| Tuesday, 20th May 2025, 2:17 pm

അമ്പോമ്പോ! ഇങ്ങനെയൊന്ന് ഐ.പി.എല്ലിലാദ്യം; ചരിത്രം കുറിച്ച് ലഖ്നൗവിന്റെ 'വിദേശികള്‍'

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ല്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ലഖ്നൗ സൂപ്പര്‍ ജയന്റസിനെതിര വിജയം സ്വന്തമാക്കിയിരുന്നു. ഹൈദരാബാദ് ആറ് വിക്കറ്റിന്റെ ജയമാണ് പത്ത് പന്തുകള്‍ ബാക്കി നില്‍ക്കെ നേടിയെടുത്തത്.

ലഖ്നൗ ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 18.2 ഓവറില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് എടുത്തിരുന്നു. ലഖ്നൗവിന്റെ വിദേശ താരങ്ങളായ മിച്ചല്‍ മാര്‍ഷ്, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പൂരന്‍ എന്നിവരുടെ പ്രകടനങ്ങളാണ് ടീമിനെ മികച്ച സ്‌കോറില്‍ എത്തിച്ചത്.

മത്സരത്തില്‍ മാര്‍ഷ് 39 പന്തില്‍ നാല് സിക്സും ആറ് ഫോറും അടക്കം 65 റണ്‍സെടുത്തപ്പോള്‍ മാര്‍ക്രം 38 പന്തില്‍ നിന്ന് നാല് വീതം സിക്സും ഫോറും അടിച്ച് 61 റണ്‍സാണ് നേടിയത്. നാലാമനായി ഇറങ്ങിയ പൂരന്‍ 26 പന്തില്‍ നിന്ന് 45 റണ്‍സും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു.

ഹൈദരാബാദിനെതിരെയുള്ള പ്രകടനത്തോടെ മൂവരും ഈ സീസണില്‍ നേടുന്ന ആകെ റണ്‍സ് 400 ന് മുകളില്‍ എത്തിക്കാനായി. സീസണില്‍ ഇതുവരെ പൂരന് 455 റണ്‍സും മാര്‍ഷിന് 443 റണ്‍സും മാര്‍ക്രമിന് 409 റണ്‍സുമാണുള്ളത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും മൂവരും സ്വന്തമാക്കി. ഒരു സീസണില്‍ ഒരേ ടീമിലെ മൂന്ന് വിദേശ താരങ്ങള്‍ 400+ റണ്‍സ് അടിച്ചെടുക്കുകയെന്ന അപൂര്‍വ നേട്ടമാണ് ലഖ്നൗവിന്റെ ‘വിദേശികള്‍’ സ്വന്തം പേരില്‍ കുറിച്ചത്. ഇത് ഐ.പി.എല്‍ ചരിത്രത്തില്‍ തന്നെ ആദ്യമാണ്.

സീസണിലുടനീളം മിന്നും പ്രകടനങ്ങള്‍ നടത്തിയാണ് മാര്‍ഷും മാര്‍ക്രമും പൂരനും ഈ നേട്ടത്തിലെത്തിയത്. പതിനെട്ടാം സീസണില്‍ ലഖ്നൗവിന്റെ സ്‌കോറിങ്ങില്‍ മൂന്ന് പേരും നിര്‍ണായക സാന്നിധ്യമായിരുന്നു.

Content Highlight: IPL 2025:  LSG vs SRH: Mitchell Marsh, Aiden  Markram, and Nicholas Pooran become first  foreign pairs to score to 400+ score in a  single IPL season

We use cookies to give you the best possible experience. Learn more