| Monday, 19th May 2025, 11:53 am

വാങ്ങിച്ച 27 കോടിയോട് ഇത്തിരി കൂറ് കാണിച്ചൂടെ; മോശം നേട്ടത്തില്‍ രണ്ടാമനായി പന്ത് ഇന്നിറങ്ങും, അതും ജീവന്‍ മരണ പോരാട്ടത്തിന്!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. എകാന ക്രിക്കറ്റ് സ്റ്റേഡിയം ബിയിലാണ് മത്സരം. നിലവില്‍ 11 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും ആറ് തോല്‍വിയും ഉള്‍പ്പെടെ 10 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ലഖ്‌നൗ.

തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ട റിഷബ് പന്തും കൂട്ടരും സീസണില്‍ പുറത്താകലിന്റെ വക്കിലാണ്. അതിനാല്‍ ഹൈദരാബാദിനെതിരെ ഇന്നത്തെ മത്സരം ലഖ്‌നൗവിന് ഏറെ നിര്‍ണായകമാണ്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഹൈദരാബാദിനെതിരെ വിജയത്തില്‍ കുറഞ്ഞതൊന്നും ലഖ്‌നൗ ലക്ഷ്യം വെക്കുന്നില്ല.

എന്നാല്‍ ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മോശം പ്രകടനമാണ് ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിച്ച പന്ത് കാഴ്ചവെക്കുന്നത്. 27.5 കോടി ലഭിച്ച പന്ത് അതിനനുസരിച്ചുള്ള പ്രകടനം കാഴ്ചവെക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്.

സീസണില്‍ 11 മത്സരങ്ങളില്‍ നിന്ന് 128 റണ്‍സ് മാത്രമാണ് റിഷബ് ലഖ്‌നൗവിന് വേണ്ടി നേടിക്കൊടുത്തത്. 63 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ മാറ്റിനിര്‍ത്തിയാല്‍ മറ്റൊന്നും പന്തിന്റെ കയ്യിലില്ല. 12.80 എന്ന ആവറേജും 99.22 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്.

മാത്രമല്ല ഏറെ നിര്‍ണായകമായ മത്സരത്തിന് പന്ത് ഇന്ന് ഇറങ്ങുന്നത് ഒരു മോശം നേട്ടം സ്വന്തമാക്കിയാണ്. ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും മോശം ആവറേജ് സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാകാനാണ് പന്തിന് സാധിധിച്ചത്. ഈ നേട്ടത്തില്‍ മുന്നിലുള്ളത് ഇയോണ്‍ മോര്‍ഗനാണ്.

ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും മോശം ആവറേജ് സ്വന്തമാക്കുന്ന താരം, ആവറേജ്, വര്‍ഷം

ഇയോണ്‍ മോര്‍ഗണ്‍ – 11.1 – 2021

റിഷബ് പന്ത് – 12.8 – 2025*

എം.എസ്. ധോണി – 16.29 – 2021

മായങ്ക് അഗര്‍വാള്‍ – 16.3 – 2022

മാത്രമല്ല സീസണില്‍ ആറ് തവണയാണ് പന്ത് സിംഗിള്‍ ഡിജിറ്റ് സ്‌കോറില്‍ പുറത്തായത്. ഇതോടെ പന്തിന്റെ ഏറ്റവും മോശം സീസണില്‍ ഒന്നായി മാറിയിരിക്കുകയാണ് 2025. എന്നിരുന്നാലും നിര്‍ണായക മത്സരത്തില്‍ ഹൈദരാബാദിനെ മികച്ച മാര്‍ജിനില്‍ ലഖ്‌നൗ പരാജയപ്പെടുത്തുമെന്നും പന്ത് മിന്നും പ്രകടനം കാഴ്ചവെക്കുമെന്നുമാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: IPL 2025: LSG VS SRH: Rishabh Pant  Have Unwanted Record In IPL 2025

We use cookies to give you the best possible experience. Learn more