(താരം – ടീം – ശരാശരി – വര്‍ഷം എന്നീ ക്രമത്തില്‍)

ഒയിന്‍ മോര്‍ഗന്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 11.08 – 2021

റിഷബ് പന്ത് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 12.27 – 2025*

എം.എസ്. ധോണി – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 16.28 – 2021

മായങ്ക് അഗര്‍വാള്‍ – പഞ്ചാബ് കിങ്‌സ് – 17.86 – 2022

സൗരവ് ഗാംഗുലി – പൂനെ വാറിയേഴ്‌സ് ഇന്ത്യ – 17.86 – 2012

ഹര്‍ദിക് പാണ്ഡ്യ – മുംബൈ ഇന്ത്യന്‍സ് – 18.00 – 2024

ഏറ്റവും മോശം ബാറ്റിങ് ശരാശരിയുള്ള ക്യാപ്റ്റന്‍മാരില്‍ രണ്ടാം സ്ഥാനത്താണെങ്കിലും ഒരു സീസണില്‍ ഏറ്റവും മോശം ബാറ്റിങ് ശരാശരിയുള്ള വിക്കറ്റ് കീപ്പര്‍മാരില്‍ ഒന്നാമനാണ് പന്ത്.

ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും മോശം ബാറ്റിങ് ശരാശരിയുള്ള വിക്കറ്റ് കീപ്പര്‍

(താരം – ടീം – ശരാശരി – വര്‍ഷം എന്നീ ക്രമത്തില്‍)

റിഷബ് പന്ത് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 12.27 – 2025*

നമന്‍ ഓജ – ദല്‍ഹി ഡെയര്‍ഡെവിള്‍സ് – 12.30 – 2011

ദിനേഷ് കാര്‍ത്തിക് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 12.72 – 2023

ദിനേഷ് കാര്‍ത്തിക് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 12.81 – 2015

നമന്‍ ഓജ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 13.60 – 2016

27 കോടിയെന്ന ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയുടെ റെക്കോഡോടെ ടീമിലെത്തിയ താരത്തിന് ഇതുവരെ തന്നെ വിശ്വസിച്ച ടീമിനോട് നീതി പുലര്‍ത്താന്‍ സാധിച്ചിട്ടില്ല.

Content Highlight: IPL 2025: LSG vs SRH: Rishabh Pant with several unwanted record

We use cookies to give you the best possible experience. Learn more