| Tuesday, 20th May 2025, 8:20 am

മത്സരത്തില്‍ ഇങ്ങനെയൊരു സംഭവം ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്: മുഹമ്മദ് കൈഫ്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം നടന്ന (തിങ്കള്‍) ഐ.പി.എല്‍ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് പരാജയപ്പെടുത്തിയിരുന്നു. ലഖ്നൗവിന്റെ ഹോം ഗ്രൗണ്ടായ എകാനയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് സണ്‍റൈസേഴ്സ് സ്വന്തമാക്കിയത്.

ഓപ്പണിങ് ഇറങ്ങിയ മിച്ചല്‍ മാര്‍ഷിന്റെയും എയ്ഡന്‍ മാര്‍ക്രമിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ ലഖ്നൗ ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം 10 പന്ത് ബാക്കി നില്‍ക്കെ ഹൈദരാബാദ് മറികടക്കുകയായിരുന്നു. ഈ തോല്‍വിക്ക് പിന്നാലെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ പ്ലേ ഓഫ് മോഹങ്ങളും അവസാനിച്ചു.

എന്നാല്‍ മത്സരത്തില്‍ ഏറെ ശ്രദ്ധേയമായത് ഹൈദരാബാദ് ബാറ്റിങ്ങില്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റും തുടര്‍ന്ന് നടന്ന നാടകീയ രംഗങ്ങളുമാണ്. ലഖ്‌നൗവിന്റെ ഏഴാം ഓവറിനെത്തിയ ദിഗ്‌വേശ് സിങ്ങിന്റ മൂന്നാം പന്തില്‍ അഭിഷേക് പുറത്തായിരുന്നു. 20 പന്തില്‍ ആറ് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 59 റണ്‍സിനാണ് താരം കൂടാരം കയറിയത്.

എന്നാല്‍ അഭിഷേകിനെ ശര്‍ദുല്‍ താക്കൂറിന്റെ കയ്യിലെത്തിച്ച് ദിഗ്‌വേശ് നടത്തിയ സിഗ്‌നേച്ചര്‍ സെലിബ്രേഷനില്‍ രോഷാകുലനായ അഭിഷേകിനേയും എതിര്‍ത്ത് നിര്‍ക്കുന്ന ദിഗ്‌വേശിനെയും കണ്ടിരുന്നു. മത്സര ശേഷം ഇരുവരും ഒന്നിച്ചെങ്കിലും സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

‘മത്സരത്തില്‍ ഇങ്ങനെയൊരു സംഭവം ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്. അഭിഷേക് ശര്‍മ ‘ഞാന്‍ നിങ്ങളുടെ മുടിയില്‍ പിടിക്കും’ എന്ന് പറയുന്നതായി തോന്നുന്നു. അഭിഷേക് ശാന്തനാകുന്നത് ഞാന്‍ കണ്ടിട്ടില്ല. അഭിഷേക് ഒരു ആക്രമണ ബാറ്ററാണ്, പക്ഷേ സ്വഭാവത്താല്‍ അങ്ങനെയല്ലായിരുന്നു. സെഞ്ച്വറി നേടിയ ശേഷം തന്റെ സന്ദേശം അറിയിക്കാന്‍ അദ്ദേഹം ഒരു പേപ്പര്‍ പുറത്തെടുക്കാറുണ്ട്.

ദിഗ്‌വേശിന്റെ സിഗ്‌നേച്ചര്‍ ശൈലി ബാറ്റര്‍മാര്‍ക്ക് ഇഷ്ടമല്ല. അമ്പതിലധികം സ്‌കോര്‍ നേടാന്‍ സാധിക്കാത്തതില്‍ അഭിഷേകിന് വിഷമം ഉണ്ടായിരുന്നു. പക്ഷേ ആ സമയത്ത് ദിഗ്‌വേശ് അഭിഷേകിനെതിരെ അഗ്രസീവായി പെരുമാറാന്‍ ശ്രമിച്ചു. എന്നിരുന്നാലും, മത്സരത്തിനുശേഷം ഇരുവരും ഒരുമിച്ചത് കണ്ടതില്‍ സന്തോഷം തോന്നി,’ മുഹമ്മദ് കൈഫ് പറഞ്ഞു.

Content Highlight: IPL 2025: LSG VS SRH: Muhammad Kaif Talking About Abhishek Sharma And Digvesh Singh Fight

We use cookies to give you the best possible experience. Learn more